- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ട്രെയിനിംഗ് എന്ന പേരില്‍ നഴ്സുമാരെ പീഡിപ്പിക്കാനാവില്ല! തൃശൂരില്‍ യുഎന്‍എ കൊയ്തത് ചരിത്ര വിജയം; ശമ്പളം 60,000 കടക്കും; തുടക്കക്കാര്‍ക്ക് പോലും 32,700 ഉറപ്പിച്ചു; 7 ആശുപത്രികളില്‍ സമരം പിന്‍വലിച്ചു; കോര്‍പ്പറേറ്റുകള്‍ മുഖം തിരിക്കുമ്പോള്‍ ചെറുകിടക്കാര്‍ മാതൃക; അടിസ്ഥാന ശമ്പളം 40,000 രൂപ എന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് ജാസ്മിന്‍ ഷാ
തൃശൂരില്‍ യുഎന്‍എ കൊയ്തത് ചരിത്ര വിജയം

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാരുടെ സമരപോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സമ്പൂര്‍ണ്ണ പണിമുടക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, തൃശൂരില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും (UNA) ആശുപത്രി മാനേജ്മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വന്‍ ശമ്പള വര്‍ദ്ധനവിന് ധാരണയായി. ഇതോടെ തൃശൂരിലെ പ്രധാന ആശുപത്രികളില്‍ സമരം പിന്‍വലിച്ച് നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കും.
ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍
തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ 7 പ്രമുഖ ആശുപത്രികളാണ് യുഎന്‍എ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചത്.
അടിമപ്പണിക്ക് അന്ത്യം
നഴ്സിങ് മേഖലയിലെ കാലഹരണപ്പെട്ട 'ട്രെയിനിംഗ് സമ്പ്രദായം' പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ഇനി മുതല്‍ നഴ്സുമാരെ ട്രെയിനികളായി നിര്‍ത്തി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിപ്പിക്കില്ല. തുടക്കക്കാരായ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 32,700 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ട്രെയിനികളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും അവര്‍ക്ക് ഈ ശമ്പളം നല്‍കാനും തീരുമാനമായി.
നിലവില്‍ 40,000 രൂപയോളം ഗ്രോസ് സാലറി വാങ്ങുന്ന തൃശൂരിലെ നഴ്സുമാര്‍ക്ക് 8,000 മുതല്‍ 12,000 രൂപ വരെ അധികമായി ലഭിക്കും. ഇതോടെ പല നഴ്സുമാരുടെയും ശമ്പളം 50,000 - 60,000 രൂപയിലേക്ക് ഉയരും. പുതിയ ശമ്പള പരിഷ്‌കരണം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.
കരാറില്‍ ഒപ്പിട്ട ആശുപത്രികള്‍
തൃശൂര്‍ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും 7 ആശുപത്രികളാണ് ആദ്യഘട്ടത്തില്‍ കരാറില്‍ ഒപ്പിട്ടത്:
സണ്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രി
ദയ ആശുപത്രി
എലൈറ്റ് മിഷന്‍ ആശുപത്രി
മദര്‍ ആശുപത്രി
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS)
വലിയത്ത് കിംസ് (കരുനാഗപ്പള്ളി)
അവൈറ്റിസ് ആശുപത്രി (പാലക്കാട്)
'ചെറുകിടക്കാര്‍ മാതൃക, വന്‍കിടക്കാര്‍ മുഖം തിരിക്കുന്നു'
ചെറുകിട ആശുപത്രികള്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍, വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഇപ്പോഴും വിമുഖത കാട്ടുകയാണെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. തിരുവനന്തപുരത്തെ അനന്തപുരി, എസ്.കെ ആശുപത്രികള്‍, കോട്ടയം കാരിത്താസ് എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ്, ഫാത്തിമ, മലബാര്‍ ആശുപത്രികളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
പണിമുടക്ക് മാറ്റമില്ലാതെ തുടരും
40,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ മാര്‍ച്ച് 9 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള സമ്പൂര്‍ണ്ണ പണിമുടക്ക് തുടരുമെന്ന് യുഎന്‍എ വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം മാനേജ്മെന്റുകളെ സഹായിക്കുന്നതാണെന്നും വെറും 3,000 രൂപയുടെ വര്‍ദ്ധനവ് കൊണ്ട് കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
നഴ്സുമാരുടെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് തൃശൂരിലെ ചര്‍ച്ച വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. നഴ്സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ബാലന്‍സ് ഷീറ്റ് പുറത്തുവിടാന്‍ ആശുപത്രികള്‍ തയ്യാറാകണമെന്നും യുഎന്‍എ ആവശ്യപ്പെടുന്നു. സമരം വിജയത്തിലേക്ക് നീങ്ങുന്നു എന്ന ശുഭപ്രതീക്ഷയിലാണ് നഴ്സിങ് സമൂഹം.
