ബെയ്‌റൂത്ത്: ഹിസ്ബുള്ളയെ കൊണ്ടുള്ള ഉപദ്രവം തീര്‍ക്കാന്‍ ഇനി എന്ത് വഴികളാണ് ഇസ്രയേല്‍ സ്വീകരിക്കുക? ഹമാസിനെ നിലംപരിശാക്കാന്‍ ഗാസ സിറ്റിയെ ചുട്ടെരിച്ച ഇസ്രായേലിന്റെ ശൈലികള്‍ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഇപ്പോള്‍ ലെബനിലേക്ക് ഇസ്രായേല്‍ ചുവടുവെക്കുമ്പോള്‍ പലവിധത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇസ്രയേലിന്റെ നീക്കങ്ങള്‍ പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്നതിലാണ് ലോകത്തിന് ആശങ്കയുള്ളത്. അതേസമയം ഇനിയൊരു സമ്പൂര്‍ണ്ണ യുദ്ധം ഇസ്രായേല്‍ താങ്ങുമോ എന്നതും ചര്‍ച്ചാവിഷയമായി നില്‍ക്കുന്നു.

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇന്നലെ അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഇന്നലെ നടത്തിയത്. 492 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ലബനനില്‍ നടത്തിയ പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആക്രമം ഇസ്രയേല്‍ നടത്തിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുളളയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്ന സ്വന്തം നാട്ടുകാരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതാണ് ഇസ്രയേലിന്റെ പരമപ്രധാനമായ ലക്ഷ്യം.

തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുളളക്ക് കനത്ത നാശം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാറി അവകാശപ്പെടുന്നത്. എന്നാല്‍ ഹിസ്ബുള്ളക്ക എതിരായ പോരാട്ടം എന്നവസാനിപ്പിക്കും എന്ന് പറയാന്‍ ഹഗാറി വിസമ്മതിച്ചു. വേണ്ടി വന്നാല്‍ ലബനനുമായി നേരിട്ടൊരു കരയുദ്ധത്തിന് തന്നെ ഇസ്രയേല്‍ തയ്യാറാകും എന്ന സൂചനയും ഹഗാറി നല്‍കി. ഹിസ്ബുള്ളയുടെ ശല്യം തീര്‍ക്കാന്‍ ഇനി ഇസ്രയേലിന് മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന് നിലവിലെ വ്യോമാക്രണം തുടരുക എന്നുള്ളത് തന്നെ.

സര്‍വ്വശക്തിയുമെടുത്ത് ഹിസ്ബുള്ളയെ തകര്‍ക്കുക എന്നത് തന്നെയായിരിക്കും ഇസ്രയേല്‍ പ്രാധാന്യം നല്‍കുക. ലബനന്‍ അതിര്‍ത്തിയി്ല്‍

ഉടനീളം ഗാസയില്‍ ഹമാസ് ചെയതത് പോലെ വ്യാപകമായി ഹിസ്ബുള്ളയും തുരങ്കങ്ങള്‍ തീര്‍ത്തിട്ടുണ്ട് എന്ന് കൃത്യമായി ഇസ്രയേലിന് അറിയുകയും ചെയ്യാം. രണ്ടാമത് ഒരു ബഫര്‍സോണ്‍ സൃഷ്ടിച്ച് ലബനീസ് അതിര്‍ത്തി സുരക്ഷിതമാക്കുക എന്നതാണ്. ആറ് മൈല്‍ മുതല്‍ 12 മൈല്‍ വരെ ആയിരിക്കും ഈ ബഫര്‍സോണ്‍ ഉണ്ടായിരിക്കുക. പതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഇസ്രയേല്‍ സൈനികരെ ഇവിടേക്ക് നിയോഗിക്കുക എന്നുള്ളതും ആലോചനയിലാണ്.

നേരത്തേ 1982 മുതല്‍ 2000 വരെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ഇത്തരത്തില്‍ ഒരു ബഫര്‍സോണ്‍ ഒരുക്കിയിരുന്നു. ഇനിയൊരു മാര്‍ഗ്ഗമുള്ളത് ബെയ്റൂട്ടിന്റെ തലസ്ഥാനമായ ബെയ്റൂട്ട് പിടിച്ചെടുക്കുക എന്നതാണ്. ലബനന് നേര്‍ക്ക് അതിശക്തമായ ആക്രമണം നടത്തി തലസ്ഥാനമായ ബെയ്റൂട്ട് പിടിച്ചെടുത്താല്‍ ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതായിരിക്കും. 1982 ല്‍ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ തുരത്താനായി ഇസ്രയേല്‍ സൈന്യം ബെയ്റൂട്ട് പിടിച്ചെടുത്തിരുന്നു.

