ഡബ്ലിന്‍: ഡബ്ലിനിലെ അപ്പാർട്ട്‌മെന്റിൽ നിന്നും അഞ്ചു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥിയുടെ പേര് വെളിപ്പെടുത്തണമെന്ന് കോടതി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വിശാഖ് രാജേഷ് ലീല(25) എന്ന ഇന്ത്യൻ വിദ്യാർത്ഥി ശനിയാഴ്ച അറസ്റ്റിലായിരുന്നു.

അഞ്ചുവയസ്സുകാരനെ നോര്‍ത്ത് ഡബ്ലിനിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നും എടുത്തുകൊണ്ടു പോയെന്നാണ് പരാതിക്കാരുടെ ആരോപണം. സഹോദരി പിന്നാലെ എത്തിയപ്പോള്‍ ഇയാൾ കുഞ്ഞിനെ വിട്ടയക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സി സി ടി വി ദൃശ്യങ്ങള്‍ കോടതിയില്‍ ഐറിഷ് പോലീസ് സേനയായ ഗാര്‍ഡ ഹാജരാക്കിയിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് വിശാഖ് രാജേഷ്.

പത്ത് മാസമായിട്ട് സൗത്ത് ഡബ്ലിനില്‍ താമസിക്കുകയാണ് വിദ്യാര്‍ത്ഥിയായായ വിശാഖ് രാജേഷ്. ഇയാളുടെ പ്രവൃത്തിയുടെ യഥാര്‍ത്ഥ കാരണം ജൂറി കണ്ടെത്തണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചു. ഒരു മദ്യപാനിയുടെ കൂത്തുകളിയാണോ, അതോ ശരിക്കും കുറ്റകൃത്യമാണോയെന്ന് അറിയേണ്ടതുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. കേസിന്റെ സെന്‍സിറ്റിവിറ്റി പരിഗണിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രതിയുടെ പേര് പരാമര്‍ശിക്കുന്നതിന് നേരത്തേ മറ്റൊരു കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ കേസ് വീണ്ടും പരിഗണിച്ചതോടെയാണ് നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്തിയത്.

ബുധനാഴ്ച ക്ലോവർഹിൽ ജില്ലാ കോടതിയിൽ കേസ് വീണ്ടും പരിഗണിച്ചു. തുടർന്ന് കേസിന്റെ തുടക്കത്തിൽ. പ്രതികളുടെ പേര് പരാമർശിക്കുന്നത് തടഞ്ഞ നിയന്ത്രണങ്ങൾ നീക്കാൻ ജഡ്ജി മിച്ചൽ ഉത്തരവിടുകയായിരുന്നു. പേര് പ്രസിദ്ധീകരിക്കുന്നത് വിലക്കിയത് ശരിയായ നടപടി അല്ലെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്ത് വിവിധ മാധ്യമ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഉത്തരവ് മാധ്യമ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. ചൈല്‍ഡ് ആക്ട് അനുസരിച്ച് കുട്ടികളുടെ പേരു പറയുന്നതിന് മാത്രമേ വിലക്കുള്ളുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ വാദം നടന്നു.

കുട്ടികളെ തിരിച്ചറിയുന്നത് മാത്രമാണ് ആശങ്കയെന്നും മറ്റേതൊരു കേസിലെയും പോലെ പ്രതിയുടെ പേര് നല്‍കുന്നതിന് തടസ്സമില്ലെന്നും സ്റ്റേറ്റ് സോളിസിറ്റര്‍ നിയാം മക് കേര്‍ണന്‍ കോടതിയെ അറിയിച്ചു. കുട്ടിയെ തിരിച്ചറിയുമോ എന്ന ആശങ്കയിലാണ് പേര് വെളിപ്പെടുത്തരുതെന്ന നിലപാടെയുത്തതെന്ന് ഗാര്‍ഡ ഡിക്ടക്ടീവ് സര്‍ജന്റ് ബേസില്‍ ഗ്രിംസും വിശദീകരിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പേര് വെളിപ്പെടുത്താന്‍ കോടതി അനുവദിച്ചത്.

വിശാഖ് രാജേഷ് കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന് സമീപം താമസിക്കുന്നയാളല്ലെന്നത് ഉത്തരവില്‍ പരാമര്‍ശിച്ച കോടതി ആ പ്രദേശവുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. എന്നിരുന്നാലും പ്രതിയുടെ പേരു നല്‍കുന്നത് ജാഗ്രതയോടെയാകണമെന്നും മാധ്യമങ്ങളോട് ജഡ്ജി നിര്‍ദ്ദേശിച്ചു. ഇയാളുടെ മേല്‍വിലാസം റിപ്പോര്‍ട്ട് ചെയ്യരുതെന്നും ഉത്തരവിട്ടു.

രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഗാര്‍ഡ കോടതിയോട് സര്‍ക്കാര്‍ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. വീഡിയോ ലിങ്ക് വഴി കോടതിയില്‍ ഹാജരായ പ്രതി വിവര്‍ത്തകനെ ആവശ്യപ്പെടുകയോ കോടതിയില്‍ തന്റെ ഭാഗം വിശദീകരിക്കുകയോ ചെയ്തില്ല.കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും യാതൊരു ദുരുദ്ദേശ്യവും തനിക്കില്ലായിരുന്നുവെന്നും ഇയാള്‍ നേരത്തേ വിശദീകരണം നല്‍കിയിരുന്നു.

അതേസമയം വിശാഖ് അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥിയാണെന്നും മുമ്പ് കുറ്റകൃത്യങ്ങളില്‍പ്പെട്ടിട്ടില്ലെന്നും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നതിനാൽ മണിക്കൂറുകളോളം സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. എന്നാൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്ന നിലപാടാണ് വിദ്യാർത്ഥിയിൽ നിന്നും ഉണ്ടായത്. തന്റെ ഗാഡ്ജെറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള പാസ്വേഡുകള്‍ അദ്ദേഹം ഗാര്‍ഡയ്ക്ക് കൈമാറിയെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. അതില്‍ നിന്നും മനസ്സിലാക്കേണ്ടത് പ്രതിയ്ക്ക് ദുരുദ്ദേശ്യമൊന്നുമില്ലെന്ന് എന്നതാണെന്നും അഭിഭാഷകൻ വിശദീകരിച്ചു.

തന്റെ കക്ഷിയുടെ മേല്‍വിലാസം പ്രസിദ്ധീകരിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കയും അഭിഭാഷകന്‍ ഉന്നയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്ക് ജാമ്യം ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം വാദിച്ചു. എന്നാല്‍ ഇവയൊന്നും പരിഗണിക്കാൻ തയ്യാറാകാതെ ജഡ്ജി ജാമ്യം നിരസിക്കുകയായിരുന്നു. ഡി പി പി യില്‍ നിന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജഡ്ജി ഒക്ടോബര്‍ രണ്ടിന് വീണ്ടും പ്രതിയെ ഹാജരാക്കാനും അതുവരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും ഉത്തരവിട്ടു.

അതേ സമയം കേസ് സര്‍ക്യൂട്ട് കോടതിയിലേക്ക് മാറ്റുന്നതിന് ഡി പി പിയോട് ശുപാര്‍ശ ചെയ്യുന്നതിന് ഗാര്‍ഡയുടെ നീക്കമുണ്ട്. കേസ് അവിടെ എത്തിയാൽ പരമാവധി ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് വിശാഖ് രാജേഷിനെതിരെ ഉള്ളത്.