- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ മനസ്സമാധാനം തരുന്ന കാര്യം.. കാലങ്ങളായി ടോര്‍ച്ചര്‍ അനുഭവിച്ചു കൊണ്ടിരിക്കയായിരുന്നു; മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു, കര്‍ശന നടപടി എടുക്കുമെന്ന് അദ്ദേഹം വാക്കു നല്‍കിയിരുന്നു; ബോച്ചെക്കെതിരെ പരാതി നല്കാന് വൈകിപ്പോയി; ബോബിയുടെ കസ്റ്റഡിയില്‍ പ്രതികരിച്ചു ഹണി റോസ്
വളരെ മനസ്സമാധാനം തരുന്ന കാര്യം..
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ കസ്റ്റഡിയില്‍ പ്രതികരിച്ചു നടി ഹണി റോസ്. മനസ്സിന് വളരെ സമാധാനം നല്‍കുന്നതാണ് പോലീസ് നടപടിയെന്ന് ഹണി പ്രതികരിച്ചു. കുറച്ചു കാലങ്ങളായി കടുത്ത ടോര്‍ച്ചറിങ് അനുഭവിച്ചു വരികയായിരുന്നു. മോശം പരാമര്‍ശം നടത്തിയതിന് ശേഷം അരുതെന്ന് പറഞ്ഞിട്ടും തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്തത്. ഇത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന അവസ്ഥയായിരുന്നുവെന്നും ഹണി പറഞ്ഞു.
പിന്നാലെ നടന്ന് ആക്രമിച്ചതോടെയാണ് നിയമ പോരാട്ടം നടത്തിയത്. കുടുംബവും ഇതില്‍ തനിക്കൊപ്പം നിന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞു. താനും തന്റെ പോലീസ് വകുപ്പും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാക്കു നല്‍കിയിരുന്നുവെന്നും ഹണി പറഞ്ഞു. ഇതുവരെ തന്നെ അപമാനിച്ചതില്‍ പ്രതികരിക്കാതിരുന്നതു കൊണ്ടുള്ള ധൈര്യത്താലാകാം അയാള്‍ വീണ്ടും മോശമായി പ്രതികരിച്ചത്. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ താന്‍ അത് ആസ്വദിക്കുന്നു എന്ന് കരുതുന്ന അവസ്ഥ വന്നു. അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിച്ചത്. കുറച്ചു നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഹണി പറഞ്ഞു.
താന്‍ ബോബിക്കെതിരെ നിയമ പോരാട്ടം നടത്തിയപ്പോള്‍ സിനിമാക്കാര്‍ അടക്കമുള്ളവര്‍ പിന്തുണച്ചിരുന്നു. ആര്‍ക്കുമെതിരെ എന്തു പറയാം എന്ന അവസ്ഥ മാറണമെന്നതു കൊണ്ടാണ് നിയമപോരാട്ടം നടത്തിയതെന്നുംഹണി വ്യക്തമാക്കി. തന്നെ പോലെ സിനിമാ രംഗത്തുള്ള പലരെയും അവഹേളിക്കുന്നുണ്ട്. ഞാന്‍ അടക്കം കുറേക്കാലം നിശബ്ദമായി നിന്നു. ഒടുവിലാണ് പരാതി നല്‍കിയത്. ഒരു അധിക്ഷേപം ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ആ സമയത്ത് റിയാക്ട് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. അതൊരു യാഥാര്‍ഥ്യമാണ് -ഹണി പറഞ്ഞു.
വയനാട്ടിലെ റേിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനായിരുന്നു നീക്കം. മുന്‍ കൂര്‍ജാമ്യ ഹര്‍ജി നല്‍കാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതി നല്‍കിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോര്‍ട്ടിലേക്ക് ഇയാള്‍ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍.
അതേസമയം, ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.
'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നേരിട്ടെത്തി താരം പരാതി നല്‍കുകയും ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.