ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും തീവ്രവാദികള്‍ ജമ്മു-കശ്മീരില്‍ അടക്കം ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. താഴ് വരയിലെ ചില സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയതായും, ആക്രമണങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടുവെന്നുമാണ് വിവരം. സുരക്ഷാ സേനയെയും തദ്ദേശീയരല്ലാത്തവരെയും ലക്ഷ്യം വയ്ക്കുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണി കണക്കിലെടുത്ത് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 48 എണ്ണം അടച്ചു. താഴ് വരയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്‌വരയില്‍ വ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ( ഐഎസ്‌ഐ) തദ്ദേശീയരല്ലാത്ത വ്യക്തികളെയും, സിഐഡികളെയും, കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യമിടുന്നതായാണ് വിവരം. വിശേഷിച്ചും ശ്രീനഗര്‍, ഗന്ദര്‍ബാള്‍ ജില്ലകളില്‍. വടക്ക്, മധ്യ, തെക്കന്‍ കശ്മീരില്‍ സജീവമായ ഭീകരര്‍ ആളുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്. അതിനൊപ്പം ഭീകരരുടെ വീടുകള്‍ തകര്‍ത്തതിനും മറ്റും പ്രതികാരമായി കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വലിയ ആക്രമണങ്ങള്‍ക്കും കോപ്പുകൂട്ടുന്നു.

ആയുധങ്ങളുമായി നുഴഞ്ഞുകയറിയവര്‍ പൊലീസിനെയും റയില്‍വേ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുവെന്നാണ് വിവരം. താഴ്‌വരയില്‍ വ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. റയില്‍വെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ചുമതലയുള്ള ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭീകരരെ നേരിടുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സുരക്ഷാ സേന ഫിദായിന്‍ വിരുദ്ധ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജമ്മു-കശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നുള്ളവരെയാണ് ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പാക് ഭീകരന്‍ ഹാഷിം മുസ കഴിഞ്ഞവര്‍ഷം സോന്‍മാര്‍ഗില്‍ നടന്ന സെഡ് മോര്‍ ടണല്‍ ആക്രമണത്തിലും ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അതിനിടെ, പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റിലായി. ബിഹാറുകാരനായ സുനില്‍ യാദവിനെ മിലിറ്ററി ഇന്റലിജന്‍സാണ് പിടികൂടിയത്. ഇയാളും പാക് വനിതയുമായുള്ള വാട്‌സാപ് ചാറ്റുകള്‍ ഇന്റലിജന്‍സ് കണ്ടെത്തി. സൈനികകേന്ദ്രത്തെക്കുറിച്ച് വിവരം നല്‍കിയതിന് പണം ലഭിച്ചതായും വിവരമുണ്ട്.