- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം പ്രകോപനമില്ലാതെ; ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ടു; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കി; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു; പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം
പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയിലെ പതിനഞ്ച് ഇടങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ നിര്‍വീര്യമാക്കിയെന്നും തക്കതായ മറുപടി നല്‍കിയെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'മേയ് എട്ടിന് പുലര്‍ച്ചെ പാകിസ്ഥാന്‍ 15 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണത്തിന് ശ്രമം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം. ഇവ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തു. പാകിസ്ഥാന്‍ ആക്രമണത്തിന്റെ തെളിവിനായുള്ള അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നു രാവിലെ പാകിസ്ഥാനിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ഇന്ത്യ ആക്രമിച്ചു. ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണത്തില്‍ നിഷ്‌ക്രിയമായെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് അതേ തീവ്രതയില്‍ മറുപടി നല്‍കിയിട്ടുണ്ട്'- വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്നു പുലര്‍ച്ചെ ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമണത്തിന് ശ്രമം നടത്തിയെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം. ഇവ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തു. പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ തെളിവിനായുള്ള അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പാക്കിസ്ഥാനിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ഇന്ത്യ ആക്രമിച്ചു. പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണത്തില്‍ നിഷ്‌ക്രിയമായതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്റഗ്രേറ്റഡ് കൗണ്ടര്‍ അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റവും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാന്റെ മിസൈലാക്രമണം തകര്‍ത്തത്. പാകിസ്ഥാന്റെ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്റെ തെളിവാണ്. ഇന്ത്യയെ ആക്രമിച്ചതിനും അതിര്‍ത്തിയിലെ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിലും മറുപടിയായിട്ടാണ് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തത്.
പാകിസ്ഥാന്റെ ആക്രമണത്തിന് തുല്യമായ മറുപടിയാണ് നല്‍കിയത്. നിയന്ത്രണ രേഖയില്‍ പ്രകോപനകരമായ നടപടികള്‍ പാകിസ്ഥാന്‍ തുടരുകയാണ്. മോട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചും മറ്റു ആയുധങ്ങള്‍ ഉപയോഗിച്ചും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടരുകയാണ്. ഇതുവരെ 16 നിരപരാധികളാണ് കൊല്ലപ്പെട്ടത്. മൂന്നു വനിതകള്‍, അഞ്ചു കുട്ടികളും അടക്കമുള്ളവരുടെ ജീവനാണ് നഷ്ടമായത്. ഇതുകൊണ്ടാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, രജൗരി, മേന്ഥര്‍ സെക്ടറുകളിലാണ് പാക് ആക്രമണം ശക്തമായത്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയും മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായി.
പാക്കിസ്ഥാന്റെ ആക്രമണശ്രമത്തെപ്പറ്റിയും ഇന്ത്യയുടെ തിരിച്ചടിയെപ്പറ്റിയും വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെ കൂടാതെ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മേയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടത്തിയ പ്രത്യാക്രമണത്തെ കുറിച്ച് രാജ്യം നല്‍കിയ വിശദീകരണത്തില്‍ പാക് സൈനികതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നില്ല എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഭീകരരുടെ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും പ്രത്യേകം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിരുകയാണെങ്കില്‍ തക്കതായ തിരിച്ചടി ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കി. ആ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടുള്ള നീക്കമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്. ബുധനാഴ്ച്ച രാത്രി ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങള്‍ ആക്രമിക്കാനായിരുന്നു പാക് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുവര്‍ണക്ഷേത്രമുള്‍പ്പെടെ പാക് ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ഭട്ടിണ്ഡ, ചണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലായ്, ഭുജ് എന്നിവയാണ് പാക്കിസ്ഥാന്‍ ലക്ഷ്യംവെച്ച നഗരങ്ങള്‍