ആലപ്പുഴ: വാര്‍ത്താ ലോകത്ത് സാധാരണയായി അബദ്ധങ്ങള്‍ ഏറ്റവും കുറച്ച് സംഭവിക്കുന്നത് പത്രമാധ്യമങ്ങളിലാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചാനലുകളില്‍ ആയാലും വാര്‍ത്താ റിപ്പോര്‍ട്ടിംഗിലെ വേഗത കൂടുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് താനും. എന്നാല്‍, പത്രങ്ങളില്‍ പ്രിന്റ് ചെയ്ത് ആളുകളിലേക്ക് എത്തിക്കഴിഞ്ഞാല്‍ തെറ്റുതിരുത്തല്‍ ഏറെ ശ്രമകരമായ കാര്യവുമാണ്. അത്തമൊരു അബദ്ധം ഇന്ന് സംഭവിച്ചത് മാതൃഭൂമി ദിനപത്രത്തിനാണ്.

ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ ഒരു അധ്യാപകന്റ ചിത്രം രണ്ട് വാര്‍ത്തക്കൊപ്പം അച്ചടിച്ചു വന്നു. രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന വാര്‍ത്തകളിലാണ് ഈ ചിത്രം അച്ചടിച്ചു വന്നത്. ഒന്ന് പി.എച്ച്.ഡി നേടിയെന്ന വാര്‍ത്തയിലും മറ്റൊന്ന് 'കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍' എന്ന തലക്കെട്ടിലുള്ള വാര്‍ത്തക്കൊപ്പവുമാണ് ചിത്രം വന്നത്. പന്തളം പാറ്റൂര്‍ ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ് അസിസ്റ്റന്റ് പ്രൊഫസര്‍ എസ് ഉണ്ണികൃഷ്ണന്റെ ചിത്രമാണ് അബദ്ധത്തില്‍ വിവാദ വാര്‍ത്തക്കൊപ്പം പത്രം നല്‍കിയത്.

ആലപ്പുഴ എഡിഷനില്‍ ഇറങ്ങിയ മാതൃഭൂമി പത്രത്തിലാണ് ചിത്രം മാറിയത്. യഥാര്‍ഥത്തില്‍ പിഎച്ച്ഡി നേടിയത് സംബന്ധിച്ച കുറിപ്പിനൊപ്പമാണ് ഉണ്ണികൃഷ്ണന്റെ ചിത്രം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. ഈ വാര്‍ത്തക്കൊപ്പം ചിത്രം ശരിയായ വിധത്തില്‍ അച്ചടിച്ചു വരികയും ചെയ്തു. അത് ഇങ്ങനെ:

''കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങില്‍ പി.എച്ച്.ഡി നേടിയ പാറ്റൂര്‍ ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ് അസിസ്റ്റന്റ് പ്രൊഫസര്‍ എസ് ഉണ്ണികൃഷ്ണന്‍. ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പന്തളം പട്ടിരേത്ത് പരേതനായ വി സുഭാഷിന്റെയും ശോഭാ സുഭാഷിന്റെയും മകനാണ്. ഭാര്യ: ഡോ. പി പത്മപ്രിയ.' ഈ വാര്‍ത്തക്കൊപ്പം ഉണ്ണികൃഷ്ണന്റെ ചിത്രവുമുണ്ട്.

എന്നാല്‍, കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പ്രതിയെ കുറിച്ചുള്ള വാര്‍ത്തയിലാണ് ഇതേ ചിത്രം വീണ്ടും ഉപയോഗിച്ചത്. യഥാര്‍ഥ പ്രതിയുടെ ചിത്രം ഉപയോഗിക്കുന്നതിന് പകരമാണ് ഉണ്ണികൃഷ്ണന്റെ ചിത്രം ഉപയോഗിച്ചത്. വാര്‍ത്ത കൈകാര്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് പറ്റിയ അബദ്ധമാണ് ചിത്രം മാറാന്‍ ഇടയാക്കിയത്. ആലപ്പുഴ എഡിഷനില്‍ പത്രം അച്ചടിച്ചപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്.

രാവിലെ സുഹൃത്തുക്കള്‍ പത്രവാര്‍ത്തയുടെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ചു നല്‍കിയപ്പോഴാണ് താന്‍ വിവരം അറിഞ്ഞതെന്ന് അസി. പ്രൊഫസര്‍ ഉണ്ണികൃഷ്ണന്‍ മറുനാടനോട് പറഞ്ഞു. വാര്‍ത്ത കണ്ട് ഞെട്ടിയവരാണ് ചിത്രം അയച്ചുതന്നത്. രാവിലെ മാതൃഭൂമിയില്‍ നിന്നും വിളിച്ച് ചിത്രം മാറിയ കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. പത്രം തിരുത്തു നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മാതൃഭൂമി പത്രത്തിന് പറ്റിയ കയ്യബദ്ധം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്.