തിരുവനന്തപുരം: അടുത്ത തവണ കേരളത്തിലെ അധികാര കസേര പിടിക്കാന്‍ കച്ച മുറുക്കിയിരിക്കുന്ന കോണ്‍ഗ്രസില്‍ ആരെയും അമ്പരപ്പെടുത്തുന്ന രീതിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ സൈബറാക്രണം നടക്കുന്നത്. ലൈംഗികാപവാദങ്ങളില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സതീശനെ ഒറ്റപ്പെടുത്തിയുള്ള സൈബറാക്രമണത്തിന് ഒരുവിഭാഗം തിരികൊളുത്തിയത്.

പാര്‍ട്ടിയില്‍, കൂട്ടായ ചര്‍ച്ചയിലൂടെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അതിനു പിന്നാലെ, സതീശനെ ഉന്നമിട്ട് സൈബര്‍ ആക്രമണം ആരംഭിച്ചതു കോണ്‍ഗ്രസിനുള്ളില്‍ സജീവ ചര്‍ച്ചയായി. എത്ര ആക്രമിച്ചാലും രാഹുലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണു സതീശന്‍. സൈബര്‍ ആക്രമണം ഷാഫി പറമ്പിലടക്കം ചില നേതാക്കളുടെ അറിവോടെയാണെന്ന് വിചാരിക്കുന്നവരുമുണ്ട്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നിന്നു സതീശന്‍ ഇടപെട്ട് മുന്‍പ് പുറത്താക്കിയ ചിലര്‍ക്ക് ഇത്തരം പ്രചാരണങ്ങളില്‍ പങ്കുണ്ടെന്നും ഷാഫിയും സതീശനും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം അതിനു പിന്നിലുണ്ടെന്നും നേതൃത്വം കരുതുന്നു.

ഇതുകണക്കിലെടുത്ത് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ സമഗ്രമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുങ്ങുകയാണ്. പാര്‍ട്ടിക്ക് പൂര്‍ണ്ണമായും വിധേയത്വം പുലര്‍ത്തുന്ന പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തി സെല്ലിനെ ശക്തിപ്പെടുത്താനാണ് നീക്കം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും പുതിയ ടീമിന്റെ പ്രവര്‍ത്തനം.

സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, നിലവിലെ ടീമിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണി വേണമെന്ന് ആറുമാസം മുന്‍പേ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് നടപ്പായില്ലെന്നും ദീപ മുന്‍ഷി ചൂണ്ടിക്കാട്ടി. വി.ഡി. സതീശനെതിരെ 25 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നായി സൈബര്‍ ആക്രമണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഒരു വിഭാഗം രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളാണെന്ന് ആരോപണമുണ്ട്.

പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം, മുതിര്‍ന്ന നേതാക്കളെയും വനിതാ നേതാക്കളെയും പോലും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരമായി അക്രമിക്കുന്നുണ്ട്. ഡിജിറ്റല്‍ മീഡിയ സെല്ലിലെ നേതൃത്വത്തിന്റെ ഇടപെടലില്‍ ഗുരുതരമായ അലംഭാവം ദൃശ്യമായിട്ടുണ്ടെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഘടനയ്ക്ക് ദോഷകരമാകുമെന്നും വിലയിരുത്തലുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ട സമയത്ത്, പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ പേജുകളില്‍ നിറയുന്നതായും വിമര്‍ശനമുണ്ട്. നിലവില്‍ ഇന്‍സ്റ്റഗ്രാം റീലുകളിലും ഉപരിപ്ലവമായ പ്രചാരണങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും വിലയിരുത്തലുണ്ട്. ഡിജിറ്റല്‍ മീഡിയ സെല്ലിലുള്ളവര്‍ തന്നെ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നത് തെറ്റായ പ്രവണതയായി കണക്കാക്കുന്നു. മുമ്പ് ബിഹാറിനെയും ബീഡിയെയും താരതമ്യം ചെയ്ത ഒരു എക്‌സ് പോസ്റ്റ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്, സാമൂഹ്യമാധ്യമ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുതിര്‍ന്ന നേതാക്കളുടെ ഒരു മോണിറ്ററിങ് ടീം രൂപീകരിക്കും. കൂടാതെ, ഉത്തരവാദിത്തമുള്ള ഡിജിറ്റല്‍ ആശയവിനിമയം ഉറപ്പാക്കുന്നതിനായി കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പാര്‍ട്ടിക്ക് വിശ്വസ്തരും കാര്യക്ഷമതയുള്ളവരുമായ പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തി ഡിജിറ്റല്‍ മീഡിയ സെല്ലിനെ പുനഃസംഘടിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ ഇടപെടലുകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ അടി എന്തിന്?