അന്ന് ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അവസാനമായി സമാധാനം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ വേണമെങ്കില്‍ പരിഗണിക്കാവുന്നതാണ് എങ്കിലും ഇരു കൂട്ടരും ഇതിന് എത്രത്തോളം തയ്യാറാകും എന്നതാണ് ചോദ്യം. 1982ലും 2006 ലും ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകാനുള്ള സാധ്യതയും കൂടുതലാണ്.

ഹിസ്ബുള്ളയെ എഴുതിതള്ളാന്‍ കഴിയില്ല

ഇസ്രായേലിലേക്ക് മിസൈലുകള്‍ നിരന്തരം അയക്കുന്നുണ്ട് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള. ഗാസയിലെ അധിനിവേശം ഒരു വര്‍ഷം പൂര്‍ത്തിയാകാനൊരുങ്ങുമ്പോള്‍ അതുകൊണ്ട് തന്നെ മറ്റൊരു യുദ്ധത്തിന് ഇസ്രായേല്‍ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലബനാനിലെ പോരാട്ടം ഇസ്രായേലിന് അത്രക്ക് എളുപ്പമാവില്ലെന് വിലയിരുത്തലുകളുമുണ്ട്.

ഹമാസിനെതിരായ യുദ്ധം ഇസ്രായേല്‍ സൈന്യത്തെ തളര്‍ത്തിയിട്ടുണ്ട്. ആവശ്യമായ തോതിലുള്ള സൈനികരുടെ സേവനം ഇസ്രായേലിന് ലഭ്യമാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമേ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ബന്ദികളെ തിരിച്ചെത്തിക്കാനും വെടിനിര്‍ത്തലിനുമായി വലിയ സമ്മര്‍ദം പൊതുജനങ്ങളില്‍ നിന്നും ഇസ്രായേല്‍ ഭരണകൂടം നേരിടുന്നുമുണ്ട്. ഇതിനിടയിലാണ് പുതിയ പോര്‍മുഖം രാജ്യം തുറന്നിരിക്കുന്നത്. രാജ്യത്തിനകത്ത് തന്നെയുള്ള മറ്റൊരു രാജ്യമാണ് ഹിസ്ബുള്ള. അതുകൊണ്ട് ഇസ്രായേല്‍ നീക്കം ഏകപക്ഷീയമാകാന്‍ കഴിയില്ല.

ഇറാനാണ് ഹിസ്ബുള്ളുടെ പ്രധാന പങ്കാളികളിലൊരാള്‍. യുദ്ധം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ ആളും അര്‍ഥവും നല്‍കി ഹിസ്ബുല്ലയെ പിന്തുണക്കാന്‍ ഇറാനുണ്ടാവും. 30,000 മുതല്‍ 50,000 വരെ സൈനികര്‍ ഹിസ്ബുല്ലക്ക് ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ നേതാവ് ഹസന്‍ നസറല്ല പറഞ്ഞത് ഒരു ലക്ഷം പേരുടെ പട തങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നാണ്. രണ്ട് ലക്ഷത്തോളം റോക്കറ്റുകളും അവരുടെ കൈവശമുണ്ട്. 250 മുതല്‍ 300 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുള്ള 1500 ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും ഹിസ്ബുല്ലയുടെ കരുത്താണ്. ഇസ്രായേലിന്റെ റാമത് ഡേവിഡ് എയര്‍ബേസ് ലക്ഷ്യമാക്കി അവര്‍ തൊടുത്തത് ഈ ബാലിസ്റ്റിക് മിസൈലുകളായിരുന്നു.

രണ്ടാമതൊരു യുദ്ധത്തിലേക്ക് കൂടി കടക്കേണ്ടി വന്നാല്‍ ഇസ്രായേലിന് അവരുടെ യുദ്ധതന്ത്രങ്ങളില്‍ മാറ്റേണ്ടി വരും. ഗസ്സക്കൊപ്പം വടക്കന്‍ അതിര്‍ത്തിയില്‍ കൂടി അവര്‍ക്ക് കൂടുതല്‍ ശ്രദ്ധവെക്കേണ്ടി വരും. ഇസ്രായേല്‍ മാധ്യമങ്ങള്‍ തന്നെ പ്രതിരോധസേനയിലെ ആള്‍ക്ഷാമത്തെ കുറിച്ച് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇനിയൊരു യുദ്ധം കൂടിയുണ്ടായാല്‍ ഇത് പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് ഇസ്രായേലിനെ നയിക്കും.

ഇസ്രായേലിന് നേരിടാനുള്ള മറ്റൊരു വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കണക്ക് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വലിയ പ്രതിസന്ധിയാണ് ഇസ്രായേല്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ലബാനാനില്‍ കൂടി യുദ്ധം തുടങ്ങിയാല്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പാണ്. അമേരിക്ക ഒപ്പം നിന്നില്ലെങ്കില്‍ ഇസ്രായേല്‍ യുദ്ധതാല്‍പ്പാര്യം കുറയ്ക്കാനാണ് സാധ്യത.