പാലക്കാട്: കരിപ്പൂര്‍ വിമാനദുരന്തത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട വാക്കുകളിലൊന്നാണ് ഹൈഡ്രോ പ്ലെയിനിങ് അല്ലെങ്കില്‍ അക്വാ പ്ലെയിനിങ് എന്നത്. ഇതേ പ്രതിഭാസം നമ്മുടെ നിരത്തുകളിലും നടക്കാറുണ്ട്. മഴക്കാലത്ത് നിരത്തുകളില്‍ അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് അക്വാ പ്ലെയിനിങ് അഥവാ, ജലപാളി പ്രവര്‍ത്തനം. ഇത് തന്നെയാണ് പനയമ്പാടത്തും നാല് കുരുന്നുകളുടെ ജീവനെടുത്തത്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതത്തില്‍ പോകുമ്പോള്‍ ടയറിന്റെയും റോഡിന്റെയും ഇടയില്‍ ജലപാളി രൂപപ്പെടുകയും, ഇതേതുടര്‍ന്ന് ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്ന അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോ പ്ലെയിനിങ് അല്ലെങ്കില്‍ അക്വാ പ്ലെയിനിങ്.

പാലക്കാട് പനയമ്പാടത്ത് നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തില്‍ ലോറി ജീവനക്കാരുടെ മൊഴി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നാണ് ആര്‍ടിഒ പറയുന്നത്. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്‌നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് ഇവിടെ അപകടം നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ പറയുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് മറിഞ്ഞ ലോറിയുടെ ഡ്രൈവറുടെ മൊഴി. റോഡില്‍ തെന്നലുണ്ടായിരുന്നു. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. അപകട കാരണം മറ്റൊരു ലോറി ഇടിച്ചതാണെന്നാണ് പൊലീസും പറയുന്നത്. പാലക്കാടേക്ക് പോവുകയായിരുന്ന ലോറി സിമന്റ് ലോറിയില്‍ ഇടിച്ചു. ഇതോടെ നിയന്തണംവിട്ട ലോറി മറിയുകയായിരുന്നു. ഹൈഡ്രോ പ്ലെയിനിങ് എന്ന സാങ്കേതികത്വം ഇവിടെയും ഉണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അങ്ങിനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്. വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും ബ്രേക്കിങ്ങും നിയന്ത്രണമെല്ലാം യന്ത്രത്തിന്റെ പ്രവര്‍ത്തനം മൂലമാണെങ്കിലും വാഹനത്തിന് ചലനമേകുന്നത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണത്തിന്റെ ഫലമായാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ ടയറിന്റെ പമ്പിങ്ങ് ആക്ഷന്‍ മൂലം ടയറിലെ താഴ്ഭാഗത്തായി ഒരു പാളി രൂപപ്പെടും. സാധാരണ ഗതിയില്‍ റോഡിലെ ജലം ടയറിലെ ത്രെഡുകളില്‍ നല്‍കിയിട്ടുള്ള ചാലുകളിലൂടെ പമ്പുചെയ്ത് കളഞ്ഞ് ടയറും റോഡും തമ്മിലുള്ള കോണ്ടാക്ട് നിലനിര്‍ത്തും. എന്നാല്‍, ടയറിന്റെ വേഗത കൂടുമ്പോള്‍ പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ഈ വെള്ളം ടയറിന്റെയും റോഡിന്റെയും ഇടയില്‍ നില്‍ക്കുകയും ചെയ്യും ഇതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. ഇതാണ് പനയമ്പാടത്തും ഉണ്ടായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

റോഡും ടയറുമായുള്ള സമ്പര്‍ക്കം വേര്‍പെടുന്നതോട് കൂടെ ബ്രേക്കിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും സ്റ്റിയറിങ്ങിന്റെയും പ്രവര്‍ത്തനം നിയന്ത്രണാതീതമാകുകയും, വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും. ഇതോടെ വാഹനം തെന്നി മറിയും. വാഹനത്തിന്റെ വേഗത വര്‍ധിക്കുന്നത് ഹൈഡ്രോ പ്ലെയിനിങ്ങിന്റെ സാധ്യതയും ഉയര്‍ത്തും. ടയറിന്റെ തേയ്മാനം മൂലം സ്പില്‍വേയുടെ കട്ടി കുറയുന്നതോടെ പമ്പിങ്ങ് കപ്പാസിറ്റിയും കുറയും. ഇത് ഹൈഡ്രോ പ്ലെയിനിങ്ങിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഹൈഡ്രോ പ്ലെയിനിങ്ങുണ്ടാാക്കുന്നതില്‍ വാഹനത്തിന്റെ വേഗതയാണ് ഏറ്റവും പ്രധാന കാരണം. ഭാരം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ് കുറയും. റാഡ് പ്രതലത്തിന്റെ സ്വഭാവം- മിനുസവും ഓയിലിന്റെ സാന്നിധ്യവും പ്ലെയിനിങ് വര്‍ദ്ധിപ്പിക്കും. ഹൈഡ്രോ പ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രം നഷ്ടപ്പെടുമെന്ന് തോന്നിയാല്‍ ആക്സിലറേറ്ററില്‍ നിന്ന് ആദ്യം കാല്‍ മാറ്റേണ്ടതാണ്. സഡന്‍ ബ്രേക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനൊപ്പം സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനവും നിയന്ത്രണത്തിലാക്കണം.

ഹൈഡ്രോ പ്ലെയിനിങ് തടയാന്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ വേഗത നിയന്ത്രിച്ച് പോകുകയെന്നതാണ്. ഇതിനൊപ്പം, തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് ഒഴിവാക്കുകന്നതും ഹൈഡ്രോ പ്ലെയിനിങ്ങിനെ പ്രതിരോധിക്കാന്‍ സഹായിക്കും.