ജാസ്മിന്‍ ഷായുടെ വാക്കുകള്‍:
"സമ്പൂര്‍ണ പണിമുടക്കിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനുമുമ്പായി ഇന്നുതൃശൂരില്‍, ഓള്‍ ഇന്ത്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്തി. രാവിലെ തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ രാവിലെ 11 നാണ് ചര്‍ച്ച ആരംഭിച്ചത്. താരതമ്യേന ചെറുകിട ആശുപത്രികളാണ് യുഎന്‍എയുമായി ചര്‍ച്ചയ്ക്ക് തയ്യാറായാണത്. വന്‍കിട ആശുപത്രികളുടെ ഗണത്തില്‍, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സ് ചര്‍ച്ചയുടെ ഭാഗമായി.
ചെറുകിട ആശുപത്രികള്‍ യുഎന്‍എയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് അറിയിക്കുന്നതില്‍ വളരയേറെ സന്തോഷം. പല ആളുകളും പ്രചരിപ്പിച്ചത് ചെറുകിട ആശുപത്രികള്‍ക്ക് ഇതുകൊടുക്കാന്‍ സാധിക്കില്ല എന്നാണ്. പക്ഷേ ചെറുകിട ആശുപത്രികള്‍ ഇക്കാര്യത്തില്‍ മുന്നോട്ടുവന്നത് യുഎന്‍എയുടെ ആത്മിശ്വാസവും ആവേശവും വര്‍ദ്ധിപ്പിക്കുന്നു.
യുഎന്‍എയുടെ മുഴുവന്‍ യൂണിറ്റ് ഭാരവാഹികളും, മുഴുവന്‍ ജില്ലാ-സംസ്ഥാന നേതാക്കളും, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. സണ്‍ മെഡിക്കല്‍ ആശുപത്രി ഉടമ പ്രതാപ് വര്‍ക്കി, ദയ ആശുപത്രി എംഡി ഡോ.അബ്ദുല്‍ അസീസ്, മദര്‍ ആശുപത്രി, എലൈറ്റ് ആശുപത്രി, പാലക്കാട് അവൈറ്റിസ് ആശുപത്രി, തുടങ്ങിയ മാനേജ്‌മെന്റുകള്‍ സന്നിഹിതരായിരുന്നു.
ഏറ്റവും ഗംഭീരമായ നേട്ടമെന്ന് പറഞ്ഞാല്‍, ട്രെയിനിംഗ് സമ്പ്രദായം പരിപൂര്‍ണമായി അവസാനിപ്പിച്ചുവെന്നതാണ്. ഇനി മുതല്‍ യുഎന്‍എയുടെ ഭാഗമായി നില്‍ക്കുന്ന ഒരു ആശുപത്രിയിലും ട്രെയിനിങ് സമ്പ്രദായം ഉണ്ടാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്. വര്‍ഷങ്ങളായി കരാറെന്നും, ട്രെയിനിങ്ങെന്ന പേരിലും മറ്റും വര്‍ഷങ്ങളായി നഴ്‌സുമാരെ പീഡിപ്പിക്കുന്ന, അടിമസമാനമായി അനങ്ങാന്‍ വിടാത്ത ഈ സമ്പ്രദായത്തിന് ഇത്തവണ യുഎന്‍എ അന്ത്യം കുറിച്ചിരിക്കുന്നു.
ആദ്യമായി ജോലിയില്‍ കയറുന്ന നഴ്‌സിന് ഇപ്പോള്‍ കിട്ടുന്നത് 10,000, 15,000 ഒക്കെയാണ്. അവരുടെ ശമ്പളം 32,700 രൂപയായി വര്‍ദ്ധിപ്പിച്ചു. ഏറ്റവും ഗംഭീരമായ തീരുമാനം. ഏപ്രില്‍ 1 മുതല്‍ ഈ ശമ്പളം പ്രാബല്യത്തില്‍ വരും. തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് നിലവിലുള്ള 40,000 ത്തിനടുത്ത്‌ഗ്രോസ് സാലറിക്ക് പുറമേ, 8,000 മുതല്‍ 12,000 വരെ ശമ്പള വര്‍ദ്ധന കിട്ടും. അതായത് ഏകദേശം 50,000 മുതല്‍ 60,000 രൂപ വരെ ശമ്പളം വാങ്ങുന്ന നഴ്‌സുമാര്‍ സ്വകാര്യ ആശുപത്രികളില്‍ ഉണ്ടായിട്ടുണ്ട്. ഇത്് യുഎന്‍എയുടെ സമരത്തിന്റെ ഏറ്റവും വലിയ വിജയമാണിത്. നഴ്‌സിങ് അദ്ധ്യാപകര്‍ക്കും തത്തുല്യമായ ശമ്പള വര്‍ദ്ധന അനുവദിച്ചിട്ടുണ്ട്. നിലവില്‍ ട്രെയിനിങ്ങായി ജോലി നോക്കുന്നവരെ എല്ലാം സ്ഥിരം ജീവനക്കാരാക്കാനും തീരുമാനിച്ചു. അവരെ 32,700 രൂപ എന്ന ശമ്പളത്തിലേക്ക് മാറ്റും.
