ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് രാഷ്ട്രീയ അഭയം തേടി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കരസേന മേധാവി വഖാര്‍ ഉസ്സമാനെ പുറത്താക്കാന്‍ നീക്കം നടന്നിരുന്നതായി റിപ്പോര്‍ട്ട്. വഖാര്‍ ഉസ്സമാനെ പുറത്താക്കി സര്‍ക്കാരിനും പാക്കിസ്ഥാനും അഭിമതനായ മറ്റൊരാളെ അധികാരത്തിലേറ്റാനുമുള്ള ഗൂഢമായ നീക്കം പൊളിച്ചത് ഇന്ത്യയുടെ ഇടപെടലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യയുടെ രഹസ്യവിവര ശേഖരണ സംവിധാനങ്ങളും നയതന്ത്രനീക്കങ്ങളുമാണ് ബംഗ്ലാദേശില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ സഹായിച്ചത്. ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തതായി കരുതപ്പെടുന്ന ലെഫ്. ജനറല്‍ മുഹമ്മദ് ഫൈസുര്‍ റഹ്‌മാന്‍ വീട്ടുതടങ്കലിലാണെന്നും വൈകാതെ സൈനികക്കോടതിയില്‍ വിചാരണയ്ക്ക് വിധേയനാകുമെന്നുമാണ് വിവരം.

പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യ നിരവധി നടപടികള്‍ കൈക്കൊണ്ടു. ബംഗ്ലാദേശ് പെട്ടെന്ന് അസ്ഥിരമായാല്‍ ഇന്ത്യക്ക് പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടി വരും. ആദ്യം ബംഗ്ലാദേശുമായുള്ള അതിര്‍ത്തി ശക്തിപ്പെടുത്തി. പിന്നീട് നയതന്ത്ര ഇടപെടല്‍ ആരംഭിച്ചു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണേഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടു. അട്ടിമറിയെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശിലെ വിഭാഗങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവരെ നിര്‍ബന്ധിച്ചു.

പാക്കിസ്ഥാനെ അനുകൂലിക്കുന്ന ബംഗ്ലാദേശ് കരസേനാ മേധാവി ബംഗ്ലാദേശിനെ മാത്രമല്ല, മേഖലയെ ആകെ അസ്ഥിരപ്പെടുത്തുമെന്ന് ഇന്ത്യ അമേരിക്കയെ ബോധ്യപ്പെടുത്തി. പാക്കിസ്ഥാന് മേഖലയിലുള്ള ശക്തി വര്‍ധിക്കുന്നതിനും മതമൗലികവാദം ശക്തിപ്പെടുന്നതിനും കാരണമാകുമെന്നും അത് അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് ഹാനികരമാകും എന്നും ഇന്ത്യ വ്യക്തമാക്കി. ഇക്കാര്യം പ്രമുഖ പാശ്ചാത്യരാജ്യങ്ങളെ ധരിപ്പിക്കുവാനും ഈ സൈനിക അട്ടിമറിയെ പിന്തുണക്കരുതെന്ന് ആവശ്യപ്പെടാനും ഇന്ത്യ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചു. അമേരിക്ക, നേറ്റോയിലെ പങ്കാളി രാജ്യങ്ങളെ ഇക്കാര്യം അറിയിച്ചു അട്ടിമറി നീക്കത്തില്‍ നിന്നും പിന്തിരിയാന്‍ യൂനുസ് സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു.

പിന്നില്‍ ഐ.എസ്.ഐ., ചൈനയും പിന്തുണച്ചു

ബംഗ്ലാദേശ് സൈന്യത്തിനുള്ളിലെ ഒരു വിഭാഗം വഖാറിനെതിരെ സംഘടിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സൈന്യത്തിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഫൈസുര്‍ റഹ്‌മാന്‍ ആയിരുന്നു ഈ നീക്കങ്ങളുടെ മുന്‍നിരയില്‍. അതു മനസ്സിലാക്കിയിട്ടാവണം, കഴിഞ്ഞ ഒക്ടോബറില്‍ സൈന്യത്തലവന്‍ ഫൈസുറിനെ ഇന്റലിജന്‍സിന്റെ തലപ്പത്തുനിന്നു മാറ്റിയത്. ഇസ്ലാമിസ്റ്റുകളോടും പാക്കിസ്ഥാനോടും ജമാഅത്തെ ഇസ്ലാമിയൂമായി അടുത്ത ബന്ധമുള്ള ആളാണ് റഹ്‌മാന്‍ .

