ലണ്ടന്‍: ഒരു എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കത്തെ ചെറുക്കാന്‍ നടത്തിയ റഷ്യന്‍ ശ്രമം ലോകത്തെ ഒരു പൂര്‍ണ യുദ്ധത്തിലേക്ക് തള്ളിവിടുമോ? യുക്രൈന്‍ യുദ്ധ സമയത്തു സംഭവിച്ചത് പോലെ കടല്‍ വഴിയുള്ള കേബിള്‍ മുറിച്ചു ബ്രിട്ടനിലേക്കുള്ള ഇന്ധന വിതരണം തടയാന്‍ റഷ്യ അറ്റകൈ പ്രയോഗം നടത്തുമോ? മുന്‍പിന്‍ നോക്കാത്ത വിധത്തില്‍ ട്രംപ് അന്താരാഷ്ട്ര കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് വഴി റഷ്യയോട് ഏറ്റുമുട്ടാന്‍ ബ്രിട്ടനെ ഇടത്താവളമാക്കുകയാണോ? ഒരാവശ്യം വന്നാല്‍ തങ്ങള്‍ ഇടപെടുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ് എന്തിന്റെ സൂചനയാണ്? കപ്പല്‍ പിടിച്ചെടുത്ത നടപടിയില്‍ ചൈനയും തുറന്ന അഭിപ്രായം നടത്തിയതും അമേരിക്ക ഈ വിഷയത്തില്‍ ഒറ്റപ്പെടണം എന്ന ഉദ്ദേശത്തോടെ തന്നെയാകുമോ? തികച്ചും ലോകത്തിനു ഞെട്ടല്‍ നല്‍കി വെനസ്വേല പ്രസിഡന്റ് മാന്‍ഡുറോയെയും ഭാര്യയെയും തടങ്കലിലാക്കി റാഞ്ചിയ ട്രംപിന്റെ നടപടിക്ക് ലോകം വലിയ വില നല്‍കേണ്ടി വരുമോ? ഇത്തരത്തില്‍ നൂറു കണക്കിന് ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടീഷ് പട്ടാള കേന്ദ്രങ്ങളില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ വരവും പോക്കും ലോകം നിരീക്ഷിക്കുന്നത്.

വേണ്ടി വന്നാല്‍ ഒരു റഷ്യന്‍ ആക്രമണത്തിന് അമേരിക്ക മടിക്കില്ല എന്ന ഒട്ടേറെ സൂചനകളാണ് പുറത്തു വരുന്നത്. ട്രംപ് എല്ലാ നീക്കങ്ങള്‍ക്കും ബ്രിട്ടനെ കൂട്ട് പിടിക്കുന്നു എന്നതും വെനസ്വേല പ്രശ്നത്തില്‍ ബ്രിട്ടന്‍ ഇതേവരെ ഒരക്ഷരം പ്രതികരിച്ചിട്ടില്ല എന്നതും ലോകം സംശയത്തോടെയാണ് നോക്കുന്നത്. കാലങ്ങളായി ആര് ഭരിക്കുന്നു എന്ന് നോക്കാതെ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള പ്രതിരോധ - സുരക്ഷാ രംഗങ്ങളിലെ ''കൊടുക്കല്‍ വാങ്ങലുകള്‍'' ലോകത്തിനു നന്നേ പരിചിതമാണ്. സാമ്പത്തിക നയങ്ങളില്‍ പോലും ഒരാളുടെ തീരുമാനം മറ്റേ ആളിനെ ദോഷം ചെയ്യരുത് എന്ന കരുതല്‍ അമേരിക്കയ്ക്കും ബ്രിട്ടനും ഇടയില്‍ ഉള്ള പരസ്യമായ വസ്തുതയാണ്. അതിനാല്‍ അമേരിക്കയെ ചൊറിയാന്‍ വേണ്ടിവന്നാല്‍ ഒരടി ബ്രിട്ടന് ഇരിക്കട്ടെ എന്ന് യുദ്ധക്കൊതിയനായ പുടിന്‍ വിചാരിച്ചാല്‍ ഒരാക്രമണ സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് ഇപ്പോള്‍ മാധ്യമ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

