തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കോണ്‍ഗ്രസില്‍ ചേരിപ്പോര്. സംഗമം ബഹിഷ്‌കരിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായം തിരുത്തിയത് രമേശ് ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞതിനു ശേഷം വ്യക്തമായ മറുപടി നല്‍കാമെന്ന് വി.ഡി സതീശന്‍ അറിയിച്ചത് രമേശ് ചെന്നിത്തലയുടെ നിര്‍ബന്ധം കൊണ്ടാണ്. അയ്യപ്പ സംഗമത്തില്‍ രമേശ് ചെന്നിത്തല അയഞ്ഞ നിലപാട് കൈക്കൊണ്ടത് എന്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്താല്‍. വര്‍ഷങ്ങളുടെ പിണക്കം വെടിഞ്ഞ് എന്‍.എസ്.എസ് ക്യാമ്പിലെത്തിയ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് വിവിധ മുന്നണികള്‍ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും യു.ഡി.എഫ് യാതൊന്നും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ച യു.ഡി.എഫ് യോഗം ചേര്‍ന്ന് അഭിപ്രായം പറയുമെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചത്. എന്നാല്‍, യോഗത്തില്‍ രമേശ് ചെന്നിത്തല അനുകൂല നിലപാട് കൈക്കൊള്ളണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്. ആസന്നമായ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് വിശ്വാസികളെ പിണക്കരുതെന്നും എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും അഭിപ്രായങ്ങള്‍ കൂടി വിലയ്‌ക്കെടുക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പ് ചൂണ്ടിക്കാണിച്ച് ബഹിഷ്‌കരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമായിരുന്നു വി.ഡി സതീശന്റേത്. യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പ്രവര്‍ത്തകരെന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ 'തന്ത്രപരമായ' നിലപാട് കൈക്കൊള്ളാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് യു.ഡി.എഫിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ നയം വ്യക്തമാക്കാമെന്ന അറിയിപ്പിലേക്ക് മുന്നണി എത്തിയത്. എല്‍.ഡി.എഫിന്റേത് രാഷ്ട്രീയ കാപട്യമാണെന്ന ഒരു പൊതു പ്രസ്താവന മാത്രം നടത്തിയശേഷം ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവും മുന്നണി കണ്‍വീനറും തടി തപ്പുകയായിരുന്നു. അയ്യപ്പ സംഗമത്തിന് പങ്കെടുക്കാന്‍ എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനും തീരുമാനിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കരുതെന്ന തങ്ങളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചതിനെ എന്‍എസ്എസ് സ്വാാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെ എസ്എന്‍ഡിപിയും സംഗമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

2013 ല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ താക്കോല്‍ സ്ഥാന പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതോടെയാണ് പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും രമേശ് ചെന്നിത്തല തെറിച്ചത്. കടുത്ത വിമര്‍ശനം ഉന്നയിച്ചില്ലെങ്കിലും അന്ന് മുതല്‍ ചെന്നിത്തലയെ സുകുമാരന്‍ നായര്‍ എന്‍എസ്എസ് ആസ്ഥാനത്തിന്റെ പടിക്ക് പുറത്തു നിര്‍ത്തുകയായിരുന്നു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എന്‍എസ്എസ് ആസ്ഥാനത്ത് കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍, 12 വര്‍ഷം നീണ്ട പിണക്കം മറന്ന് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.

2011 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നടന്ന എന്‍എസ്എസ് പൊതുയോഗത്തില്‍ സുകുമാരന്‍ നായരുടെ താക്കോല്‍ സ്ഥാന പരാമര്‍ശം വന്നതിന് പിന്നാലെ ചെന്നിത്തല ആഭ്യന്തരമന്ത്രിയായി. ഇതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. വെറുമൊരു നായര്‍ നേതാവായി തന്നെ ചിത്രീകരിച്ചതോടെ ചെന്നിത്തല സുകുമാരന്‍ നായരെ തളളിപ്പറഞ്ഞു. അന്ന് തുടങ്ങിയ അകല്‍ച്ചയും പിണക്കവുമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതോടെയാണ് സുകുമാരന്‍ നായര്‍ അയഞ്ഞു തുടങ്ങിയത്. എന്‍എസ്എസുമായി നല്ല ബന്ധമുള്ള നേതാവല്ല വി.ഡി സതീശന്‍. ആഗോള അയ്യപ്പ സംഗമത്തിനെ അനുകൂലിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വി.ഡി സതീശനുമായി നല്ല ബന്ധത്തിലല്ല.