- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാട്ട് വിരുദ്ധ വോട്ടുധ്രുവീകരണവും സംഘടനാപാടവവും തന്ത്രപ്രധാന സ്ഥാനാര്‍ഥി നിര്‍ണയവും ഹരിയാനയില്‍ ബിജെപിക്ക് നേടി കൊടുത്തത് 48 സീറ്റുകള്‍; തമ്മിലടി അടക്കം വിനയായപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകള്‍; 42 സീറ്റുമായി ജമ്മു-കശ്മീരില്‍ കരുത്ത് കാട്ടിയ എന്‍സിയുടെ തോളിലേറി കോണ്‍ഗ്രസും അധികാരം രുചിക്കുന്നു; അന്തിമ ചിത്രം ഇങ്ങനെ
ഹരിയാന, ജമ്മു-കശ്മീര്‍ അന്തിമ ചിത്രം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരുന്നതിന്റെ ക്ഷീണം ഹരിയാനയിലെ ചരിത്രപരമായ മൂന്നാം ഊഴത്തിലൂടെ അല്‍പം തീര്‍ക്കുകയാണ് ബിജെപി. ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആയില്ലെങ്കിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നിലയുറപ്പിക്കാന്‍ ആയി എന്ന് ആഹ്ലാദിക്കാം. ഹരിയാനയിലും ജമ്മു-കശ്മീരിലും ബിജെപിയുടെ നേരിട്ടുള്ള എതിരാളി കോണ്‍ഗ്രസായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യത്തിന് ദേശീയ രാഷ്ട്രീയത്തിലുണ്ടായ തിളക്കത്തിന് മങ്ങലേറ്റില്ലെങ്കിലും ബിജെപി ആധിപത്യം തുടരുന്നു എന്ന സന്ദേശമാണ് ഫലങ്ങള്‍ നല്‍കുന്നത്.
എക്‌സിറ്റ് പോളുകളെ പാടേ തള്ളുന്ന പ്രകടനമാണ് ഹരിയാനയില്‍ കാഴ്ച വച്ചതെങ്കിലും നിലവിലെ നയാബ് സിങ് സൈനി സര്‍ക്കാരിലെ എട്ടുമന്ത്രിമാരും സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയും തോറ്റത് ബിജെപിക്ക് ക്ഷീണമായി. ഇക്കൂട്ടത്തില്‍ വൈദ്യുതി മന്ത്രി രഞ്ജിത് സിങ്, നിരവധി വകുപ്പുകള്‍ കൈയാളിയ കന്‍വര്‍ പാര്‍ ഗുജ്ജര്‍, സുഭാഷ് സുധ, ജയ് പ്രകാശ് ദലാല്‍, ആഭേ സിങ് യാദവ്, സഞ്ജയ് സിങ്, കമാല്‍ ഗുപ്ത, അസീം ഗോയല്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സഞ്ജയ് സിങ്ങും കമാല്‍ ഗുപ്തയും മൂന്നാമതാണ് എത്തിയത്. അതേസമയം, നിയുക്ത മുഖ്യമന്ത്രി സായ്്‌നി ലഡ്വായില്‍ നിന്ന് ജയിച്ചു.
ഹരിയാനയിലെ 90 സീറ്റില്‍ 48 സീറ്റിലാണ് ബിജെപി ജയിച്ചത്. ജയിക്കുമെന്ന് കരുതിയ കോണ്‍ഗ്രസിനെ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിച്ച് വീണ്ടും ഭരണം പിടിച്ചു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് ലീഡ് കിട്ടിയപ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് തിരിച്ചു പിടിച്ചു. കോണ്‍ഗ്രസിന്-37 സീറ്റ്.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍-2
സ്വതന്ത്രര്‍-3
ഭരണവിരുദ്ധ വികാരം, കര്‍ഷക രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം, അഗ്നിവീര്‍ പദ്ധതിയെ ചൊല്ലിയുള്ള അതൃപ്തി -ഇവയെല്ലാം നേരിട്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തന്നെ പ്രാദേശിക നേതാക്കള്‍ക്കും ഊന്നല്‍ നല്‍കി. ജാട്ട് വിരുദ്ധ വോട്ടുകളുടെ ധ്രുവീകരണത്തിലും ശ്രദ്ധ പതിപ്പിച്ചു.
ജാട്ട് വോട്ടര്‍മാരെ ക്യാന്‍വാസ് ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ അമിതശ്രമത്തിനിടെ മറ്റുസമുദായങ്ങള്‍ പാര്‍ട്ടിക്ക് എതിരെ തിരിഞ്ഞതായി സൂചനയുണ്ട്. ദളിത് വോട്ടില്‍ കോണ്‍ഗ്രസ് കണ്ണുവച്ചെങ്കിലും, ആ വിഭാഗം പൂര്‍ണമായി ബിജെപിയെ കയ്യൊഴിഞ്ഞില്ല.