ബ്രിട്ടന്റെ ആകാശ വലയങ്ങള്‍ മുന്‍പ് പലതവണ ഭേദിച്ചു റഷ്യ നടത്തിയ നിരീക്ഷണവും കടല്‍ വഴിയും റഷ്യ ബ്രിട്ടന് അരികില്‍ എത്തിയതൊക്കെയും ഇത്തരം ഒരു സൂചനയുടെ വിരല്‍ തുമ്പു പിടിച്ചാണ് ഇപ്പോള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ എണ്ണക്കപ്പലുകള്‍ പിടിക്കാന്‍ അമേരിക്കയ്ക്കൊപ്പം നീങ്ങിയ ബ്രിട്ടന് തിരിച്ചടിയായി കടല്‍ പൈപ്പുകള്‍ തകര്‍ക്കാന്‍ റഷ്യ തയ്യാറായാല്‍ അതിന്റെ കെടുതികള്‍ നേരിടാന്‍ ബ്രിട്ടന് എത്രകാലം വേണ്ടിവരുമെന്ന് ആര്‍ക്കും പറയാനാകില്ല. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഭഷ്യ എണ്ണ വ്യവസായത്തിന്റെ തളര്‍ച്ച മാറ്റാനായിട്ടില്ല എന്ന് മാത്രമല്ല അതിന്റെ പരിണിത ഫലങ്ങള്‍ കൂടുതല്‍ കനക്കുകയുമാണ്. ഇന്നും ബ്രിട്ടീഷ് ജനത വലിയ വില നല്‍കിയാണ് ഭക്ഷ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് എന്നത് യുക്രൈന്‍ യുദ്ധത്തിന്റെ നേര്‍ ഫലമായി ബോധ്യപ്പെടുന്ന വസ്തുതയാണ്.

നിഴല്‍യുദ്ധമെന്നു സൂചിപ്പിച്ചു അറ്റ്‌ലാന്റിക്കില്‍ മത്സ്യബന്ധന ബോട്ടുകള്‍ പോലെ യുദ്ധക്കപ്പലുകള്‍

എണ്ണക്കപ്പല്‍ പിടിച്ചെടുത്തതോടെ അറ്റ്‌ലാന്റിക് കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ പോലെ യുദ്ധക്കപ്പലുകളുടെയും വിമാനവാഹിനികളുടെയും അന്തര്‍വാഹിനികളുടെയും ഒക്കെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നിഴല്‍ യുദ്ധം എന്നറിയപ്പെടുന്ന ഗ്രേ വാര്‍ തുടങ്ങിയോ എന്ന സംശയത്തിലേക്ക് ലോകം എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ തീരക്കടല്‍ നിരീക്ഷണ മേഖലയിലൂടെ നീങ്ങിയ എം വി മറീന എന്ന റഷ്യന്‍ രജിസ്‌ട്രേഷന്‍ ഉള്ള എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനാണ് അമേരിക്ക ബ്രിട്ടന്റെ സഹായം തേടിയതും ഇത് റഷ്യയെ പ്രകോപിച്ചതും. ഇതോടെ പിടിച്ചെടുത്ത കപ്പലിന്റെ തുടര്‍ നടപടികള്‍ ബ്രിട്ടന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ റഷ്യന്‍ കലിപ്പ് ബ്രിട്ടന് നേരെ തിരിയാനുള്ള സാധ്യതയും ഏറെയാണ്. ചുരുക്കത്തില്‍ അമേരിക്കയ്ക്ക് വേണ്ടി ബ്രിട്ടന്‍ പൊല്ലാപ്പ് പിടിക്കുന്ന സാഹചര്യത്തിലേക്ക് തന്നെയാണ് എം വി മറീനയുടെ തുടര്‍ സഞ്ചാരം.

ട്രംപ് സകല അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുകയാണ് എന്ന ചൈനീസ് ആരോപണം തുടര്‍ച്ചയായി എത്തുന്നതും ഒരു കലാപനീക്കത്തിന് സമാനമായ തരത്തില്‍ ഇടപെടല്‍ നടത്താന്‍ റഷ്യക്ക് ധൈര്യം നല്‍കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. റഷ്യ ബ്രിട്ടന് എതിരെ തുറന്ന യുദ്ധത്തിന് തയ്യാറായാല്‍ ആ നീക്കം വഴി ബ്രിട്ടന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക അടിത്തറയ്ക്ക് തന്നെ വിള്ളല്‍ വീഴ്ത്താനാകും എന്നുറപ്പാണ്. അമേരിക്ക ഉയര്‍ത്തുന്ന സമ്മര്‍ദ്ദം കൊളംബിയ, മെക്‌സികോ, ഗ്രീന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ ലോക രാഷ്ട്രീയ ഗതി തന്നെ തകിടം മറിയുകയാണ്.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് മുതിര്‍ന്നാല്‍ അത് യൂറോപ്യന്‍ സഖ്യ കക്ഷികള്‍ക്കും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഏറെ വലുതായിരിക്കും. വാസ്തവത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു ലോക നേതാക്കള്‍ക്ക് പോലും നിശ്ചയം ഇല്ലാത്ത നിലയിലേക്കാണ് പുതുവര്‍ഷത്തില്‍ ലോക രാഷ്ട്രീയം കലങ്ങി മറിയുന്നത്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു ധാരണയിലെത്തി എന്ന വിവരം മാത്രമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.