കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച കുടുംബത്തിന് തിരിച്ചടി. പോലീസ് നടപടികളില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കുടുംബത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് സി എസ് ഡയസാണ് കേസ് പരിഗണിച്ചത്.

ഗോപന്‍ സ്വാമി മരിച്ചെന്ന് പറയുന്നു, എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. എങ്ങനെ മരിച്ചെന്ന് കുടുംബം വിശദീകരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു. നിലവിലെ പോലീസ് അന്വേഷണത്തില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യം ഇല്ലെന്ന് കോടതി പറഞ്ഞു. സംശയാസ്പദ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലീസിന് നടപടികളുമായി മുന്നോട്ടു പോകാം.

അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധി പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോപന്‍ സ്വാമിയുടെ സമാധി വിവരം പോസ്റ്റര്‍ പതിപ്പിച്ചു കൊണ്ട് പുറം ലോകത്തെ അറിയിക്കുന്നത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികള്‍ അടക്കം അറിഞ്ഞത്. തുടര്‍ന്ന് ദുരൂഹത ഉയര്‍ത്തി നാട്ടുകാര്‍ രംഗത്തെത്തി.

സമാധി സീല്‍ ചെയ്ത നെയ്യാറ്റിന്‍കര പൊലീസ്, കലക്ടറോട് സമാധി പൊളിക്കാന്‍ വേണ്ട ഉത്തരവിന് വേണ്ടി അപേക്ഷ നല്‍കി. അതേസമയം സമീപവാസിയായ വിശ്വംഭരനും ഗോപന്‍ സ്വാമിയെ കാണാനില്ല എന്ന മിസിങ് കേസ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച (ജനുവരി 13) രാവിലെ അസിസ്റ്റന്റ് കലക്ടര്‍ ആല്‍ഫ്രഡ് ഐഎഎസ് സ്ഥലത്ത് എത്തി സമാധി പൊളിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

എന്നാല്‍ തങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒരു മുന്നറിയിപ്പോ, കത്തോ നല്‍കാതെ താങ്കളുടെ അച്ഛന്റെ സമാധി പൊളിക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് മക്കള്‍ ആരോപിച്ചു. ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയത്. ഏതാനും ഹൈന്ദവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടുകൂടി സ്ഥിതിഗതികള്‍ വഷളായി. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ കാരണം പൊലീസിന് പിന്നോട്ട് പോകേണ്ടി വന്നു.

സമാധിയിലൂടെ വിവാദമായ അതിയന്നൂര്‍ കാവുവിളാകത്ത് ഗോപന്‍സ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായിട്ടായിരുന്നു. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ആത്മീയതയുടെ വഴിയിലായതോടെയാണ് ക്ഷേത്രം നിര്‍മിച്ച് പൂജ തുടങ്ങിയത്. ഗോപന്‍സ്വാമി സമാധിയിരിക്കാനായി അഞ്ചുവര്‍ഷം മുന്‍പാണ് പദ്മപീഠം നിര്‍മിച്ചത്. ഗോപന്‍സ്വാമിയാകുന്നതിനു മുന്‍പ് മണിയനെന്ന പേരായിരുന്നു. പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് നെയ്ത്തുതൊഴില്‍ ചെയ്തത്. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു.

ആറാലുംമൂട്ടില്‍ ബി.എം.എസ്. യൂണിയനിലായിരുന്നു. നേരത്തേ എ.ഐ.ടി.യു.സി. യൂണിയനിലായിരുന്നു. ആറാലുംമൂട് ചന്തയ്ക്കു സമീപമായിരുന്നു താമസിച്ചിരുന്നത്. ഇരുപത് വര്‍ഷത്തിനു മുന്‍പാണ് കാവുവിളയില്‍ സ്ഥലം വാങ്ങി വീടുവെച്ച് താമസമാക്കിയത്. പിന്നീട് വീടിനോടുചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മിച്ചത്. ക്ഷേത്രത്തിനു പുറത്തായി അഞ്ച് വര്‍ഷം മുന്‍പ് സമാധിപീഠവും ഒരുക്കിയിരുന്നു.

ഗോപന്‍സ്വാമിയുടെ മൂത്ത മകന്‍ നേരത്തേ മരിച്ചു. പിന്നെയുള്ള രണ്ട് ആണ്‍മക്കളില്‍ ഇളയവനായ രാജശേഖരന്‍ അച്ഛനൊപ്പം പൂജകളില്‍ പങ്കാളിയായി. രക്താധിസമ്മര്‍ദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപന്‍സ്വാമി തുടര്‍ന്നത്. ഏതാനും മാസങ്ങളായി ഗോപന്‍സ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായിരുന്നു. സമാധിയാകുന്നതിന് മൂന്നുദിവസം മുന്‍പ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയിരുന്നു. അച്ഛന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞു.