- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ മലയാളി യുവതിയെ തുടരെ കുത്തി ഭര്‍ത്താവ്; ഗുരുതരാവസ്ഥയിലായ യുവതിയ്ക്ക് നോട്ടിംഗാം ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി അടിയന്തിര ശസ്ത്രക്രിയ; ഭര്‍ത്താവ് അറസ്റ്റില്‍; പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; യുവതിയുടെ നാട്ടിലെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ച ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ മറുനാടനില്‍
ബ്രിട്ടനില്‍ മലയാളി യുവതിയെ തുടരെ കുത്തി ഭര്‍ത്താവ്; യുവതി ഗുരുതരാവസ്ഥയില്‍
ലണ്ടന്‍: ഒന്നര വര്‍ഷം മുന്‍പ് കേറ്ററിംഗില്‍ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ദുരന്തത്തെ ഓര്‍മപ്പെടുത്തി ഭയാനകമായ കൊലപാതക ശ്രമം ലിങ്കണ്‍ഷെയറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രദേശവാസികള്‍ പോലും കാര്യമായി അറിയാതെ പോയ സംഭവത്തെ കുറിച്ച് നിയമപരമായ കാരണങ്ങളാല്‍ മറുനാടന്‍ മലയാളിക്ക് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുവാന്‍ ഈ ഘട്ടത്തില്‍ പ്രയാസമുണ്ട്. എങ്കിലും കോട്ടയം സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ മാരക ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എങ്കിലും ജീവഹാനിക്കുള്ള സാധ്യത കുറയുന്നു എന്ന പ്രതീക്ഷയും പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുവതിയുടെ നാട്ടിലെ ബന്ധുക്കളെ വിവരം പൂര്‍ണമായും ധരിപ്പിക്കാത്തതും കൂടുതല്‍ വക്തിഗത വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ഈ ഘട്ടത്തില്‍ പുറത്തു വരുന്നത് ശരിയല്ലെന്ന ചിന്തയിലാണ് മറുനാടന്‍ കുത്തേറ്റ യുവതിയുടെ വിവരങ്ങള്‍ ഇപ്പോള്‍ മറച്ചു വയ്ക്കുന്നത്.
ഇന്നലെ ഉച്ചക്ക് വീട്ടുവഴക്കിനെ തുടര്‍ന്നാണ് കലികയറിയ ഭര്‍ത്താവ് മാരകമായ വിധത്തില്‍ തുടരെ തുടരെ കുത്തി യുവതിയെ പരുക്കേല്‍പിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് വരെ മുറിവേല്‍കുന്ന ആഴത്തില്‍ ഉള്ള മുറിവാണ് യുവതിക്ക് ഏറ്റിരിക്കുന്നത്. ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് ഇപ്പോള്‍ വ്യക്തമല്ല. വീട്ടില്‍ വഴക്കും അലമുറയും കേട്ടതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് ചോര വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തുന്നത്.
ഉടന്‍ ഏറ്റവും അടുത്ത സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആയ നോട്ടിംഗാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിയിലേക്ക് യുവതിയെ എത്തിക്കുക ആയിരുന്നു. യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ ഉള്ള വിധത്തില്‍ രക്തസമ്മര്‍ദ്ദം അടക്കമുള്ള ശരീര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കാത്തിരുന്ന ഡോക്ടര്‍മാര്‍ രാത്രിയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് യുവതിയെ വിധേയമാക്കുക ആയിരുന്നു. നിലവില്‍ യുവതിയുടെ ആരോഗ്യ നില നിയന്ത്രണ വിധേയമാണ് എന്ന സൂചനയും പുറത്തു വരുന്നുണ്ട്.
അതിനിടെ യുവാവിന് എതിരെ കൊലപാതക്കുറ്റമാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ തയ്യാറാവുകയാണ് ലിങ്കണ്‍ പോലീസ്. ഇന്നലെ അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല, ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കും എന്നാണ് ഇപ്പോള്‍ അറിയാനാകുന്നത്. കോടതി ഇയാളെ നേരെ റിമാന്‍ഡ് ചെയ്യുന്ന വിധം ഗൗരവമുള്ള വകുപ്പുകളാണ് ചാര്‍ജ് ഷീറ്റില്‍ പോലീസ് ഉള്‍പ്പെടുത്തുന്നത് എന്നും സൂചനയുണ്ട്.
അതിനാല്‍ കേസ് വിചാരണ നടക്കും വരെ ഇയാള്‍ പുറം ലോകം കാണാനുള്ള സാധ്യതയും വിരളമാണ്. യുവതിയുടെ ഉറ്റ ബന്ധുക്കള്‍ യുകെയില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരം എങ്കിലും അതില്‍ സ്ഥിരീകരണം ലഭിക്കാനുണ്ട്. യുകെയില്‍ മലയാളികളിയിടയില്‍ വര്‍ധിച്ചു വരുന്ന ഗാര്‍ഹിക പീഡനത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ സംഭവത്തില്‍ ഭാഗ്യത്തിന്റെ ഇടപെടലില്‍ മാത്രമാണ് യുവതിയുടെ ജീവന്‍ നഷ്ടമാകാതിരുന്നത്.