ഏതു വിധേനയും വഖാറിനെ മാറ്റേണ്ടത് പാക്കിസ്ഥാന്റെയും ആവശ്യമായിരുന്നു. പാക്കിസ്ഥാനും ബംഗ്ലാദേശുമായുള്ള സൈനിക സഹകരണത്തിന് പ്രധാന തടസ്സം വഖാറിന്റെ നിലപാടുകളായിരുന്നു. ഈ ഗൂഢാലോചനയ്ക്ക് ചൈന പരോക്ഷമായ പിന്തുണ കൊടുത്തിരിക്കാമെന്ന് ഒരു വിഭാഗം വിദഗ്ധര്‍ കരുതുന്നു. തെക്കനേഷ്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈന ബംഗ്ലാദേശ് പട്ടാളത്തിലെ സ്വാധീനം ശക്തിപ്പെടുത്തുകയാണ്.

അതിനാല്‍ ഇന്ത്യയ്ക്ക് അനുകൂലമായ മനോഭാവം പുലര്‍ത്തുന്ന വഖാര്‍ ഉസ്മാനെ നീക്കം ചെയ്യുന്നത് അവര്‍ക്കും താല്പര്യമുള്ള കാര്യമാണ്. ബീഗം ഖാലിദ സിയ നയിക്കുന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും മറ്റ് ചില പ്രതിപക്ഷ കക്ഷികളും വഖാറിനെ എതിര്‍ക്കുന്നവരാണ്. ഈ എതിര്‍സ്വരങ്ങളെ ഒരുമിപ്പിക്കുന്നതില്‍ ഐ.എസ്.ഐ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്നു.

വഖാറിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ആസൂത്രിത നീക്കം ഉണ്ടായത് കഴിഞ്ഞ ജനുവരി മുതലാണെന്നു കരുതുന്നു. ജനുവരി 21-ന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി അസീം മാലിക് ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. അതിനു മുന്‍കൈയെടുത്തത് ഫൈസൂര്‍ റഹ്‌മാനാണ്. അതിനു തൊട്ടുമുമ്പ് ലെഫ്. ജനറല്‍ എസ്.എം. കമ്രുല്‍ ഹസന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക പ്രതിനിധി സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ വഖാര്‍ വിശദാംശങ്ങള്‍ ആരാഞ്ഞു, ഹസന്‍ അനുസരിച്ചില്ല. കാര്യങ്ങള്‍ നേരിട്ട് യൂനുസുമായി സംസാരിച്ചു. എന്തായാലും മാലിക്കിന്റെ ബംഗ്ലാ സന്ദര്‍ശനം സംഭവബഹുലമായി. വഖാറിനെ മാറ്റുന്നതു സംബന്ധിച്ച വിവരശേഖരണവും തയ്യാറെടുപ്പുകളും പിന്തുണ സമ്പാദിക്കലുമായിരുന്നു പ്രധാന ലക്ഷ്യം.

ഫൈസുര്‍ റഹ്‌മാനെ പട്ടാളത്തലവനാക്കുന്നതു സംബന്ധിച്ച് അസീം മാലിക് ബംഗ്ലാദേശിലെ മുതിര്‍ന്ന ചില സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥാനക്കയറ്റം പോലുള്ള കാര്യങ്ങളില്‍ അസന്തുഷ്ടരായ ചില ഉന്നത ഉദ്യോഗസ്ഥരും വഖാറിനെ മാറ്റുന്നതിനെ അനുകൂലിച്ചത്രേ. അവരുടെ മനസ്സറിഞ്ഞ ശേഷം മാലിക് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാക്കളുമായും മുഹമ്മദ് യൂനുസിന്റെ വിശ്വസ്തരുമായും ചര്‍ച്ച നടത്തി. അവരൊക്കെ വഖാറിനെ പുറത്താക്കുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. സംപ്രീതനായ അദ്ദേഹം കര, നാവിക, വ്യോമസേനകളില്‍നിന്ന് പിന്തുണ സമാഹരിക്കാന്‍ ഫൈസുറിനോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഫൈസുര്‍ രഹസ്യയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. പക്ഷേ, ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നീക്കത്തെ അനുകൂലിച്ചില്ല. അവരില്‍ സൈനികാസ്ഥാനത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് മീസാനൂര്‍ റഹ്‌മാന്‍ ഷമീമും ആകെയുള്ള അഞ്ചു ലെഫ്റ്റനന്റ് ജനറല്‍മാരില്‍ രണ്ടുപേരും നീക്കത്തോട് യോജിച്ചില്ല. ഒരു വിഭാഗം മേജര്‍ ജനറല്‍മാരും ബ്രിഗേഡിയര്‍ ജനറല്‍മാരും നീക്കത്തോട് പുറംതിരിഞ്ഞു നിന്നു. എങ്കിലും അട്ടിമറിയില്‍ ഫൈസൂറിന് ആത്മവിശ്വാസം ഉണ്ടായിരുന്നു, പ്രധാന കാരണം ഐ.എസ്.ഐ കൊടുത്ത ധൈര്യമായിരുന്നു.

