- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ 'ചാണക്യതന്ത്രം'! സായുധ സംഘങ്ങളെ പിന്തുണയ്ക്കാന്‍ നീക്കം; കുര്‍ദിഷ് നേതാക്കളുമായി രഹസ്യ ചര്‍ച്ച; യുഎസ് സൈന്യം നേരിട്ടിറങ്ങില്ല, പക്ഷേ ഇറാന്‍ ഭരണകൂടം വീഴും; വരുന്നു പുതിയ 'ട്രംപ് ഡോക്ട്രിന്‍'; ഹിസ്ബുല്ല ചെയ്ത ഹിമാലയന്‍ തെറ്റിന് തിരിച്ചടി അതിഭീകരമാകുമെന്ന് നെതന്യാഹു; നിര്‍ത്തിയിട്ട ഇറാന്‍ വിമാനം തകര്‍ത്തു
ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ 'ചാണക്യതന്ത്രം'!

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ട്രംപ് തയ്യാറെന്ന്് 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട്. ഞായറാഴ്ച കുര്‍ദിഷ് നേതാക്കളുമായി ട്രംപ് സംസാരിച്ചതായും, നിലവിലെ സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുള്ള മറ്റ് പ്രാദേശിക നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
നേതാക്കളുമായി ചര്‍ച്ച
ഇറാന്‍ ഭരണകൂടത്തിന്റെ നിലവിലെ ബലഹീനത മുതലെടുക്കാന്‍ ശ്രമിക്കുന്ന മറ്റ് പ്രാദേശിക ശക്തികളുമായും അദ്ദേഹം ബന്ധപ്പെട്ടുവരികയാണ്. ഇറാഖ്-ഇറാന്‍ അതിര്‍ത്തിയില്‍ ശക്തമായ സ്വാധീനമുള്ള കുര്‍ദിഷ് സേനയെ ഉപയോഗിച്ച് ഇറാനില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
സായുധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍, പരിശീലനം, അല്ലെങ്കില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ നല്‍കുന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, ഇറാനിലെ ജനങ്ങള്‍ സ്വയം എഴുന്നേറ്റ് നിന്ന് ഭരണകൂടത്തെ ഏറ്റെടുക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അമേരിക്കയുടെ എല്ലാവിധ ശക്തിയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
'ട്രംപ് ഡോക്ട്രിന്‍'
വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അമേരിക്കന്‍ സൈന്യത്തെ നേരിട്ട് യുദ്ധക്കളത്തില്‍ ഇറക്കാതെ, ഇറാനിലെ ആഭ്യന്തര ശക്തികളെ ഉപയോഗിച്ച് ഭരണമാറ്റം കൊണ്ടുവരിക എന്ന തന്ത്രത്തെയാണ് ഇത് 'ടംപ് ഡോക്ട്രിന്‍' എന്ന് വിശേഷിപ്പിക്കുന്നത്.
വൈറ്റ് ഹൗസിന്റെ പ്രതികരണം
ട്രംപ് നിരവധി പ്രാദേശിക പങ്കാളികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
വെറും പ്രസ്താവനകള്‍ക്കപ്പുറം, സായുധ സംഘങ്ങള്‍ക്ക് സൈനിക സഹായം നല്‍കുന്നത് ഇറാനിലെ സംഘര്‍ഷം കൂടുതല്‍ ഭീകരമായ ഘട്ടത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിസ്ബുല്ല ചെയ്തത് ഹിമാലയന്‍ തെറ്റ്! തിരിച്ചടി അതിഭീകരമാകുമെന്ന് നെതന്യാഹു
ഇറാനെയും ലബനനെയും ചുട്ടുചാമ്പലാക്കുമെന്ന കര്‍ക്കശമായ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ശത്രുരാജ്യങ്ങളുടെ ആകാശത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും മുകളില്‍ നിന്ന് മരണം പെയ്യാമെന്നുമാണ് നെതന്യാഹു നല്‍കുന്ന സൂചന.
'ഇറാനിലെയും ടെഹ്റാനിലെയും ലബനനിലെയും ആകാശത്ത് ഞങ്ങളുടെ പൈലറ്റുമാരുണ്ട്. ഞങ്ങളെ ആക്രമിച്ചതിലൂടെ ഹിസ്ബുല്ല വലിയ തെറ്റാണ് ചെയ്തത്. ഇതുവരെ നല്‍കിയതിനേക്കാള്‍ വലിയ തിരിച്ചടി ഇനിയുണ്ടാകും,' നെതന്യാഹു വ്യക്തമാക്കി.
പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഭരണകൂടം ആകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ഇസ്രായേലിന്റെ ഈ കനത്ത വെല്ലുവിളി. ഹിസ്ബുല്ലയുടെയും ഇറാന്റെയും സൈനിക ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹുവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി: നിര്‍ത്തിയിട്ടിരുന്ന വിമാനം തകര്‍ത്തു
ശനിയാഴ്ച ആരംഭിച്ച 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യില്‍ അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ നിലയങ്ങള്‍, ഭരണകൂട ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ F-22, F-35 എന്നിവ ഉപയോഗിച്ച് ആക്രമണം തുടരുകയാണ്.
ബുഷെര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇറാനിയന്‍ വിമാനം യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ തകര്‍ന്നു. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. വിമാനത്താവളത്തിന് പിന്നില്‍ പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇറാന്റെ തിരിച്ചടി
ഷഹീദ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ തിരിച്ചടിക്കുന്നുണ്ട്. സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെയും ഗള്‍ഫ് രാജ്യങ്ങളിലെ സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ഊര്‍ജ്ജ പ്രതിസന്ധി
പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയതോടെ ആഗോള എണ്ണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് ലോകമെമ്പാടും വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്.


