കൊച്ചി: ബലാത്സംഗത്തിന് ഇരയാവുകയും ഗര്‍ഭിണിയാവുകയും ചെയ്ത പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ച കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക ആയിരുന്നു. 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി. പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. നേരത്തെ അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ഗര്‍ഭം അഞ്ചാം മാസം പിന്നിട്ടെങ്കിലും കോടതി പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പരിഗണിക്കുക ആയിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പെണ്‍കുട്ടിയുടെ ചികിത്സ. അതേസമയം ബലാത്സംഗക്കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാല്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ നടപടികളെടുക്കണമെന്നും കുട്ടിയുടെ പരിപാലനത്തിന് പെണ്‍കുട്ടിയോ കുടുംബമോ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ സാമ്പിളുകള്‍ കൃത്യമായി ഫോറന്‍സിക് സയന്‍സ് ലാബോറട്ടിക്ക് സൂക്ഷിക്കാനായി കൈമാറണമെന്നും കോടതി വ്യക്തമാക്കി.

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം നേരത്തേയും പുറത്തു വന്നിരുന്നു. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത് മേയിലാണ്. പീഡനത്തിനിരയായ 16 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിലാണ് കോടതി അന്ന് ഇക്കാര്യം പറഞ്ഞത്.

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി വിശദീകരിച്ചിരുന്നു. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ അന്ന് നിര്‍ണായക നിരീക്ഷണം നടത്തിയത്.

19കാരനായ സുഹൃത്തില്‍ നിന്നാണു പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. അതിനാലാണ് മകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹേതര ബന്ധത്തിലോ പ്രത്യേകിച്ചു ലൈംഗികാതിക്രമത്തിനോ ഇരയായി ഗര്‍ഭിണി ആയാല്‍ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ പ്രയാസമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഗര്‍ഭിണിയായി തുടരുന്നത് പെണ്‍കുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി അന്നും നല്‍കിയത്.