തൃശൂരിലെ സണ്‍ മെഡിക്കല്‍ ആശുപത്രി, ദയ ആശുപത്രി, എലൈറ്റ് മിഷന്‍ ആശുപത്രി, മദര്‍ ആശുപത്രി, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കരുനാഗപ്പള്ളി വലിയകത്ത് കിംസ്, പാലക്കാട് അവൈറ്റിസ് ആശുപത്രി എന്നിങ്ങനെ 7 ആശുപത്രികളാണ് കരാറില്‍ ഒപ്പിട്ടത്. ഈ ആശുപത്രികളില്‍ സമരം പിന്‍വലിച്ച് നഴ്‌സുമാര്‍ ജോലിക്ക് കയറും.
തിരുവവന്തപുരം അനന്തപുരി, എസ്‌കെ, കോട്ടയം കാരിത്താസ് എന്നിവരുമായി ചര്‍ച്ച പുരോഗമിക്കുന്നു. കോഴിക്കോട് ആസ്‌റ്റേണ്‍ ആശുപത്രി, ഫാത്തിമ ആശുപത്രി, മലബാര്‍ ആശുപത്രി എന്നിവരുമായി അടുത്ത ദിവസങ്ങൡ ചര്‍ച്ച നടക്കും. ചെറുകിട ആശുപത്രികളാണ് ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായത്. കോര്‍പറേറ്റ് ആശുപത്രികളാണ മുഖം തിരിച്ചുനില്‍ക്കുന്നത്. സമരം തുടങ്ങി ഒരാഴ്ച പിന്നിടുന്നു. സമരം വിജയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ." -ജാസ്മിന്‍ ഷാ
അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങിയത്. മാര്‍ച്ച് ഒന്‍പത് മുതല്‍ സമ്പൂര്‍ണ പണിമുടക്ക് ആരംഭിക്കുമെന്നും സമരം സ്വകാര്യ ആശുപത്രികളുടെ മുന്നിലേക്ക് മാറ്റുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ 2018നെ അപേക്ഷിച്ച് തുച്ഛമായ വര്‍ധനവ് മാത്രമാണുള്ളത്. കേവലം 3000 രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. അടിസ്ഥാന ശമ്പളം 40000 രൂപ വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. മാനേജ്‌മെന്റിനെ സഹായിക്കുന്ന കരട് വിജ്ഞാപനമാണ് സര്‍ക്കാര്‍ ഇറക്കിയത്. 40000 രൂപ ശമ്പളം നല്‍കുന്ന മാനേജ്‌മെന്റുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കും.
40000 രൂപ ശമ്പളം അടിസ്ഥമാക്കി സര്‍ക്കാര്‍ ഗസ്റ്റ് വിജ്ഞാപനം ഇറക്കണം. മാര്‍ച്ച് ഒന്‍പത് മുതല്‍ സമരം മാനേജ്‌മെന്റുകളുടെ മുന്നിലേക്ക് മാറ്റും. 40000 രൂപ അടിസ്ഥാന ശമ്പളം നല്‍കാത്ത എല്ലാ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെയും ശക്തമായ സമരം നടത്തും. സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കി ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടുകയാണ്. ആശുപത്രികള്‍ അവരുടെ ബാലന്‍സ് ഷീറ്റ് പുറത്തുവിടണം. സര്‍ക്കാര്‍ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഫീസ് ഏകീകരിക്കണം. ശമ്പളം കൊടുക്കാന്‍ തയ്യാറാകുന്ന ആശുപത്രികളുമായി യുഎന്‍എ ചര്‍ച്ച നടത്തും. 13 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ 40000 രൂപ ശമ്പളം നല്‍കാന്‍ തയ്യാറായിട്ടുണ്ട്.


