- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ആഗ്രഹപ്രകാരം പ്രവാസിയായ വർഗീസ് എട്ട് പട്ടികജാതി കുടുംബങ്ങൾക്ക് ദാനം ചെയ്തത് മൂന്നു സെന്റ് വീതം; ഭൂമി കിട്ടിയവർ വീട് വയ്ക്കാൻ തുടങ്ങിയപ്പോൾ ഭീഷണിയുമായി സമീപത്തെ സ്ഥല ഉടമകൾ: പൊതുവഴി പൊലീസ് സംരക്ഷണയിൽ ഗേറ്റിട്ടു; പട്ടികജാതിയിൽപ്പെട്ടവർ ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ ഇടിച്ചു നിരത്തി; ഹൈക്കോടതിയിലെ കോഴ ആരോപണം കൊണ്ട് വിവാദമായ റാന്നിയിലെ കേസ് ഇങ്ങനെ
പത്തനംതിട്ട: ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ട് തിരിച്ചു വിളിച്ച സംഭവത്തിന് ഇടയാക്കിയ പ്രശ്നങ്ങൾ നടന്നത് റാന്നി പഴവങ്ങാടി പഞ്ചായത്തിലാണ്. പ്രവാസിയായ വല്യത്ത് വി.ടി വർഗീസ് പഴവങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡിൽ തന്റെ സ്ഥലത്തിന്റെ ഒരുഭാഗം പട്ടികജാതിക്കാരും ഭൂരഹിതരുമായ എട്ടു പേർക്ക് മൂന്നു സെന്റ് വീതം ദാനം ചെയ്തിരുന്നു.
തന്റെ പിതാവ് ഇടിക്കുളയുടെ അഭിലാഷ പ്രകാരമാണ് 2021 ൽ അദ്ദേഹം ഭൂമി നൽകിയത്. ദാനം കിട്ടിയ സ്ഥലത്ത് പഴവങ്ങാടിക്കര വെൺപാലപ്പറമ്പിൽ വി.ആർ. മോഹനൻ എന്നയാൾ വീട് വയ്ക്കാനുള്ള പ്രാരംഭ പ്രവർത്തനം തുടങ്ങി. ഇതോടെ പ്രദേശവാസികളായ ബൈജു സെബാസ്റ്റ്യൻ, കെ.ഇ. മാത്യു, ടോണി റോയ് മാത്യു, ജിജോ വർഗീസ് ജോർജ്, എ.ടി ജോയിക്കുട്ടി, ഷേർലി ജോർജ് എന്നിവർ എത്തി തടഞ്ഞു. ഇവിടം പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ ഭീഷണി. മോഹനനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
പൊലീസ് ട്രെയിനിങ് കോളജിൽ ജോലി ചെയ്തിരുന്ന ഡിവൈ.എസ്‌പി സെബാസ്റ്റ്യന്റെ മകനാണ് ബൈജു. ഇതു കാരണം ഇയാൾക്ക് പൊലീസിൽ നല്ല സ്വാധീനമാണ്. പൊലീസും അധികാര കേന്ദ്രങ്ങളും ഇയാൾക്കൊപ്പം നില കൊണ്ടുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. വർഗീസ് ദാനം ചെയ്ത ഭൂമിയിലേക്ക് പ്രവേശിക്കാൻ ഒരു പൊതുവഴി ഉണ്ടായിരുന്നു. എന്നാൽ, ഇത് പൊതുവഴിയല്ലെന്നും തന്റെ സ്വകാര്യസ്വത്താണെന്നും കാട്ടി ബൈജു സെബാസ്റ്റ്യൻ കോടതിയിൽ നിന്ന് ഇൻജക്ഷൻ ഉത്തരവ് സമ്പാദിച്ചു.
