- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന'; രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍; ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം; റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതെന്ന് റഷ്യ
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യയും റഷ്യയും. ഊര്‍ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ സ്ഥിരമായ മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരമായ ഊര്‍ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച്, ഊര്‍ജ സ്രോതസ്സുകള്‍ വിപുലീകരിക്കുന്നതും വൈവിധ്യവല്‍ക്കരിക്കുന്നതും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു. 'ഇന്ത്യന്‍ സര്‍ക്കാറിന്റെ നയത്തിന് അനുസരിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യന്‍ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താല്‍പ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങള്‍ റഷ്യ-ഇന്ത്യ ബന്ധങ്ങള്‍ക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങള്‍ തുടരും.' റഷ്യ ഔദ്യോഗികമായി വ്യക്തമാക്കി.
'ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊര്‍ജ്ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഞങ്ങളുടെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 'ഊര്‍ജ്ജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ഊര്‍ജ്ജ നയത്തിന്റെ ലക്ഷ്യങ്ങളാണ്. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊര്‍ജ്ജ സ്രോതസ്സുകള്‍ വിപുലീകരിക്കുന്നതും വൈവിധ്യവല്‍ക്കരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.'
'വര്‍ഷങ്ങളായി ഞങ്ങളുടെ ഊര്‍ജ്ജ സംഭരണം വികസിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ദശകത്തില്‍ ഇത് സ്ഥിരമായി പുരോഗമിച്ചു. ഇന്ത്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ നിലവിലെ യുഎസ് ഭരണകൂടം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.' പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പരിഹസിച്ചിരുന്നു. ''റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും' വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചതിങ്ങനെ.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കുകയും പൗരന്മാര്‍ക്ക് ഏറ്റവും മികച്ച വില ഉറപ്പാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നത് ഇന്ത്യയ്ക്കെതിരെ ഇറക്കുമതി തീരുവ യുഎസ് വര്‍ധിപ്പിക്കുന്നതിനുള്ള കാരണം കൂടിയായിരുന്നു.
ട്രംപിന്റെ അവകാശവാദം
ഇന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. ഇപ്പോള്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരിക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
മോദിക്ക് ട്രംപിനെ ഭയമെന്ന് രാഹുല്‍
ട്രംപിന്റെ പുതിയ അവകാശവാദത്തിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദിക്ക് ഡോണള്‍ഡ് ട്രംപിനെ ഭയമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ ട്രംപിനെ മോദി അനുവദിച്ചു. ട്രംപിനെ ഖണ്ഡിക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യയുടെ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മോദി ട്രംപിനെ അനുവദിക്കുന്ന സ്ഥിതിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 'പ്രധാനമന്ത്രി മോദി ട്രംപിനെ ഭയക്കുന്നു. ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പറയാന്‍ ട്രംപിനെ അനുവദിച്ചിരിക്കുന്നു. ഇന്ത്യ ട്രംപിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ധനകാര്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കണം. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കരുത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷാം എല്‍-ഷെയ്ഖ് ഉച്ചകോടിയില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ മോദി തയ്യാറാകുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.




