കൊച്ചി: ഗോകുലം ഗ്രൂപ്പിലെ റെയ്ഡില്‍, ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചുവെന്ന് കണ്ടെത്തിയതോടെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍ നിന്ന് പണമായും ചെക്കായും തുക വാങ്ങി. പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമെന്നും, ഒന്നരക്കോടി രൂപയും ഫെമ ചട്ടലംഘനത്തിന്റെ തെളിവുകളും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലാതായിരിക്കുന്നു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സിനിമാ നിര്‍മ്മാണത്തെയും ഇഡി റെയ്ഡ് ബാധിക്കുമെന്നാണ് സൂചന.

ഗോകുലം ഗോപാലന് സിനിമ രംഗത്ത് വിപുലമായ ബന്ധങ്ങളാണുള്ളത്. മെഗാതാരങ്ങള്‍ അടക്കം എല്ലാവരുമായും നല്ല ബന്ധം. ആശിര്‍വാദ് സിനിമാസുമായുളള തര്‍ക്കത്തിന്റെ പേരില്‍ എമ്പുരാന്‍ സിനിമയില്‍ നിന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറിയപ്പോള്‍, മോഹന്‍ലാലിന്റെ കോളില്‍, 100 കോടി മുതല്‍മുടക്കി രക്ഷകനായി മാറിയത് ഗോകുലം ഗോപാലനാണ്. വിവാദങ്ങളുടെ അകമ്പടിയോടെ എങ്കിലും എമ്പുരാന്‍ മെഗാഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍, ഗോകുലം ഗ്രൂപ്പിലെ ഇപ്പോഴത്തെ ഇഡി റെയ്ഡ് ഏറ്റവും കൂടുതല്‍ പണിയായിരിക്കുന്നത് ഗോകുലം ഗോപാലനോ, എമ്പുരാന്‍ ടീമിനോ അല്ല കേന്ദ്ര മന്ത്രി, സാക്ഷാല്‍ സുരേഷ് ഗോപിക്കാണ്.

മലയാള സിനിമയില്‍, മോഹന്‍ലാലും, മമ്മൂട്ടിയും കഴിഞ്ഞാല്‍, മൂന്നാമത്തെ സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപിക്ക് ഗോകുലം റെയ്‌ഡോടെ പണി കിട്ടിയിരിക്കുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒറ്റക്കൊമ്പന്‍ സിനിമ നേരത്തെ നിശ്ചയിക്കപ്പെട്ട സിനിമയാണ്. മധ്യതിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്റെ ജീവിത കഥയാണ് ഒറ്റക്കൊമ്പന്‍ പറയുന്നത്. പലകാരണങ്ങളാല്‍ സുരേഷ് ഗോപി സിനിമ മുടങ്ങി പോയി. അതിനുശേഷമാണ് ഇതേ വിഷയത്തില്‍ പൃഥ്വിരാജിന്റെ 'കടുവ' ഇറങ്ങുന്നത്. ഒറ്റക്കൊമ്പന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് സുരേഷ് ഗോപി താടി വളര്‍ത്തിയത്. പിന്നീട് സിനിമ നീണ്ടുപോയതോടെ സുരേഷ് ഗോപി താടിയെടുക്കുകയും ചെയ്തു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2024 ഡിസംബര്‍ 27-ന് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചിരുന്നു.


അപേക്ഷ ചവറ്റുകൊട്ടയില്‍ ഇട്ട് അമിത്ഷാ

കേന്ദ്രമന്ത്രിയായപ്പോള്‍, സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി ആദ്യം അമിത്ഷായുടെ അനുമതി തേടിയെങ്കിലും ആ അപേക്ഷ അദ്ദേഹം വലിച്ചുകീറി ചവറ്റുകുട്ടയില്‍ ഇടുകയാണ് ഉണ്ടായത്. എന്നാല്‍, പിന്നീട് ഒരു സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം കൊടുത്തു. നേരത്തെ അഡ്വാന്‍സ് വാങ്ങിയ ചിത്രമാണെന്നും ഒഴിയാന്‍ പറ്റില്ലെന്നും ആവര്‍ത്തിച്ച് അപേക്ഷിച്ചപ്പോള്‍ ഒറ്റക്കൊമ്പനില്‍ അഭിനയിക്കാന്‍ അമിത്ഷാ അനുമതി കൊടുക്കുകയായിരുന്നു.

