തിരുവനന്തപുരം. പാറശാല ഷാരോണ്‍ വധക്കേസില്‍, ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പഴയ കഥകളെല്ലാം കുത്തിപ്പൊക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. അക്കൂട്ടത്തില്‍ ഗ്രീഷ്മയുടെ പ്രണയ കഥകളാണ് കൂടുതല്‍ പ്രചരിക്കുന്നത്. കാരണം ആ ചെറുപ്പക്കാരെല്ലാം 'കഷായവധ'ത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിച്ച് നെടുവീര്‍പ്പിടുകയാണ് പലരും.

പഠനത്തിലും കലാരംഗത്തുമൊക്കെ മിടുക്കിയായിരുന്ന ഗ്രീഷ്മയ്ക്ക് കോളേജില്‍ തന്നെ രണ്ട് പ്രണയം ഉണ്ടായിരുന്നു. ആദ്യ പ്രണയം ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുമായി ആയിരുന്നു. അതിന് ശേഷം പി.ജിക്ക് ചേര്‍ന്നപ്പോഴാണ് രണ്ടാമത്തെ പ്രണയം മൊട്ടിടുന്നത്. ഇതില്‍ ഒരു കാമുകനൊപ്പം കോളേജില്‍ നിന്നും ബൈക്കില്‍ പോകവെയാണ് അപകടം ഉണ്ടായത്. ഒരുയൂട്യൂബ് ചാനലില്‍ രണ്ടുവര്‍ഷം മുമ്പ് വന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും കിടന്ന് കറങ്ങുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഗ്രീഷ്മ ചെയ്തതെന്ന് ഈ യുവാവ് പറഞ്ഞു.

'ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഗ്രീഷ്മ ചെയ്തത്. എനിക്ക് അച്ഛനില്ല, ഞാന്‍ വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍. എന്‍ജിനീയറിങ് കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഗ്രീഷ്മയെ കാണുന്നത്. അമ്പലത്തില്‍ പോകുമ്പോഴും മറ്റും ഇടയ്ക്ക് കാണും. അവള്‍ എന്നെ നോക്കി ചിരിക്കും. എനിക്ക് അവളെ ഇഷ്ടമായിരുന്നു. അവള്‍ മറ്റുചിലരോട് എന്നെ ഇഷ്ടമാണെന്ന് പറയുകയായിരുന്നു.

യുപിഎസ്സി അക്കാദമിയില്‍ ഗ്രീഷ്മ കോച്ചിങ്ങിന് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവളെ ബൈക്കില്‍ കയറ്റി കൊണ്ടുപോയിട്ടുണ്ട്. ഇക്കാര്യം അവളുടെ വീട്ടില്‍ അറിഞ്ഞു. അതിനു ശേഷം ഒരിക്കല്‍ മനഃപൂര്‍വം അവള്‍ സ്‌കൂട്ടര്‍ ഓടിച്ചുവീണു. ആ അപകടത്തില്‍ അവളുടെ പല്ല് പൊട്ടി. കോളജിലെ സുഹൃത്തിന്റെ ബൈക്കില്‍ കയറി ഗ്രീഷ്മ ഒരു കല്യാണത്തിന് പോയി. ഞാന്‍ വിളിച്ചെങ്കിലും കൂടെ വന്നില്ല. ഞാന്‍ ബൈക്കുമായി വന്നശേഷം എന്നെ തിരിച്ചുവിളിച്ചു. അപ്പോള്‍ നല്ല ദേഷ്യം വന്നു. എന്നെ അവള്‍ വഞ്ചിച്ചെന്ന് തോന്നി. അതിനു ശേഷം ഗ്രീഷ്മയുടെ അമ്മ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ആ ദേഷ്യത്തില്‍ സ്‌കൂട്ടറുമായി ഇറങ്ങിയപ്പോഴാണ് അവള്‍ വീണത്. ചതിച്ചെന്ന് തോന്നിയെങ്കിലും ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നാലെ വീട്ടിലും കൊണ്ടാക്കി.