റോ ഇടപെട്ടു, അട്ടിമറി ഒഴിവായി

ഫെബ്രുവരിയില്‍ തന്നെ ഇന്ത്യക്ക് ഗൂഢാലോചന സംബന്ധിച്ച സൂചന ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഐ.എസ്.ഐ. ഉദ്യോഗസ്ഥരും ബംഗ്ലാദേശി സൈനിക ഉദ്യോഗസ്ഥരും തമ്മിലുള്ള യോഗങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് വിവരം കിട്ടി, അവരയച്ച സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലും റോ വിജയിച്ചു. ഈ വിവരങ്ങള്‍ ബംഗ്ലാദേശിന് കൈമാറി. പട്ടാള അട്ടിമറിക്ക് ഉപദേശം മാത്രമല്ല, സാമ്പത്തിക സഹായവും ഐ.എസ്.ഐ. നല്‍കുന്നതായി സൂചനകള്‍ കിട്ടി.

പട്ടാളത്തലവനാണെങ്കിലും ബംഗ്ലാദേശില്‍വച്ച് പുറത്താരോടും സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു വഖാറിന്. അദ്ദേഹത്തിന്റെ എല്ലാ ആശയവിനിമയങ്ങളും ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടായിരുന്നു. ഇന്ത്യ അദ്ദേഹത്തിന് അമേരിക്കയിലെ സുരക്ഷാ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉന്നതനുമായി സംസാരിക്കാന്‍ അവസരമൊരുക്കിയെങ്കിലും നടത്താനായില്ല. ബംഗ്ലാദേശി ടെലിക്കോമിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും തലപ്പത്ത് വഖാറിന്റെ വിരുദ്ധ ചേരിയിലുള്ളവരായിരുന്നു. ഒടുവില്‍ ഇന്ത്യ നിര്‍ദ്ദേശിച്ചതനുസരിച്ച് വഖാര്‍ മാര്‍ച്ച് മൂന്നിന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്കു പോയി. ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന സേനയിലെ ബംഗ്ലാദേശി ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ എന്ന പേരില്‍.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ അദ്ദേഹം ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയുമായും സമാധാനസേനയുടെ കമാന്‍ഡറുമായും ആ രാജ്യത്തിലെ സൈനിക മേധാവിയും സംസാരിച്ചു. അതെല്ലാം അമേരിക്കന്‍ പ്രതിനിധിയുമായി രഹസ്യചര്‍ച്ച നടത്തുന്നതിനുള്ള മറയായിരുന്നു. വൈകാതെ ഗൂഢാലോചനക്കാര്‍ക്ക് വഖാര്‍ ഉസ്സമാന്റെ വിദേശയാത്രയുടെ യഥാര്‍ത്ഥലക്ഷ്യം പിടികിട്ടി, മാര്‍ച്ച് ആറിന് അദ്ദേഹം ധാക്കയില്‍ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യവും ഇന്ത്യ മണത്തറിഞ്ഞു.

ഇന്ത്യ മുന്നറിയിപ്പ് കൊടുത്തതിനെ തുടര്‍ന്ന് വഖാര്‍ വിമാനമിറങ്ങിയത് ധാക്ക വിമാനത്താവളത്തിലല്ല, അതിനടുത്തുള്ള തേജ്ഗാവ് വ്യോമസേനാതാവളത്തിലാണ്. അവിടെ സൈനികമേധാവിയെ സ്വീകരിച്ചത് അദ്ദേഹത്തോട് കൂറുള്ള സൈനിക വിഭാഗം. ശക്തമായ ഒരു സൈനികവിഭാഗത്തിന്റെ പിന്തുണയോടെ അദ്ദേഹം ധാക്ക കന്റോണ്‍മെന്റിലെ തന്റെ ഓഫീസിലേക്ക് പോയി. എല്ലാ മുതിര്‍ന്ന സൈനിക ഓഫീസര്‍മാരുമായും അദ്ദേഹം സംസാരിച്ചു, നാവിക, വ്യോമ സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. കരസേനയിലെ രണ്ടാമനായ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍ കമ്രുല്‍ ഹസനെ ഒപ്പം നിറുത്തുന്നതിലും അദ്ദേഹം വിജയിച്ചു. അങ്ങനെ കലാപം കെട്ടടങ്ങി.