അതേസമയം, തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസ് പ്രതിസന്ധികളെ നേരിടുകയാണ്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരഞ്ഞെടുപ്പില്‍ നയിക്കുന്നത് ആരാകുമെന്ന തര്‍ക്കം മുറുകുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വി ഡി സതീശന്‍ നയിക്കുമെന്ന ആവശ്യത്തെ അംഗീകരിക്കാത്ത ഒരു വിഭാഗം കരുനീക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സതീശന്റെ പാളയത്തിലും വിള്ളലുണ്ടായത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത വിഷയത്തില്‍ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ സതീശനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഒരു വിഭാഗം സൈബര്‍ ആക്രമണവുമായി സതീശനെതിരെ തിരഞ്ഞത്.

ഈ സൈബര്‍ ആക്രമണം കോണ്‍ഗ്രസില്‍ ചേരികളെ രൂപപ്പെടുത്തുകയാണ്. പ്രതിപക്ഷ നേതാവിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട്. കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തെ തള്ളിപ്പറഞ്ഞതാണ് സതീശനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തിരിയാന്‍ ഇടയാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ ഉറച്ചു നിന്നതും മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതും പൊലീസ് അതിക്രമങ്ങളില്‍ സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.

ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായും കോണ്‍ഗ്രസ് അനുകൂല സൈബര്‍ സ്‌പേസുകളിലും അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നുണ്ട്. പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയും പ്രതിപക്ഷ നേതാവിനെതിരെയുള്ള കമന്റുകള്‍ വന്നു. ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിച്ചതിന്റെ പേരിലാണ് കൂടുതല്‍ കമന്റുകളും വന്നത്. സദ്യ കേമമായിരുന്നോ, നാണമില്ലാതെ ഓണം ഉണ്ട് വന്നിട്ട് എന്നിങ്ങനെയാണ് കമന്റുകള്‍. വെറുതെ പ്രസ്താവന ഇറക്കാതെ മുന്നില്‍ നിന്ന് സമരം ചെയ്യാനും വി.ഡി സതീശനോട് കമന്റുകളില്‍ പറയുന്നു.




വി.ഡി സതീശന്‍ വെറുതെ ഡയലോഗ് മാത്രമാണ് നടത്തുന്നതെന്നും. മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കുമ്പോള്‍ നേരിട്ട് പറയാമായിരുന്നില്ലേ എന്നും ചിലര്‍ ചോദിച്ചു. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ലായെന്നും എന്തുകൊണ്ട് സമരം ശക്തമാക്കുന്നില്ലായെന്നും കമന്റുകളില്‍ ചിലര്‍ ചോദിക്കുന്നു. മൈക്കിന്റെ മുന്നില്‍ വന്ന് വെറുതെ പറയുന്നത് വി.ഡി സതീശന്‍ നിര്‍ത്തണമെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നേതാവല്ല സതീശനെന്ന് തെളിഞ്ഞുവെന്നും ചില സൈബര്‍ അണികള്‍ പ്രതികരിച്ചു.

ലൈംഗികാരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഷന്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തില്‍ ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെ തള്ളിയാണ് ഒരു വിഭാഗം രാഹുലിനെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഈ നീക്കം അനുവദിക്കില്ലെന്ന് സതീശനും വ്യക്തമാകക്കിയിരുന്നു.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ രാഹുലിനെ സസ്‌പെന്റ് ചെയ്തപ്പോള്‍, പാര്‍ലമെന്ററി പര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ശേഷം പാര്‍ട്ടിയില്‍ രാഹുലിന് അനുകൂലമായി നിലപാടു മാറിയിരുന്നു. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ നിശ്ശബ്ദരായി. രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം കടുത്ത ഗ്രൂപ്പ് പോരുമൂലം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്.

രാഹുല്‍ നിയമസഭയില്‍ എത്തണമെന്നും പാര്‍ട്ടി സംരക്ഷണം ഒരുക്കണമെന്നുമുള്ള ആവശ്യവുമായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിച്ചിരുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.