തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ - മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ തുടരുന്നതായും, ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ചയോടെ തെക്കൻ ഒഡീഷ - വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, നിലവിലെ ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി എഴുകുംവയലിൽ ഒരു ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട വി.കോട്ടയത്ത് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മലയോര മേഖലകളിൽ ഉൾപ്പെടെ ജാഗ്രത തുടരുകയാണ്.

പത്തനംതിട്ടയിൽ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഇലന്തൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞ് സംസ്ഥാന പാതയിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം ഉള്ളൂർ ആക്കുളം റോഡിൽ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു.

തലസ്ഥാനത്തെ മഴക്കെടുതികൾ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ന്യൂനമർദ്ദം രൂപപ്പെട്ടതോടെ മഴയുടെ വ്യാപ്തിയും തീവ്രതയും വർധിക്കാൻ സാധ്യതയുണ്ട്.