- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്‍ശനം
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നാളെ ഡല്‍ഹിക്ക്
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നാളെ ഡല്‍ഹിക്ക് പോകും, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ച്ചക്കായി തിരുവനന്തപുരത്ത് നിന്നാണ് നാളെ രാവിലെ മന്ത്രി പോകുന്നത്. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് ആവശ്യപ്പെടും. ഇന്ന് ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡല്‍ഹിക്ക് പോകുന്നത്.
ആശമാരോട് സര്‍ക്കാരിന് അനുകൂല നിലപാടാണെന്നാണ് മന്ത്രിയുടെ വാദം. സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതടക്കം നിര്‍വചനം മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് പറയും. ഇന്‍സന്റീവ് കൂട്ടണമെന്ന് ആവശ്യപ്പെടും. ആശമാരുടെ ഇന്‍സന്റീവ് കൂട്ടുന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. ആശമാര്‍ നിരാഹാരത്തിലേക്ക് പോകുന്നത് അത്യന്തം നിരാശാജനകമാണ്. ആദ്യ കൂടിക്കാഴ്ചയില്‍ പോസീറ്റീവ് പ്രതികരണം ഉണ്ടായത് കൊണ്ടാണ് വീണ്ടും കാണാന്‍ തീരുമാനിച്ചത്. ജനാധിപത്യ സമരത്തെ ജനാധിപത്യ രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സമരക്കാര്‍ ആവര്‍ത്തിക്കുകയാണെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാല്‍ വേതനം മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 26125 ആശമാരാണ് ഉള്ളത്. 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 2006 ല്‍ നിശ്ചയിച്ച ഇന്‍സന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കാണുമെന്ന് സമരക്കാരെ അറിയിച്ചതാണ്. ചര്‍ച്ചയില്‍ സമരക്കാരോട് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിച്ചു. സമരക്കാര്‍ പറഞ്ഞതെല്ലാം അനുഭാവ പൂര്‍വ്വം കേട്ടു. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു. മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് അത്തരത്തില്‍ വാദിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. എന്‍എച്ച്എം ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് ഒരു ശതമാനം പോലും മുന്നോട്ടു പോകാനുള്ള യാതൊന്നും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉണ്ടായില്ലെന്ന് ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ഓണറേറിയം വര്‍ധനവ്, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു പോലും എടുത്തില്ലെന്ന് അവര്‍ പറഞ്ഞു. ''സര്‍ക്കാരിനെ ഇങ്ങനെ ഗണ്‍പോയിന്റില്‍ നിര്‍ത്തി ഒറ്റയടിക്ക് 300 ശതമാനം വര്‍ധനവ് ഒക്കെ ആവശ്യപ്പെട്ടാല്‍ എങ്ങനെ തരും, സര്‍ക്കാര്‍ ഒപ്പമുണ്ട്, അടുത്താഴ്ച കേന്ദ്രവുമായി ചര്‍ച്ച നടത്താം നിങ്ങള്‍ തിരിച്ചുപോകണം, എന്റെ ആശമാരെ ഇങ്ങനെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമുണ്ട്.'' എന്നാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാരിന്റെ പ്രാരാബ്ധങ്ങളെക്കുറിച്ച് ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.
ചര്‍ച്ച നടത്തിയെന്ന് വരുത്തിതീര്‍ക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും ആശാ വര്‍ക്കര്‍മാര്‍ ആരോപിച്ചു. ഈ മാസം 15നു മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. വീണ്ടും ചര്‍ച്ചയ്ക്കു വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. നാളെ രാവിലെ 11നു നിരാഹാര സമരം ആരംഭിക്കും. എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. നിരാഹാരസമരത്തിന് തയാറായി നിരവധി ആശമാരാണ് മുന്നോട്ടു വരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നും ആശാവര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ഇന്ന് പറഞ്ഞിരുന്നു. എന്‍എച്ച്എമ്മിന്റെ യോഗം ചേര്‍ന്നു. ഉന്നതതല സമിതിയുടെ ശുപാര്‍ശക്കു ശേഷമായിരിക്കും വര്‍ധനവ് എന്നും നഡ്ഡ രാജ്യസഭയില്‍ വ്യക്തമാക്കി.