തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ക്കെതിരെ നിയമ പോരാട്ടത്തിന് സര്‍വ്വകലാശാലാ ഫണ്ടു ഉപയോഗിക്കാമോ? ഈ വിഷയത്തില്‍ രാജ്ഭവന്‍ വ്യക്തമായ നിയമോപദേശം തേടാനുള്ള നീക്കത്തിലാണ്. വി.സി.മാര്‍ സ്വന്തംചെലവില്‍ കേസു നടത്തണമെന്ന ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സര്‍വകലാശാലകള്‍. സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിസിമാരുടേതാണ് നീക്കം. ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ സര്‍വകലാശാലാ ഫണ്ട് ഉപയോഗിച്ച് വി.സി.മാര്‍ കേസുനടത്തുന്നതാണ് പ്രശ്‌നം. ഇതുവരെ ചെലവഴിച്ച 1.13 കോടി വി.സി.മാര്‍ തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഇതിനെയും സര്‍വകലാശാലകള്‍ ചോദ്യം ചെയ്യും. കേരള സര്‍ക്കാരും വിസിമാരെ പിന്തുണയ്ക്കും.

മുഖ്യമന്ത്രിക്കെതിരെ നിയമ പോരാട്ടത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് രാജ് ഭവനുള്ളത്. സര്‍ക്കാരുമായി പല ഔദ്യോഗിക വിഷയങ്ങളിലും ജീവനക്കാര്‍ നിയമ യുദ്ധം നടത്താറുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതാണ് രാജ്ഭവനും ചര്‍ച്ചയാക്കുന്നത്. സര്‍വകലാശാലാ വിഷയങ്ങളില്‍ കേന്ദ്ര യു.ജി.സി. ചട്ടമാണോ സംസ്ഥാനനിയമമാണോ പ്രധാനമെന്ന തര്‍ക്കം വീണ്ടും ചൂടുപിടിക്കുകയും ചെയ്യുന്നു. സാങ്കേതിക സര്‍വകലാശാല(കെ.ടി.യു.)യില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാരും സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചതോടെയാണിത്. ഗവര്‍ണറും ഈയിടെ സ്വന്തംനിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

കെ.ടി.യുവിനുപുറമേ, കേരള, എം.ജി., കുഫോസ്, കാര്‍ഷികം, മലയാളം സര്‍വകലാശാലകളിലും വി.സി.മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കി. ഇതു ചോദ്യംചെയ്യുമെന്ന് വി.സി. നിയമനം ആവശ്യപ്പെട്ട് ഡോ. മേരി ജോര്‍ജ് നല്‍കിയ കേസ് പരിഗണിക്കവേ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ്, വെള്ളിയാഴ്ച കെ.ടി.യു.വില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ പ്രതിസന്ധിയുണ്ടായാല്‍ ഇടപെടാനുള്ള അവകാശമുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

'ഭരണഘടനയുടെ 162-ാം അനുച്ഛേദമനുസരിച്ചുള്ള ഭരണനിര്‍വഹണാധികാരം ഉപയോഗിച്ച് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നു' എന്നാണ് കെ.ടി.യു.വിനായി പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശം. അതേസമയം, സര്‍വകലാശാലകളുടെ നിയമനാധികാരം ചാന്‍സലറെന്നനിലയില്‍ തനിക്കാണെന്നും കണ്ണൂര്‍ വി.സി. നിയമനക്കേസിലും മറ്റും സുപ്രീംകോടതി അത് ശരിവെച്ചിട്ടുണ്ടെന്നുമാണ് ഗവര്‍ണറുടെ വാദം. ഇങ്ങനെ ഏറ്റുമുട്ടല്‍ ശക്തമാകുകയാണ്. കെ.ടി.യു.വിനുപുറമേ, മറ്റു സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്വന്തംനിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇരുപക്ഷവും സെര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ടുനീങ്ങിയാല്‍ വി.സി. നിയമനം വീണ്ടും പ്രതിസന്ധിയിലാകും. കാലിക്കറ്റ് വി.സി. കഴിഞ്ഞദിവസം വിരമിച്ചതോടെ, സംസ്ഥാനത്ത് സ്ഥിരം വി.സി.യുള്ളത് ആരോഗ്യ സര്‍വകലാശാലയില്‍ മാത്രം.

സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാരോ മന്ത്രിയോ ഇടപെടരുത് എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണു സംസ്ഥാന സര്‍ക്കാര്‍ പുതിയ സേര്‍ച് കമ്മിറ്റിക്കു രൂപം നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയില്‍ ഏറെക്കാലമായി വിസി നിയമനം നടക്കാത്തതിനാല്‍ 2018 ലെ യുജിസി ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്താനാണു സര്‍ക്കാര്‍ നീക്കം.