ഈ സംഭവത്തോടെ മാനസികമായി ഞാന്‍ തളര്‍ന്നു. ഇനി കൂട്ടുകാരായിരിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞു. പക്ഷേ എനിക്കതിന് കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ എന്നെ ബ്ലോക്ക് ചെയ്തു. പിന്നീട് ഗ്രീഷ്മയുടെ അച്ഛന്‍ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ അയച്ചിട്ടും അച്ഛന് കുലുക്കമില്ലായിരുന്നു. ഞാന്‍ ഇതിനപ്പുറം കണ്ടിട്ടുണ്ടെന്നായിരുന്നു പ്രതികരണം. പക്ഷേ ഞാന്‍ അതിനപ്പുറം കണ്ടിട്ടില്ല, ഞാനൊരു സാധാരണക്കാരനല്ലേ. ശരിക്കും ഇതൊക്കെ അറിയുമ്പോള്‍ അവളുടെ വീട്ടുകാര്‍ എന്നെ തല്ലുമെന്നാണ് കരുതിയത്. അതൊന്നുമുണ്ടായില്ല. ചിലപ്പോള്‍ ഗ്രീഷ്മ ഇതിലും വലുത് കാണിച്ചത് വീട്ടുകാര്‍ക്ക് അറിയാമായിരിക്കും. ഗ്രീഷ്മയുടെ അമ്മയും ഇനി അവളെ വിളിക്കരുതെന്ന് മാത്രം പറഞ്ഞു. അതിനുശേഷം ഗ്രീഷ്മ എന്നെ വിളിച്ചില്ല, എന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ക്ക് ഉത്തരമില്ലായിരുന്നു.

ഞങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല. ഒന്നിച്ച് ബൈക്കില്‍ പോയിട്ടുണ്ട്, അത്രമാത്രം. ഇതൊക്കെ കേള്‍ക്കുന്ന എന്റെ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. എന്തായാലും ഷാരോണിന്റെ അവസ്ഥ എനിക്ക് ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല. അവളുടെ പ്രവൃത്തികളില്‍ എനിക്ക് സംശയമുണ്ടായിരുന്നു. അവള്‍ ഒന്നും തുറന്നുപറയില്ല. പക്ഷേ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല.

ഗ്രീഷ്മയെപ്പറ്റി കോളജില്‍ അന്വേഷിച്ചപ്പോള്‍ അവള് വേറെ 'ലെവലാ'ണ് എന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. വല്ല ഐഎഎസ്സോ ഐപിഎസ്സോ ആകുമെന്നാണ് കരുതിയത്. കൂട്ടിലിട്ട് വളര്‍ത്തുംപോലെയാണ് വീട്ടുകാര്‍ അവളെ വളര്‍ത്തിയത്. ഇതൊക്കെ എന്നെ ചതിച്ചതിന് അവള്‍ക്ക് കിട്ടിയ ശിക്ഷയാണെന്ന് തോന്നിയിട്ടില്ല. അവള്‍ നന്നായിരിക്കണം എന്നാണ് ആഗ്രഹിച്ചത്. എനിക്ക് ജോലിയില്ല. വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സൈനികനെ കല്യാണം കഴിച്ച് നന്നായിരിക്കട്ടെ എന്നോര്‍ത്തു. ഷാരോണിന്റെ കാര്യം വലിയ വിഷമമുണ്ടാക്കി'- യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഷാരോണിന് വകവരുത്തുന്നതിന് ഒന്നര വര്‍ഷം മുന്‍പുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ റേഡിയോളജി വിദ്യാര്‍ത്ഥി ഷാരോണും അഴകിയ മണ്ഡപം മുസ്ലീയാര്‍ കോളേജിലെ പി ജി ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനി ഗ്രീഷ്മയും തമ്മില്‍ പ്രണയ ബദ്ധരായപ്പോള്‍ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെണ്‍കുട്ടിയും ആലോചിച്ചിരുന്നില്ല. ബസിലെ പരിചയം പ്രണയമായി വളര്‍ന്ന ശേഷം ഇരുവരും ഒരുമിച്ച് ബൈക്കിലാണ് കോളേജില്‍ പോയിരുന്നത്. കോളേജിലെ കാമുകനോടും സഹപാഠികളോടും ഷാരോണിനെ കുറിച്ച് പറഞ്ഞിരുന്നത് തമ്പി ( അനിയന്‍) എന്നായിരുന്നു. ഗ്രീഷ്മയുടെ വാക്ക് വിശ്വസിച്ച സഹപാഠികള്‍ ഷാരോണിന് അനിയന്റെ സ്ഥാനം തന്നെ നല്‍കി.