പാര്‍ലമെന്റ് സമ്മേളനം കൂടുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്ന ഉപാധിയോടെയായിരുന്നു അനുമതി. മന്ത്രി എന്ന നിലയിലുളള സേവനത്തിന് ഒരു കുറവും വരുത്തരുതെന്നും, പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്നും അമിത്ഷാ നിഷ്‌ക്കര്‍ഷിച്ചു. അതിനിടയില്‍ കുറച്ചുകുറച്ചായി സിനിമ ചിത്രീകരിക്കാമെന്നായിരുന്നു ധാരണ. അതനുസരിച്ച് ഈയാഴ്ച ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് പാലായില്‍ പുനരാരംഭിക്കേണ്ടതാണ്.

വീണ്ടും ഷൂട്ടിങ് മുടങ്ങി

പാര്‍ലമെന്റ് പിരിഞ്ഞതോടെ സുരേഷ് ഗോപി നാട്ടിലെത്തുകയും ചെയ്തു. പാലായിലെ കുരിശുപള്ളിയിലാണ് ഒറ്റക്കൊമ്പന്റെ ഔദ്യോഗിക തുടക്കം. അരമനയുടെ അനുമതി അടക്കം നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി സുരേഷ് ഗോപി പാലായിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഒറ്റക്കൊമ്പന്റെ ക്രൂ മൊത്തം പാലായില്‍ എത്തി തമ്പടിക്കുകയും ചെയ്തു. അപ്പോഴാണ് ഇടിത്തീ പോലെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ വീട്ടിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടന്നത്.

ഇഡി റെയ്‌ഡോടെ, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പണം മുടക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആരോപണം ഉയരും. അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന ആരോപണവും ഉയരാനിടയുണ്ട്. അതുകൊണ്ട് ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്തി വയ്ക്കാനും ഒരുപക്ഷേ സിനിമ തന്നെ ഇല്ലാതാകാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

ഇഡി-ആദായനികുതി റഡാറില്‍ പെടുകയും, എമ്പുരാന്‍ സിനിമാ നിര്‍മ്മാതാവെന്ന നിലയില്‍ സംഘപരിവാറിന്റെ അപ്രീതിക്ക് പാത്രമാകുകയും ചെയ്ത ഗോകുലം ഗോപാലന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ഉചിതമാവില്ലെന്ന് ചില കേന്ദ്രങ്ങള്‍ സുരേഷ് ഗോപിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. സുരേഷ് ഗോപി ഷൂട്ടിങ് വേണ്ടെന്ന് വയ്ക്കാന്‍ പോകുന്നു എന്നാണ് മറുനാടന് കിട്ടിയ സൂചന. ഇതോടെ ഒറ്റക്കൊമ്പന്റെ ക്രൂ മടങ്ങിയിരിക്കുകയാണ്. സുരേഷ് ഗോപി തല്‍ക്കാലം സിനിമയില്‍ സഹകരിക്കാന്‍ സാധ്യത കുറവാണ്. ഷൂട്ടിങ് മുടങ്ങിയതിന് അപ്പുറം ഒറ്റക്കൊമ്പനില്‍ തുടര്‍ന്ന് അഭിനയിക്കാനുള്ള സുരേഷ് ഗോപിയുടെ ആഗ്രഹം നടന്നെന്നും വരില്ല. സിനിമാ മേഖലയില്‍ ഇതുവലിയ തിരിച്ചടിയായി മാറുമെന്നാണ് സൂചന.