- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ധരിക്കാത്തത് ഇനി ഈ രാജ്യത്ത് മാനസിക രോഗം; ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്ക് തുടങ്ങി അലി ഖാംനെയി; പ്രതിഷേധിച്ച് അടിവസ്ത്രം മാത്രമണിഞ്ഞ് ക്യാമ്പസിലെത്തിയ പെണ്‍കുട്ടിയെയും മനോരോഗിയാക്കി; ഇറാന്‍ വീണ്ടും സ്ത്രീ സമൂഹത്തിന് മുന്നില്‍ നാണം കെടുമ്പോള്‍
ഹിജാബ് ധരിക്കാത്തത് ഇനി ഈ ഇറാനില്‍ മാനസിക രോഗം
ടെഹ്റാന്‍: ഹിജാബിനെ ചൊല്ലി ഇന്ത്യയിലടക്കം ഒരുപാട് വിവാദങ്ങള്‍ നാം കണ്ടിരുന്നു. ഹിജാബ് ചോയ്സ് ആണെന്ന വാദമുയര്‍ത്തിയാണ് കേരളത്തിലടക്കം ഇസ്ലാമിസ്റ്റുകള്‍ പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ ഇസ്ലാമിക കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാണെന്ന് മാത്രമല്ല, അത് ഇടാത്തവരെ മാനസിക രോഗികളാക്കി ചികിത്സിക്കുന്ന അവസ്ഥപോലും വന്നിരിക്കയാണ്! ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ 'ചികിത്സിക്കുന്നതിന് വേണ്ടി' ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് ഇറാന്‍ നടത്തിയിരിക്കുന്നത്.
'ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്ക്' എന്ന പേരിലാണ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് ഇറാന്‍ വനിതാ-കുടുംബക്ഷേമ വകുപ്പ് മേധാവിയായ മെഹ്രി തലേബി അറിയിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഹിജാബ് നീക്കം ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി ശാസ്ത്രീയവും മനശാസ്ത്രപരവുമായി രീതിയിലുള്ള ചികിത്സ ഈ ക്ലിനിക്കുകള്‍ വഴി നല്‍കുമെന്നാണ് മെഹ്രി തലേബി അവകാശപ്പെടുന്നത്. ക്ലിനിക്കിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനെയിക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കും.
പ്രകോപനമായത് ആ പ്രതിഷേധം
ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ അഹൂ ദാര്യോയ് എന്ന വിദ്യാര്‍ഥിനി ആള്‍ക്കൂട്ടത്തിന് നടുവില്‍ ഉള്‍വസ്ത്രം മാത്രം ധരിച്ച് ഹിജാബിനെതിരെ പ്രതിഷേധിച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. നേരത്തെ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് സര്‍വകലാശാലയ്ക്കുള്ളില്‍വെച്ച് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്ന് അവര്‍ പറയുന്നു. ഉള്‍വസ്ത്രം മാത്രം ധരിച്ച് ഭരണകൂടത്തെ വെല്ലുവിളിച്ചാണ് തനിക്കേറ്റ അപമാനത്തെ അഹൂ ദാര്യോയ് മായ്ച്ചുകളഞ്ഞത്. ഇപ്പോള്‍ അവള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പോലീസ് അറസ്റ്റ് ചെയ്തുനീക്കിയ അഹൂ ദാര്യോയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം. മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കുന്ന ഏതോ ആശുപത്രിയുടെ ഇടനാഴിയിലായിരിക്കാം അവളിപ്പോഴുള്ളത്. മഹ്‌സ അമീനിയെപ്പോലെ നാളെ അഹൂ ദാര്യോയും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടേക്കാം. അതല്ലെങ്കില്‍ ഏകാന്ത തടവില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ് മാനസികനില തെറ്റിയവളായി മാറിയേക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രശ്നമാണ്. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയെ സാദാചാര പൊലീസ് മര്‍ദിച്ച് കൊന്നതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ഇറാന്‍ ഇളകി മറിഞ്ഞിരുന്നു.'സ്ത്രീകള്‍ ജീവിതം സ്വാത്രന്ത്ര്യം' എന്ന അര്‍ത്ഥം വരുന്ന 'സാന്‍, സിന്ദഗി, ആസാദി...' എന്ന മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ആയിരിക്കണക്കിന് സ്ത്രീകളാണ് അന്ന് തെരുവില്‍ ഇറങ്ങിയത്. ഈ പ്രക്ഷോഭത്തില്‍ 16നും 24നും വയസ്സില്‍ ഇടയിലുള്ള നാനൂറിലേറെ പെണ്‍കുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്്! 25000 പേര്‍ അറസ്റ്റിലായി. ഇതില്‍ ഏറെയും സ്ത്രീകള്‍. ഇതും ലോക ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഒരു പാര്‍ട്ടിയുടെയും ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വനിതകള്‍ തെരുവില്‍ ഇറങ്ങുകയാണെങ്കില്‍ അവര്‍ എത്രമാത്രം അനുഭവിച്ചു എന്ന് നോക്കണം.
