- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ; നിര്‍ണായകമായ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; സാര്‍ക് വിസ സ്‌കീമിന് കീഴിലുള്ള എല്ലാ പാക്കിസ്ഥാന്‍കാരെയും പുറത്താക്കി; പാക് പൗരന്മാര്‍ക്ക് വിസ നല്‍കില്ല; പാക് ഹൈമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി; വാഗ-അട്ടാരി അതിര്‍ത്തി അടച്ചു; ഭീകരാക്രമണത്തിന് പാക് പിന്തുണ കിട്ടിയെന്ന് കേന്ദ്രം
പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍, ഭീകരരുടെ വെടിയേറ്റ് 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സ്ഥിരീകരിച്ചു. ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്ന് പിന്തുണ കിട്ടിയെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്ത യോഗം രണ്ട് മണിക്കൂറിലേറെ നീണ്ടു.
സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതാണ് ഏറ്റവും സുപ്രധാന പ്രഖ്യാപനം. എല്ലാ പാക്കിസ്ഥാന്‍കാരും ഇന്ത്യ വിടണം. സാര്‍ക് വിസ സ്‌കീമിന് കീഴിലുളള പാക്കിസ്ഥാന്‍കാരാണ് 48 മണിക്കൂറില്‍ രാജ്യം വിടേണ്ടത്. ഇനി പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല. ഹൈക്കമ്മീഷനുകളിലെ അംഗ സംഖ്യ 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും.
വാഗ- അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാക്കിസ്ഥാന്‍ ഹൈക്കമീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരിക്കും യോ-ഗം നടക്കുക.
നയതന്ത്ര - സൈനിക തലങ്ങളില്‍ തിരിച്ചടി നല്‍കുന്നതിന് ഒപ്പം പാക്കിസ്ഥാനെ കടുത്ത പ്രതിരോധത്തിലാക്കുന്ന മറ്റൊരു നിര്‍ണായക നീക്കത്തിലേക്കാണ് ഇന്ത്യ കടന്നിരിക്കുന്നത്. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഇതാദ്യമായാണ് കരാര്‍ മരവിപ്പിക്കുന്നത്
2016-ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ റദ്ദാക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നും പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമുണ്ടായെങ്കിലും കരാര്‍ പുനഃപരിശോധിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഒരു നീക്കവും ഇന്ത്യ നടത്തിയിരുന്നില്ല. എന്നാല്‍ കമ്മിഷണര്‍മാര്‍ തമ്മില്‍ പതിവായി സിന്ധു നദീജല വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന് 2016-ല്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിനെച്ചൊല്ലി ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ നീക്കം ശക്തമാക്കി. ഇതിന് പിന്നാലെ പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടന്നതോടെ മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍ മരവിപ്പിച്ചിരിക്കുകയാണ്.
സിന്ധു നദീജല കരാര്‍
സിന്ധു നദിയെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങള്‍ക്കടക്കം സിന്ധു നദീതടത്തില്‍ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. അതിനാല്‍തന്നെ ജലം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഒരു ധാരണ ആവശ്യമായിരുന്നു. 1948 മേയ് മാസത്തില്‍ നിലവില്‍ വന്ന ഇന്റര്‍-ഡൊമിനിയന്‍ ഉടമ്പടി പ്രകാരം പാക്കിസ്ഥാന്‍ നല്‍കുന്ന വാര്‍ഷിക പണത്തിന് പകരമായി ഇന്ത്യ വെള്ളം നല്‍കാന്‍ തീരുമാനിച്ചിരുന്നു.
ഈ കരാറിന്റെ പൊതുവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ആ കരാര്‍ പരാജയപ്പെട്ടു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ 1951-ല്‍ ഇരുരാജ്യങ്ങളും സിന്ധു നദിയിലും അതിന്റെ പോഷകനദികളിലുമുള്ള ജലസേചന പദ്ധതികള്‍ക്ക് ധനസഹായത്തിനായി ലോക ബാങ്കിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ലോകബാങ്ക് മുന്നോട്ട് വെച്ചു. ഒടുവില്‍ 1960-ല്‍ ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തി.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യയും പാക്കിസ്ഥാനും ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. ലോകബാങ്കിന് വേണ്ടി മുന്‍ വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫാണ് (W.A.B. Iliff) കരാറില്‍ ഒപ്പുവെച്ചത്.
ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നീ മൂന്ന് കിഴക്കന്‍ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറന്‍ നദികളുടെ ജലത്തിന്റെ മേലുള്ള നിയന്ത്രണം പാക്കിസ്ഥാനാണ്. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാക്കിസ്ഥാനുമാണ്. കരാര്‍ പ്രകാരം പടിഞ്ഞാറന്‍ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉത്പാദനം, ജലഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെയും ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്.