ന്യൂഡല്‍ഹി: ഇന്ത്യ മടയില്‍ കയറി ആക്രമിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പാക്ക് തലസ്ഥാനമായ ഇസ്ലമാബാദിലടക്കം പ്രധാന നഗരങ്ങളില്‍ മിസൈല്‍ തീമഴ പെയ്യിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. കൂടാതെ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യ പ്രത്യാക്രമണം നടത്തി. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായി. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ട് നാവികസേനയുടെ മിസൈല്‍ വര്‍ഷമുണ്ടായി.

പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനമുണ്ടായി. ഷെഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇസ്ലാമാബാദിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് സ്‌ഫോടനം നടന്ന പശ്ചാത്തലത്തിലാണ് നീക്കം. അതീവ സുരക്ഷയുള്ള ബങ്കറില്‍ പാക് പ്രധാനമന്ത്രിയെ ഒളിപ്പിച്ചെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൈനിക മേധാവി അസിം മുനീറിനെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന.

അസിം മുനീറിനെ മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറല്‍ ഷംഷാദ് മിര്‍സയെ ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനില്‍ വിമര്‍ശനമുയര്‍ന്നിരുന്നു ഈ സാഹചര്യത്തില്‍ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സര്‍ക്കാര്‍ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


കറാച്ചിയും ലാഹോറും അടക്കം പാക് നഗരങ്ങളില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും എപ്പോള്‍ വേണമെങ്കിലും തലയ്ക്ക് മുകളില്‍ പതിക്കാവുന്ന അവസ്ഥ. എല്ലാ പ്രധാന നഗരങ്ങളും അതീവ ജാഗ്രതയിലാണ്.

പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം?

ഇന്ത്യയുടെ തിരിച്ചടി മുതലാക്കി പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടതായി ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. അഞ്ചിടങ്ങളില്‍ പാക് സൈനികരുമായി ബലൂച് സേന ഏറ്റുമുട്ടി. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാന്റെ തീരാതലവേദനയാണ് ബലൂചിസ്ഥാന്‍. ഇവിടെ ദിനംപ്രതി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി വര്‍ധിച്ച് വരികയാണ്. ജഫാര്‍ എക്പ്രസ് റാഞ്ചിയ സംഭവം, പാക്കിസ്ഥാന്‍ സേനക്ക് വലിയ അഭിമാനക്ഷതമുണ്ടാക്കി. പാക് സേനയെ പരസ്യമായി തന്നെ വിമര്‍ശിക്കുയും അധിക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമ റിപ്പോട്ടുകള്‍ സുലഭമാണിന്ന്. ഇസ്ലാമിക ലോകത്തില്‍ പാക് സേനക്ക് ഉണ്ടായിരുന്ന അപ്രമാദത്വം ദിനംപ്രതി നഷ്്ട്പ്പെട്ട് വരുന്നതായി കാണാം.

സ്വാതന്ത്ര്യത്തിനുവേണ്ടി ബലൂചികള്‍ നടത്തുന്ന ശ്രമത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്. പക്ഷേ ആധുധമെടുത്തുള്ള അതിക്രമങ്ങളെ ഇന്ത്യ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. പക്ഷേ ബലൂചിനെ സകല പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഇന്ത്യയാണെന്നാണ്, ഇന്നും പാക്കിസ്ഥാനില്‍ പ്രചാരണം. ബലൂച് തീവ്രവാദികളുടെ ആക്രമണം, സുന്നി- ഷിയാ പ്രശ്നങ്ങള്‍, ഒപ്പം കടുത്ത പട്ടിണിയും. ഈ അരക്ഷിതാവസ്ഥകളെയൊക്കെ മൂന്‍കാലത്തും പാക്കിസ്ഥാന്‍ മറികടന്നിരുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയാണ്. കശ്മീര്‍ എന്ന വികാരം ജ്വലിപ്പിച്ചുകൊണ്ടാണ്.

അതുപോലെ അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാന് വന്‍ തിരിച്ചടി കിട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വാങ്ങിയശേഷം അമേരിക്കയും താലിബാന്‍ സര്‍ക്കാറുമായുള്ള ബന്ധം, സൗഹൃദത്തിലേക്കാണ് പോവുന്നത്. അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നിന്ന് മാറിപ്പോവുന്നു എന്ന് അര്‍ത്ഥം. താലിബാന്‍ സര്‍ക്കാര്‍ ഡ്യൂറന്റ് രേഖയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുകയും, ടിടിപി പോലുള്ള പാക് വിരുദ്ധ ജിഹാദികള്‍ക്ക് സംരക്ഷണവും താവളങ്ങളം നല്‍കുകയും ചെയ്യുന്നൂ. സ്വതവേ ശാന്തമായിരുന്ന കിഴക്കന്‍ അതിര്‍ത്തി പാക്കിസ്ഥാന് ഇപ്പോള്‍ വലിയ തലവേദനയാണ്. പാക്ക് വിരുദ്ധ സേനയുടെ ഒളിത്താവളം കൂടിയാണ് ഇന്ന് അഫ്ഗാന്‍. താലിബാനെ പേടിച്ച്, പാക്കിസ്ഥാനിലേക്ക് വന്ന 30 ലക്ഷം അഫ്ഗാനികളെയാണ് ഇപ്പോള്‍ അവര്‍ നാടുകടത്തിക്കൊണ്ടിരിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലാണ് അത്.

അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും നേരിടുന്ന തിരിച്ചടി, മറക്കാന്‍ പാക്കിസ്ഥാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. ജമ്മുകാശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, ഡല്‍ഹിയില്‍നിന്നുള്ള നിയന്ത്രണം ശ്രീനഗറിലേക്ക് മാറിയപ്പോള്‍, പാക് സേന ഐഎസ്ഐക്കും അത് ഒരു അവസരമായി.