- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ദുരന്തം: ഉദ്യോഗസ്ഥര്‍ മാത്രമല്ല ശാസ്ത്രജ്ഞരും ഒന്നും മാധ്യമങ്ങളോട് മിണ്ടരുത്; പഠന റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവ്
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ മാത്രമല്ല ശാസ്ത്രജ്ഞരും ഒന്നും മാധ്യമങ്ങളോട് മിണ്ടരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. റവന്യു-ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീറിന് ഉത്തരവ് അയച്ചത്.
ദുരന്ത ബാധിത മേഖലയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലേക്ക് സംസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ ഫീല്‍ഡ് വിസിറ്റ് നടത്തരുതെന്ന് നിര്‍ദ്ദേശിക്കണം. മാധ്യമങ്ങളുമായി ശാസ്ത്രജ്ഞര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ടുകളോ, അഭിപ്രായങ്ങളോ പങ്കുവയ്ക്കരുത്. ദുരന്ത ബാധിത മേഖലയില്‍ എന്തെങ്കിലും പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. പഠന റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നതിന് എന്തിന് വിലക്കേര്‍പ്പെടുത്തണമെന്ന ചോദ്യം ഉയരുന്നുണ്ട്. ദുരന്തത്തിന്റെ ശാസ്ത്രീയമായ കാരണങ്ങള്‍ വിലയിരുത്താന്‍ പഠന റിപ്പോര്‍ട്ടുകള്‍ അനിവാര്യമല്ലേ എന്നും ചോദ്യം ഉയരുന്നു.
ഉരുള്‍പൊട്ടലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചീഫ് സെക്രട്ടറി വി വേണു വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്‍ദേശമെന്നാണ് വാര്‍ത്ത.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് കമാന്‍ഡറിനും ജില്ലാ കളക്ടര്‍ക്കും മാത്രമേ പ്രാദേശിക മാധ്യമ സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവാദമുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 'മറ്റൊരു ഉദ്യോഗസ്ഥനും മാധ്യമങ്ങളുമായി സംവദിക്കുകയോ വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുത്' എന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. അതേസമയം ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാറിനെ എത്തിച്ചത് എന്തു കാരണം കൊണ്ടെന്ന് വ്യക്തമല്ല.
ഇത്രയും വിപുലമായ രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ എന്തിനാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സുതാര്യതയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വേണ്ടതെന്നതാണ് ആഗോളതലത്തില്‍ ഉയരുന്ന വാദം. എന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ വിവരങ്ങള്‍ അറിയരുത് എന്ന് ശഠിക്കുന്നത് സര്‍ക്കാറിന്റെ തെറ്റായ നയമാണെന്ന് മാധ്യപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.