പട്ടികജാതിക്കാർക്ക് നൽകിയ ഭൂമിയിലേക്കുള്ള വഴി അടച്ചു പൂട്ടി ഗേറ്റ് സ്ഥാപിച്ചു. ഈ വഴിയോട് ചേർന്നുണ്ടായിരുന്ന പഞ്ചായത്ത് കിണർ ഇടിച്ചു നിരത്തി. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള കിണർ ആയതിനാൽ ഇത് നശിപ്പിച്ചതിലൂടെ 1.50 ലക്ഷം രൂപ പൊതുമുതലിന് നഷ്ടമുണ്ടാക്കിയെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. മന്ദമരുതി വട്ടാർകയം റോഡിൽ പഞ്ചായത്ത് റോഡിൽ നിന്ന് ഏകദേശം 750 മീറ്റർ മാറി വലതു വശത്തായിട്ടാണ് കിണറിന്റെ സ്ഥാനം. ഈ കിണറിൽ നിന്നാണ് പട്ടികജാതി കുടുംബങ്ങൾ വെള്ളം എടുത്തിരുന്നത്. ഇതാണ് ചുറ്റുമതിൽ തകർത്ത് മൂടിയത്.
ഒരു ഇൻജക്ഷൻ ഉത്തരവിന്റെ മറവിൽ പൊലീസ് സംരക്ഷണയിലായിരുന്നു ഇതെല്ലാം ചെയ്തത്. പട്ടികജാതിക്കാർക്കുള്ള കുടിവെള്ളം തടസപ്പെടുത്തിയെന്ന് കാട്ടി റാന്നി പഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറി എസ്.സി/എസ്.ടി കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. ഭൂമി ലഭിച്ച മോഹനനും പരാതി കൊടുത്തു. പൊലീസിന്റെ സഹായത്തോടെ നടന്ന കുറ്റകൃത്യത്തിന് കേസ് എടുക്കാൻ അധികാരികൾ തയാറായില്ല. തുടർന്ന് പത്തനംതിട്ട ജില്ലാ കലക്ടർ, തിരുവല്ല ആർ.ഡി.ഒ, എസ്.സി/എസ്.ടി കമ്മിഷൻ എന്നിവർക്ക് പരാതി അയച്ചു. ജില്ലാ എസ്.സി/എസ്.ടി ഓഫീസർ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് കമ്മിഷന് നൽകുകയും ചെയ്തു.
കമ്മിഷൻ കേസെടുത്ത് അന്വേഷണം നടത്താൻ റാന്നി ഡിവൈ.എസ്‌പിയെ ചുമതലപ്പെടുത്തി. പട്ടികജാതിക്കാർക്കുള്ള വഴി തടസപ്പെടുത്തി, അവരുടെ കുടിവെള്ളം മുട്ടിച്ചു എന്നീ വകുപ്പുകൾ ഇട്ടാണ് കേസെടുക്കാൻ നിർദേശിച്ചത്. ഇതിൻ പ്രകാരം എടുത്ത കേസുകളിലാണ് പ്രതികൾ മുൻകൂർ ജാമ്യം നേടിയത്. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോ ജാമ്യം നേടിയതോ ഒന്നും പരാതിക്കാർ അറിഞ്ഞിരുന്നില്ല. റാന്നി പൊലീസിൽ എടുത്ത കേസിൽ നടപടി ഒന്നുമാകാതെ വന്നപ്പോൾ പരാതിക്കാരനായ മോഹനൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. അപ്പോഴാണ് രണ്ടു കേസുകളിൽ പ്രതികൾ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതായി അറിഞ്ഞത്.
1989 പട്ടികജാതി/വർഗ പീഡന നിരോധന നിയമം അനുസരിച്ച് പട്ടികജാതിക്കാർ വാദികളായ കേസുകളിൽ എന്തു നടപടി എടുത്താലും അവരെ അറിയിക്കണമെന്നും അവരുടെ ഭാഗം കേൾക്കണമെന്നുമുണ്ട്. ഈ നിയമത്തിന്റെ ലംഘനം പ്രത്യക്ഷത്തിൽ കണ്ടതിനെ തുടർന്നാണ് ജാമ്യഹർജി ഹൈക്കോടതി തിരിച്ചു വിളിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്