ഒരു മനുഷ്യാവകാശ പ്രശ്നമായി തുടങ്ങിയ ഈ സമരം വളരെ പെട്ടെന്നാണ് ഇറാനിലെ ഭരണകൂടത്തിനെതിരായ സമരമായത്. ഇപ്പോള്‍ അത് ഇസ്ലാമിന് എതിരായ സമരം ആയി മാറിയിരിക്കാണ്. 'ഞങ്ങള്‍ക്ക് പള്ളിയും വേണ്ട ഖുറാനും വേണ്ട' എന്നുവരെ ഒരുഘട്ടത്തില്‍ സമരക്കാര്‍ ഉയര്‍ത്തി. ഇറാന്റെ മത നേതാവ് ആയത്തുള്ള ഖുമേനിയുടെ വരെ ചിത്രങ്ങള്‍ നിന്നു കത്തി. ഏറെ പണിപ്പെട്ടാണ് ഇറാന്‍ ഭരണകൂടം ആ സമരത്തെ അടിച്ചൊതുക്കിയത്. അതിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉള്‍വസ്ത്രങ്ങള്‍ മാത്രം ധരിച്ച് കാമ്പസിലെത്തി, അഹൂ ദാര്യോയുടെ പ്രതിഷേധം നടന്നത്.
വൈറലായി ആ പെണ്‍കുട്ടിയും
നിമിഷങ്ങള്‍കൊണ്ട് ആ പെണ്‍കുട്ടിയും വൈറലായി. സോഷ്യല്‍ മീഡിയയില്‍ ആയിരിക്കണക്കിന് ആളുകള്‍ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി എത്തി. ഹിജാബ് അടക്കമുള്ള മതനിയമങ്ങളെ എതിര്‍ക്കുന്നുവെന്നാണ് ഇറാനിലെ 72% ആളുകളും അഭിപ്രായ സര്‍വേയില്‍ തുറന്നുപറഞ്ഞത്. ഇതോടെയാണ് കര്‍ശനമായ അടിച്ചമര്‍ത്തലുമായി ഇറാന്‍ ഭരണകൂടം രംഗത്ത് എത്തിയത്.
ഇസ്രയേലില്‍ നിന്ന് കിട്ടിയ കനത്ത തിരിച്ചടിയും, മോശം സാമ്പത്തിക നിലയുമായി പരുങ്ങലിലാണ് ഇറാന്‍. ഇന്റര്‍നെറ്റ് നിയന്ത്രിച്ചും സോഷ്യല്‍ മീഡിയ വിലക്കിയിട്ടും സ്ത്രീകള്‍ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് ഒത്തുകൂടുന്നത് ഭരണകൂടത്തിനുണ്ടാക്കുന്ന തലവേദന ചെറുതല്ല. കടലാസുതുണ്ടുകളില്‍ സന്ദേശമെഴുതി വീടുകളിലെത്തിച്ചാണ് അവര്‍ ഒത്തുകൂടുന്നത്. 'ഇസ്ലാമിക് റിപ്പബ്ലിക് വീഴുകയാണ്, ജനങ്ങള്‍ക്കൊപ്പം ചേരൂ' എന്നാണ് ഈ തുണ്ടുകടലാസുകളില്‍ അവരെഴുതിവെയ്ക്കുന്നത്. ഇതോടെയാണ് ഇനി ഹിജാബ് ധരിക്കാത്തവരെ മാനസിക രോഗികളായി ചിത്രീകരിക്കാനുള്ള ശ്രമവും അതിനുള്ള ക്ലിനിക്കുകളും ഇറാന്‍ തുടങ്ങിയത്.
ഇറാനെതിരെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിജാബ് ധരിക്കില്ലെന്ന് പറയുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കമെന്നാണ് ഇറാനിലേതെന്നാണ്, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. നീക്കം ഒരിക്കലും ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഇറാനിലെ അഭിഭാഷകനായ ഹൂസൈന്‍ റയാസി വിമര്‍ശനം ഉന്നയിച്ചു.ഹിജാബ് നിയമങ്ങള്‍ എങ്ങനെയെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന ഭരണകൂടം വൈദ്യുതി, ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങളെ മനപൂര്‍വ്വം മറച്ചു പിടിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് ഇസ്ലാമിക നിയമം അല്ലെന്നും ഇറാനിലെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും മനുഷ്യാവകാശ അഭിഭാഷകനായ ഹൊസെന്‍ റയീസി പറയുന്നു. പരമോന്നത നേതാവായ ആയത്തുള അലി ഖാംനെയിയുടെ അധികാരത്തിന് കീഴില്‍ പുണ്യം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ എന്നും അദ്ദേഹം പരിഹസിച്ചു. വനിത കുടുംബക്ഷേമ വുകപ്പ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത് ഭയനാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
' ഇതൊരു ക്ലിനിക്കല്ല, ജയില്‍ ആയിരിക്കും. ജീവിത്തത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാതിരിക്കാനും, വൈദ്യുതി മുടങ്ങാതിരിക്കാനും ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. എന്നാല്‍ സര്‍ക്കാറിന്റെ ആശങ്ക ഒരു തുണിക്കഷ്ണത്തിലാണ്. തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കാന്‍ ഒരു ശരിയായ സമയം ഉണ്ടെങ്കില്‍ അത് ഇതാണ്. അല്ലാത്തപക്ഷം അവര്‍ നമ്മളെ പൂട്ടിയിടും''-പേര് വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ യുവതി പ്രതികരിച്ചു. ഇങ്ങനെ ഹിജാബ് ക്ലിനിക്കിനെതിരെയും അതിശക്തമായ പ്രതിഷേധം പടരുകയാണ്.