ലണ്ടന്‍: അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാന് മേല്‍ നടത്തുന്ന സംയുക്താക്രമണം ലോകത്തെ ഏതാണ്ട് നിശ്ചലമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിംഗ് ഫ്‌ലൈറ്റ് പാത അടച്ചുപൂട്ടിയതോടെ അനേകരാണ് അനിശ്ചിതാവസ്ഥയില്‍ ആയിരിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, എന്നീ ഭൂഖണ്ഡങ്ങളെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന മൂന്ന് സുപ്രധാന വിമാനത്താവളങ്ങള്‍ അടച്ചിട്ടതോടെ യാത്രാ ദുരിതം വര്‍ദ്ധിക്കുകയായിരുന്നു. അതിനിടയില്‍, മദ്ധ്യപൂര്‍വ്വദേശത്ത് കുടുങ്ങിപ്പോയ ബ്രിട്ടീഷുകാരെ തിരികെ നാട്ടിലെത്തിക്കാനായി ബ്രിട്ടന്‍ ചരിത്രത്തിലെ തന്നെ എറ്റവും വലിയ ഒഴിപ്പിക്കല്‍ പദ്ധതിക്ക് ഒരുങ്ങുകയാണ്. 76,000 ബ്രിട്ടീഷുകാരാണ് ഈ പദ്ധതിയുടെ ഭാഗമായി തിരികെ നാട്ടിലെത്താന്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇസ്രയേല്‍, ഖത്തര്‍, സിറിയ, ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹ്‌റെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വ്യോമപാതകള്‍ അടച്ചതോടെ വഴിയില്‍ യാത്ര മുടങ്ങുകയോ, മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയോ ചെയ്തവരാണ് ഇവരിലധികവും. യു എ ഇയ്ക്ക് മുകളിലൂടെയും വിമാനങ്ങള്‍ പറക്കുന്നില്ല. ദുബായ്, അബുദാബി, ഖത്തര്‍ വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടച്ചിടുകയും, ബ്രിട്ടീഷ് എയര്‍വേയ്‌സ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക്, എന്നിവരുള്‍പ്പടെ പല പ്രമുഖ ആഗോള വിമാനക്കമ്പനികളും സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെയാണ് ദുരിതം ഏറിയത്. ആയിരക്കനക്കിന് വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇറാന്റെ പ്രതികാര നടപടിക്ക് ഇരകളാകുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അതിന്റെ പ്രശസ്ത ലാന്‍ഡ് മാര്‍ക്കായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിനും ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ പറ്റിയിരുന്നു. അതേസമയം, യു എ ഇ തലസ്ഥാനത്തെ സയ്യദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അബുദാബി എയര്‍പോര്‍ട്ട്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവര്‍ ആ പോസ്റ്റ് പിന്‍വലിച്ചു. മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രധാന ഏഴ് വിമാനത്താവളങ്ങളില്‍ നിന്നുള്ള 3,400 ല്‍ അധികം വിമാസ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദ് ചെയ്തത്.

മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന എമിരേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ് തുടങ്ങിയ എയര്‍ലൈനുകളുടെ മാത്രം 1800 ല്‍ അധികം സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. പ്രതിദിനം 90,000 ല്‍ അധികം യാത്രക്കാര്‍ കടന്നു പോകുന്ന ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങള്‍ കൂടി അടച്ചു പൂട്ടിയതോടെ ഭൂമിയുടെ പശ്ചിമാര്‍ദ്ധഗോളവും പൂര്‍വ്വാര്‍ദ്ധഗോളവും തമ്മിലുള്ള ബന്ധം തന്നെ ഏതാണ്ട് വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

അതിനിടയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ രണ്ട് വിമാനത്താവളങ്ങളിലുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തെ യു എ ഇ ഭരണകൂടം ശക്തമായി അപലപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ രണ്ട് നാല് പേര്‍ക്ക് പരിക്കേറ്റതായി ചില റിപ്പോര്‍ട്റ്റുകള്‍ പറയുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയും ആക്രമണം നടന്നതായി ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇറാന്‍ പരസ്യമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, നേരത്തേ ഇറാന്‍ അവകാശപ്പെട്ടിരുന്നത് പോലെ അവരുടെ ആക്രമണങ്ങള്‍ ഈ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയായി മാത്രം ഒതുങ്ങിയില്ല എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

മേഖലയില്‍ സംഘര്‍ഷം മൂത്തതോടെ പല വിമാനങ്ങള്‍ക്കും വഴി തിരിച്ചുവിടേണ്ടതായും വന്നു. പലതും, സൗദിയുടെ തെക്ക് ഭാഗത്തുകൂടിയുള്ള വ്യോമപാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് യാത്രാ സമയം വര്‍ദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല, കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്നതിനാല്‍ ടിക്കറ്റ് നിരക്കും കുതിച്ചുയരുകയാണ്.