അതു കൊണ്ട് തന്നെ മുസ്ലീയാര്‍ കോളേജില്‍ അത്രയ്ക്ക് സ്വാതന്ത്ര്യം ഷാരോണിനും ഉണ്ടായിരുന്നു. ബി.എയ്ക്ക് റാങ്ക് ഹോള്‍ഡര്‍ എന്ന പരിഗണനയില്‍ അദ്ധ്യാപ കര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ താരം തന്നെയായിരുന്നു ഗ്രീഷ്മ. കോളേജിലെ പ്രണയവും ഷാരോണുമായുള്ള സ്‌നേഹ ബന്ധവും നാഗര്‍ കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ച ശേഷം ഉണ്ടായ റിലേഷനുമൊക്കെ വളരെ വിദഗ്ധമായാണ് ഗ്രീഷ്മ കൈകാര്യം ചെയ്തിരുന്നത്. ഒരാളോടു സംസാരിക്കുമ്പോള്‍ മറ്റൊരാളോടു ചാറ്റ് ചെയ്യാനുള്ള അസാമാന്യ കഴിവ് ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നു. പ്രണയ വലയില്‍ താന്‍ കുടുങ്ങിയത് പത്താം ക്ളാസില്‍ പഠിക്കുമ്പോഴാണ് എന്ന് ഗ്രീഷ്മ തന്നെ പോലീസിനോട് പറഞ്ഞിരുന്നു. എപ്പോഴും ഒരു കാമുകന്‍ വേണമെന്ന നിര്‍ബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉള്‍പ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കിയിരുന്നു. ഇതില്‍ ഷാരോണ്‍ ഉള്‍പ്പെടെ മൂന്ന് പേരെയും പ്രണയിക്കാന്‍ താന്‍ തന്നെയാണ് മുന്‍കൈ എടുത്തതെന്നും ഗ്രീഷ്മ സമ്മതിച്ചിരുന്നു. ഗ്രീഷ്മയെ വിവാഹം കഴിക്കാന്‍ ഇരുന്ന നാഗര്‍കോവിലിലെ സൈനികനെ ജമ്മുവില്‍ നിന്നും വിളിച്ചു വരുത്തിയാണ് പോലീസ് മൊഴി എടുത്തത്. നാട്ടിലുള്ള ഒരു കാമുകന്റേയും മൊഴി എടുത്തിരുന്നു.

ഷാരോണിനെ പ്രണയിക്കുന്നതിന് മുമ്പ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഗ്രീഷ്മയുടെ അയല്‍വാസികള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാള്‍ പറയുന്നു. ആദ്യഭര്‍ത്താവ് മരണപ്പെടുമെന്ന് ജാതകത്തില്‍ പറയുന്നത് ഗ്രീഷ്മ വിശ്വസിച്ചിരുന്നുവെന്നും, ഇതിന് ഇരയായി മാറ്റുകയായിരുന്നു പ്രണയബന്ധങ്ങളെ എന്നുമാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. നാഗര്‍കോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ ഗ്രീഷ്മയില്‍ നിന്നകലാന്‍ ഷാരോണ്‍ ശ്രമിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാതക ദോഷം അവസാനിപ്പിക്കാന്‍ ഷാരോണിനെ ഇരയാക്കിയോ എന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. ഷാരോണിന്റെ വീട്ടില്‍ വച്ചാണ് ഗ്രീഷ്മയെ താലി കെട്ടിയത്. തമിഴ്‌നാട് അതിര്‍ത്തിയിലെ കുഴിത്തുറ പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും പലപ്പോഴും കണ്ടുമുട്ടിയിരുന്നത്. നവംബര്‍ മാസത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിവരാമെന്ന് ഷാരോണിന് ഗ്രീഷ്മ വാക്കുനല്‍കിയിരുന്നു. ജാതകദോഷം അവസാനിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യമെന്നും ബന്ധു പറയുന്നു.

നായര്‍ സമുദായക്കാരിയായ ഗ്രീഷ്മ രാമവര്‍മന്‍ ചിറയിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമായിരുന്നു. നാടാര്‍ സമുദായത്തിലെ ഷാരോണിനെ ഉള്‍ക്കൊള്ളാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഷാരോണിനെ വിലക്കുകയും ചെയ്തു. കുടംബ ജോത്സ്യന്റെ പ്രവചന കഥകളും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലന്‍ ആയതോടെ ഗ്രീഷ്മ ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഗ്രീഷ്മയെ കൈവിടാന്‍ ഷാരോണിന് മനസ്സ് വന്നില്ല. സാധാരണ ഗതിയില്‍ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍ പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ ബന്ധങ്ങള്‍ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാല്‍ ഈ പെണ്‍കുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാന്‍ ശ്രമിച്ചതും വീട്ടില്‍ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോര്‍ഡുകള്‍ വരച്ചു നല്കിയതും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ സി എസ് ഐ കോളേജില്‍ വെച്ച് ജ്യൂസ് ചലഞ്ചെന്ന പേരിലായിരുന്നു കൊല്ലാനുള്ള ആദ്യ ശമം. ഇതിനായി അമ്പതിലേറെ ഗുളികകള്‍ പൊടിച്ച നിലയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു. കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് വാങ്ങി ശുചിമുറിയിലെത്തി ഗുളിക പൊടിച്ചത് കലക്കുകയായിരുന്നു. എന്നാല്‍ ഷാരോണ്‍ ഈ ജ്യൂസ് കുടിച്ച ഉടന്‍ തുപ്പിക്കളഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. പിന്നീട് കഷായ ചലഞ്ചിലൂടെ ഷാരോണിനെ ഗ്രീഷ്മ തീര്‍ത്തു.