വാഷിങ്ടണ്‍: ഇറാനെതിരെയുള്ള ആക്രമണം ശക്തമാകുന്നതിനിടയില്‍, മുന്‍കാലങ്ങളില്‍ പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തിയ യുദ്ധങ്ങളുമായി ഇതിന് സാമ്യമില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ മറ്റൊരു 'ഇറാഖ് മോഡല്‍' ചതുപ്പിലേക്കല്ല ഇറങ്ങുന്നതെന്നും, മറിച്ച് ടെഹ്റാന്റെ സൈനിക ശക്തിയെയും ആണവ അഭിലാഷങ്ങളെയും തകര്‍ക്കാനുള്ള നിര്‍ണ്ണായക നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇത് ഇറാഖ് അല്ല, ഇത് അവസാനമില്ലാത്ത യുദ്ധവുമല്ല,' പെന്റഗണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാനെ കൈവശപ്പെടുത്താനോ അവിടെ രാഷ്ട്രനിര്‍മ്മാണം നടത്താനോ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും, ഇറാന്റെ മിസൈലുകള്‍, ഡ്രോണുകള്‍, നാവികസേന, ആണവ പദ്ധതികള്‍ എന്നിവയെ അതിവേഗം തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് ഭരണകൂടത്തിലെ പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഭരണമാറ്റമല്ല ലക്ഷ്യം

'ഞങ്ങള്‍ അവരെ ശസ്ത്രക്രിയയ്ക്ക് സമാനമായ കൃത്യതയോടെയും (Surgically), അതിശക്തമായും ആക്രമിക്കുന്നു. ഇതില്‍ ഞങ്ങള്‍ക്ക് ഖേദമില്ല. ഇറാന്റെ ആണവ നീക്കങ്ങളും ആഗോള കപ്പല്‍ പാതകള്‍ക്ക് നേരെയുള്ള ഭീഷണിയും ഇനി സഹിക്കാനാവില്ല.'ഇതൊരു ഭരണമാറ്റത്തിന് വേണ്ടിയുള്ള യുദ്ധമല്ല, പക്ഷേ ഈ ആക്രമണത്തിലൂടെ അവിടെ ഭരണം മാറി എന്നത് സത്യമാണ്. അത് ലോകത്തിന് നല്ലതുമാണ്.'

യുദ്ധത്തിന്റെ ദൈര്‍ഘ്യം ട്രംപ് തീരുമാനിക്കും

യുദ്ധം എത്രകാലം നീണ്ടുനില്‍ക്കുമെന്ന് പ്രസിഡന്റ് ട്രംപ് തീരുമാനിക്കുമെന്ന് ഹെഗ്സെത്ത് പറഞ്ഞു. 'ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്, പക്ഷേ പ്രസിഡന്റ് ട്രംപിന് കീഴില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കും. അമേരിക്കക്കാര്‍ക്ക് നേരെയുള്ള അവരുടെ യുദ്ധത്തിന്, അവരുടെ ആയത്തുള്ളയ്ക്കെതിരെയുള്ള ഞങ്ങളുടെ പ്രതികാരത്തിലൂടെ ഞങ്ങള്‍ മറുപടി നല്‍കുന്നു.'

യുദ്ധം പശ്ചിമേഷ്യയില്‍ പടരുന്നു

കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയിയെയും മുതിര്‍ന്ന കമാന്‍ഡര്‍മാരെയും വധിച്ചുകൊണ്ടാണ് യുഎസ്-ഇസ്രായേല്‍ സംയുക്താക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പാശ്ചാത്യ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ലബനനില്‍ ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ പുതിയ പോര്‍മുഖം തുറന്നു.

ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി (Operation Epic Fury):

യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാനിയല്‍ കെയ്ന്‍ ആക്രമണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കി. ഒളിച്ചോടില്ല, ദൗത്യം തുടരും' എന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം.

അമേരിക്കയില്‍ നിന്ന് ഇടതടവില്ലാതെ 37 മണിക്കൂര്‍ പറന്നെത്തിയ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചു. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഇറാന്റെ ആയിരത്തോളം കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. സൈബര്‍, ബഹിരാകാശ കമാന്‍ഡുകളെയും ഇതിനായി ഉപയോഗിച്ചു.

'നാല് ആഴ്ചയ്ക്കുള്ളില്‍ തീരും': ഡൊണാള്‍ഡ് ട്രംപ്

യുദ്ധം എത്രകാലം നീണ്ടുനില്‍ക്കുമെന്ന ചോദ്യത്തിന്, ഏകദേശം നാല് ആഴ്ചയോ അതില്‍ കുറവോ സമയം കൊണ്ട് ഇത് അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'ഇതൊരു വലിയ രാജ്യമാണ്, അതുകൊണ്ട് നാല് ആഴ്ചയോളം എടുത്തേക്കാം,' ട്രംപ് ഡെയ്ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കുവൈറ്റിലെ യുഎസ് താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലാമത്തെ അമേരിക്കന്‍ സൈനികനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 'അമേരിക്കക്കാരെ കൊന്നാല്‍, ലോകത്തിന്റെ ഏത് കോണിലായാലും ഞങ്ങള്‍ നിങ്ങളെ വേട്ടയാടി വധിക്കും,' എന്ന് ഹെഗ്സെത്ത് ഇറാനിലെ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പ് നല്‍കി. മുന്‍കാലങ്ങളിലെ യുദ്ധങ്ങള്‍ പോലെ ജനാധിപത്യം കെട്ടിപ്പടുക്കാനോ സമാധാനം സ്ഥാപിക്കാനോ അല്ല, മറിച്ച് ശത്രുവിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് തങ്ങള്‍ പോരാടുന്നതെന്ന് പെന്റഗണ്‍ മേധാവി വ്യക്തമാക്കി.