ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ മാസങ്ങളായി കേള്‍ക്കുന്ന ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. ഇതിനെതിരേ ജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്നും വേണ്ട നടപടികള്‍ എന്തൊക്കെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇഡി, സിബിഐ പോലുള്ള ഏജന്‍സികളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും പിന്നീട് നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്ന് വെളിപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തുക.

വിദ്യാസമ്പന്നരായ നിരവധി പേരാണ് ഇന്ത്യയില്‍ ഇതിനോടകം തട്ടിപ്പിനിരയായത്. ഇന്ത്യയില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് വ്യാപകമായില്ലെന്ന് നരേന്ദ്ര മോഡി പറയുമ്പോഴും ഈ തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ക്ക് ഇതിനോടകം നഷ്ടപ്പെട്ടത് 120 കോടിയാണ്. ഇത് വെറും 2024 ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള മാത്രം കണക്കാണ്. സൈബര്‍ ക്രൈം ഡാറ്റയുടെ റിപ്പോര്‍ട്ടാണിത്.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാലയളവിലെ സൈബര്‍ തട്ടിപ്പുകളില്‍ നിന്നായി ആളുകള്‍ക്ക് മൊത്തത്തില്‍ നഷ്ടമായിരിക്കുന്നത് 1776 കോടി രൂപയോളമാണ്. ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലത്ത് 7.4 ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2023 ല്‍ ആകെ ലഭിച്ചത് 15.56 ലക്ഷം കേസുകളാണ്. 2022ല്‍ 9.66 ലക്ഷം പരാതികളാണ് ലഭിച്ചത്. 2021ല്‍ ലഭിച്ച പരാതികളുടെ എണ്ണം 4.52 ലക്ഷമാണ്. നാല് രീതിയിലാണ് സൈബര്‍ തട്ടിപ്പ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണ് ഇവ.

ഇതില്‍ ഡിജിറ്റല്‍ അറസ്റ്റില്‍ മാത്രം രാജ്യത്തെ പൗരന്മാരില്‍ നിന്ന് തട്ടിയെടുത്തിട്ടുള്ളത് 120.3 കോടി രൂപയാണ്. ട്രേഡിംഗ് തട്ടിപ്പില്‍ 1420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പില്‍ 222.58 കോടി രൂപയും ഡേറ്റിംഗ് തട്ടിപ്പില്‍ 13.23 കോടി രൂപയുമാണ് ആളുകള്‍ക്ക് നഷ്ടമായിട്ടുള്ളത്. വളരെ സൂക്ഷ്മമായി ഇരകളെ തെരഞ്ഞെടുക്കുന്നതിനാലാണ് ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നതെന്നാണ് സൈബര്‍ ക്രൈം വിദഗ്ധര്‍ വിശദമാക്കുന്നത്.

ഒരു കേന്ദ്ര-സര്‍ക്കാര്‍ ഏജന്‍സികളും നിങ്ങളെ നേരിട്ട് വീഡിയോ കോളിലൂടെ ബന്ധപ്പെടില്ലെന്നും ഇത് ആദ്യം മനസ്സിലാക്കേണ്ട ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ പേര് പറഞ്ഞാണ് ഇവര്‍ ആദ്യം പരിചയപ്പെടുത്തുക.നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, വ്യാജ പാസ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ അടങ്ങിയ ഒരു പാഴ്സല്‍ അയച്ചുവെന്ന് വ്യക്തമാക്കി ആയിരിക്കും ഈ തട്ടിപ്പ് നടത്തുന്നവരുടെ ട്രാപ്പ്.

നിങ്ങല്‍ കുറ്റക്കാരനാണെന്നും രക്ഷപ്പെടണമെങ്കില്‍ ഇത്ര പണം നല്‍കണമെന്നുമാണ് തട്ടിപ്പുകള്‍ ആവശ്യപ്പെടുക. ഇവര്‍ നേരിട്ടോ ഫോണ്‍ മുഖാന്തരമോ എത്താം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പ്രതിരോധിക്കാനായി കാത്തിരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരം കോള്‍ വന്നാല്‍ ഉടന്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കണമെന്നും അല്ലെങ്കില്‍ റെക്കോഡ് ചെയ്യുകയോ വേണം. തുടര്‍ന്ന് ദേശീയ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇമെയിലില്‍ തെളിവുകളടക്കം പരാതി പെടണം.

ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍ നിന്ന് ഇരകളെ വിളിക്കുന്നതും ഇന്ത്യന്‍ പൗരന്‍മാരാകുമെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴില്‍ തട്ടിപ്പ് സംഘങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളവരെ ഇതിനായി റിക്രൂട്ട് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി ഇവര്‍ വ്യാജ തൊഴില്‍ അവസരങ്ങള്‍ പരസ്യപ്പെടുത്തും. ഇതില്‍ ആകര്‍ഷകരാകുന്ന യുവാക്കളെ ഈ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യും.

നല്ലൊരു ജോലി ലക്ഷ്യം കണ്ട് ഇത്തരം രാജ്യങ്ങളിലെത്തുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. തട്ടിപ്പ് സംഘങ്ങളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ വിമുഖത കാട്ടുന്നവരെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കും ഇത്തരം സംഘങ്ങള്‍ വിധേയമാക്കുമെന്ന് ആഭ്യന്ത മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.