ഇന്ത്യയുടെ രഹസ്യവിവര ശേഖരണ സംവിധാനങ്ങളും നയതന്ത്രനീക്കങ്ങളുമാണ് ബംഗ്ലാദേശില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ സഹായിച്ചത്. ഇത്തരമൊരു സംഭവം നടന്നതായി ഇന്ത്യയോ ബംഗ്ലാദേശോ പരസ്യമായി സമ്മതിച്ചിട്ടില്ല, ബംഗ്ലാദേശ് സൈന്യം വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വാദിക്കുകയും ചെയ്യുന്നു.കഴിഞ്ഞയാഴ്ച നടന്നതായി കരുതുന്ന സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ട്. എന്തായാലും ഇന്ത്യയുടെ ചാരസംഘടനയായ റോയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും നിര്‍ണായക നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

ഹസീനയുടെ ബന്ധു, മതനിരപേക്ഷവാദി

അതിരൂക്ഷമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിന് രാജ്യം വിടേണ്ടിവന്ന ഷെയ്ഖ് ഹസീനയുടെ ബന്ധു കൂടിയായ വഖാര്‍ മതനിരപേക്ഷവാദിയും സൈന്യത്തെ രാഷ്ട്രീയമുക്തമായ പ്രൊഫഷണല്‍ വിഭാഗമായി നിലനിര്‍ത്തണം എന്ന നിലപാടുള്ള ആളുമാണ്. അതുകൊണ്ടു തന്നെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനും ജമാഅത്തെ ഇസ്ലാമിക്കും തീവ്ര ഇസ്ലാമിക നിലപാടുള്ള ഹിസ്ബുള്‍ തഹരീര്‍പോലുള്ള കക്ഷികള്‍ക്കും വഖാറിനെ താത്പര്യമില്ല.

അധികാരഭ്രഷ്ടയായ ഹസീനയെ സൈനിക ഹെലികോപ്ടറില്‍ കയറ്റി ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ സൈനികമേധാവി അനുവദിച്ചതും അവര്‍ക്ക് രസിച്ചില്ല. അവരെ കൂട്ടക്കൊലക്കേസില്‍ വിചാരണ ചെയ്ത് തൂക്കിലേറ്റാനായിരുന്നു പദ്ധതി. ഇപ്പോഴും ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യുകയാണ് ഉദ്ദേശ്യം.

ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഇസ്ലാമിസ്റ്റ്, പാക്കിസ്ഥാന്‍ അനുകൂല വിഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ വഖാര്‍ ധീരമായി ചെറുത്തുനിന്നു. കഴിഞ്ഞ ഫെബ്രുവരി 25-ാം തീയതി ധാക്കയില്‍ നടന്ന ഒരു അനുസ്മരണ യോഗത്തില്‍ സൈനികമേധാവി ദേശീയ ഐക്യത്തെക്കുറിച്ചും സൈന്യമടക്കമുള്ള ദേശീയ സ്ഥാപനങ്ങള്‍ അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു, ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഇത് യൂനുസ് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും ന്യൂനപക്ഷപീഡനവും വര്‍ധിക്കുന്നതിനെതിരായ പരോക്ഷ ആരോപണമായി വ്യാഖ്യാനിക്കപ്പെട്ടു, സര്‍ക്കാരും വിദ്യാര്‍ഥിനേതാക്കളും അദ്ദേഹത്തെ വിമര്‍ശിച്ചു.

കരുതലോടെ ഇന്ത്യ

തത്ക്കാലത്തെ ഭീഷണി ഒഴിവായെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കുള്ള ഭീഷണികള്‍ വര്‍ധിക്കാനാണ് സാധ്യത. അതിര്‍ത്തിയില്‍ അകാരണമായി സൃഷ്ടിക്കുന്ന പ്രകോപനങ്ങളും ഭരണത്തിലുള്ള വിദ്യാര്‍ത്ഥി നേതാക്കളുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളും തരുന്ന സൂചന അതാണ്. ഭാവിയില്‍ ഇത്തരം അട്ടിമറി ശ്രമങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യ വഖാറിനെ ഉപദേശിച്ചിട്ടുണ്ട്. പക്ഷേ, സൈന്യത്തിലെ വലിയൊരു വിഭാഗം തീവ്രവാദാഭിമുഖ്യം പുലര്‍ത്തുന്നതിനാല്‍ എന്തും എപ്പോഴും സംഭവിക്കാവുന്ന അവസ്ഥയാണ്.

ഇന്ത്യയ്ക്ക് അതിര്‍ത്തിയില്‍ രണ്ടു ശത്രുക്കളെന്നതു മൂന്നാവുന്ന സാഹചര്യം ഒഴിവാക്കുക അത്യാവശ്യമാണ്. ബംഗ്ലാദേശില്‍ സ്ഥിരതയും ഇന്ത്യയോട് ആഭിമുഖ്യമുള്ള സര്‍ക്കാരും ഉണ്ടാവേണ്ടത് നമ്മുടെ വിശാലമായ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് പ്രധാനമാണ്. അതുപോലെ, മേഖലയില്‍ ഐ.എസ്.ഐയും ചൈനയും നടത്തുന്ന കുത്തിത്തിരിപ്പുകളെ ചെറുക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയുമിരിക്കുന്നു.