പ്രചാരണം തീര്‍ച്ചയായും മുഖ്യമന്ത്രി നയാബ് സിങ് സൈനിയെ കേന്ദ്രീകരിച്ചായിരുന്നു. 10 വര്‍ഷത്തെ പാര്‍ട്ടി ഭരണത്തിന്റെ ഹാങ് ഓവര്‍ ആറുമാസത്തില്‍ താഴെ അധികാരത്തിരുന്ന പുതിയ മുഖ്യമന്ത്രിയെ ഉപയോഗിച്ച് നേരിട്ട തന്ത്രം. കോണ്‍ഗ്രസ് എല്ലാ സിറ്റിങ് എംഎല്‍എമാരെയും മത്സരിപ്പിച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ പരീക്ഷിക്കുന്ന തന്ത്രമാണ് ബിജെപി പയറ്റിയത്. തൊഴില്‍ ഉത്പാദനം, പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടിയ നേട്ടങ്ങള്‍, കോഴ കൊടുക്കാതെ ജോലി ( ഭൂപീന്ദര്‍ സിങ് ഹൂഡ സര്‍ക്കാര്‍ കാലത്തേതുമായി താരതമ്യം) തുടങ്ങിയവ സൈനി സര്‍ക്കാര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി.
മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യങ്ങളും, ആവശ്യങ്ങളും കണക്കിലെടുത്തു. ഒരു കോര്‍ ടീമിനെ ഉണ്ടാക്കി ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെ സ്ഥാനാര്‍ഥി നിര്‍ണയം അടക്കം പൂര്‍ത്തിയാക്കി. ഹരിയാനയിലെ ജയം ബിജെപിക്ക് മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സഖ്യകക്ഷികളുമായുള്ള വിലപേശല്‍ ശേഷി കൂട്ടുമെന്നും ഉറപ്പ്.
ജമ്മു-കശ്മീരില്‍ പതിറ്റാണ്ടിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ്
2019 ല്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സര്‍ക്കാരാണ് അധകാരത്തിലേറുന്നത്.
കക്ഷി നില ഇങ്ങനെ:
ജമ്മു-കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്-42
ബിജെപി-29
കോണ്‍ഗ്രസ് -6
പിഡിപി-3
പീപ്പിള്‍സ് കോണ്‍ഫറന്‍സ്-1
സിപിഎം-1
ആം ആദ്മി പാര്‍ട്ടി-1
സ്വതന്ത്രര്‍-7
ആകെ 90 സീറ്റ്.
നിലവിലെ സഭയില്‍ 45 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. നാമനിര്‍ദ്ദേശത്തിലൂടെ സഭയിലെ അംഗസംഖ്യ 95 ആയി ഉയര്‍ന്നാലും എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് ഭയക്കാനില്ല. 2014 ല്‍ കിട്ടിയ 12 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് സീറ്റ് കിട്ടിയ കോണ്‍ഗ്രസിന്റേത് മെച്ചപ്പെട്ട പ്രകടനമല്ല. ജമ്മുവില്‍ കോണ്‍ഗ്രസിന് ഒരുസീറ്റ് മാത്രമാണ് കിട്ടിയത്.
താഴ് വരയില്‍ ബിജെപിക്ക് സീറ്റൊന്നും കിട്ടിയില്ലെങ്കിലും( 19 സീറ്റില്‍ മത്സരിച്ചു) ബിജെപിക്ക് 2014 ലെ 25 സീറ്റിനെ അപേക്ഷിച്ച് 29 സീറ്റായി ഉയര്‍ന്നു എന്ന നേട്ടമുണ്ട്. കശ്മീര്‍ പ്രവിശ്യയിലെ 47 സീറ്റില്‍ എന്‍സി 35 സീറ്റില്‍ തൂത്തുവാരി. ബിജെപിയോട് നേരത്തെ കൂട്ടുകൂടിയ മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍ഡ് ഡമോക്രാറ്റിക് പാര്‍ട്ടി മൂന്നുസീറ്റില്‍ ചുരുങ്ങി.
നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍, ചിത്രത്തില്‍ നിന്ന് പുറത്തായത് പ്രചാരണത്തിനിടെ തലക്കെട്ടുകളില്‍ ഇടം പിടിച്ച ചെറിയ പാര്‍ട്ടികളാണ്. നിരോധിക്കപ്പെട്ടിരുന്ന ജമാത്തെ ഇസ്ലാമി പതിറ്റാണ്ടുകളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം അവസാനിപ്പിച്ച് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍, ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ പ്രകടനത്തില്‍ ഏവരും ഉറ്റുനോക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയുക്ത മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് ഉപാദ്ധ്യക്ഷനുമായ ഒമര്‍ അബ്്ദുള്ളയെ പരാജയപ്പെടുത്തിയ എഞ്ചിനിയര്‍ റഷീദിന്റെ ആവാമി ഇത്തെഹാദ് പാര്‍ട്ടി ജമാത്തുമായി തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെ ആകാംക്ഷയേറി.
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയപ്പോള്‍ ജമാത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള 10 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരത്തിനെത്തി. ഇവരില്‍ ചിലര്‍ പിന്മാറുകയും ചെയ്തു. എഞ്ചിനയിര്‍ റഷീദിന്റെ അവാമി ഇത്തിഹാദിന് നേട്ടമുണ്ടാക്കാനായില്ല. ജമാഅത്തെ ഇസ്ലാമി പിന്തുണച്ച 10 പേരും തോറ്റു.
പുതിയസര്‍ക്കാര്‍ രൂപീകരണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മു മെയിന്‍ ലാന്‍ഡിന് നല്‍കേണ്ട പ്രാതിനിധ്യമാണ്. അവിടെ എന്‍സി-കോണ്‍ഗ്രസ് സഖ്യം സീറ്റൊന്നും നേടിയില്ല. ജമ്മുപ്രവിശ്യയില്‍ ഇരുകക്ഷികളും നേടിയ എട്ടുസീറ്റുകളും മലമ്പ്രദേശത്താണ്. കോണ്‍ഗ്രസ് ഒന്നിലും എന്‍സി ഏഴിലും.