കൊച്ചി: ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പ്രേംകുമാര്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകംമെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രൂക്ഷമായ വിമര്‍ശനമാണ് ഹരീഷ് പേരടി ഉന്നയിച്ചത്. അസന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ അക്കാദമിയിലെ ചെയര്‍മാന്റെ കീഴില്‍ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയര്‍മാനാണ് കഥയിലെ നായകന്‍..സ്വന്തം കുടുംബത്തില്‍ നിന്നും അയാള്‍ മെംബര്‍ ആയ സീരിയല്‍ സംഘടനയില്‍ നിന്നുവരെ അയാള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാള്‍ അവിടെ തുടര്‍ന്ന് വിജയം വരിക്കുകയും ആ സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ ആകുകയും അയാള്‍ തന്നെ അംഗമായ ആ സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്- ഹരീഷ് വിമര്‍ശിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

''മിസ്റ്റര്‍ പ്രേംകുമാര്‍...നിങ്ങള്‍ ജീവിക്കുന്ന ഈ ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം...ആ മാരകമായ ജീവിതത്തില്‍ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തിരഞ്ഞെടുക്കുന്നത്...നാളെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാന്‍ വ്യക്തമാക്കാം...

അസന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ അക്കാദമിയിലെ ചെയര്‍മാന്റെ കീഴില്‍ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയര്‍മാനാണ് കഥയിലെ നായകന്‍..സ്വന്തം കുടുംബത്തില്‍ നിന്നും അയാള്‍ മെംബര്‍ ആയ സീരിയല്‍ സംഘടനയില്‍ നിന്നുവരെ അയാള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാള്‍ അവിടെ തുടര്‍ന്ന് വിജയം വരിക്കുകയും ആ സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ ആകുകയും അയാള്‍ തന്നെ അംഗമായ ആ സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്..

ഇങ്ങിനെ ഒരു സീരിയല്‍ വന്നാല്‍ ആ കഥയിലെ നായകന്‍ താങ്കള്‍ പറഞ്ഞതുപോലെ എന്‍ഡോസള്‍ഫാനേക്കാള്‍ ഭീകരമാണ്...പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങള്‍ക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എന്‍ഡോസള്‍ഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സില്‍ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേര്‍ 'എനിക്കുശേഷം പ്രളയം'

സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. 'ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവെക്കുന്നത്. കല ?കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണം' -പ്രേംകുമാര്‍ വ്യക്തമാക്കി.

നേരത്തേ, വനിതാ കമ്മിഷനും സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മെഗാ സീരിയലുകള്‍ക്ക് പകരം 20-30 എപ്പിസോഡുകളുള്ള സീരിയലുകള്‍ മതിയെന്നും ഒരു ചാനലില്‍ ദിവസം രണ്ട് സീരിയലുകളേ അനുവദിക്കാവൂ എന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സമാനമായ ആവശ്യവുമായി രംഗത്തെത്തിയത്.