- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
120 ഇസ്രയേലി കമാന്‍ഡോകള്‍ ഇരുട്ടിന്റെ മറവില്‍ പറന്നത് സിറിയയിലെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ലക്ഷ്യമാക്കി; റഡാറുകളെ കബളിപ്പിക്കാന്‍ ഹെലികോപ്ടറുകള്‍ താഴ്ന്നു പറന്നു; മൂന്നു മണിക്കൂറിനുള്ളില്‍ മിസൈല്‍ പ്ലാന്റ് തകര്‍ത്ത് ഓപ്പറേഷന്‍ മെനി വെയ്സ് പൂര്‍ത്തിയാക്കി മടക്കം; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ വ്യോമസേന
മൂന്ന് മണിക്കൂറില്‍ സിറിയന്‍ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍
ജറുസലം: കഴിഞ്ഞ വര്‍ഷം സിറിയയില്‍ അര്‍ദ്ധരാത്രി നടത്തിയ അതിസാഹസികമായ രഹസ്യ ഓപ്പറേഷന്റെ വിവരങ്ങള്‍ ഇസ്രയേല്‍ വ്യോമസേന പുറത്തുവിട്ടു. സിറിയയിലെ, ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം 120 ഇസ്രയേലി കമാന്‍ഡോകള്‍ തകര്‍ത്തതിന്റെ വിശദാംശങ്ങളാണ് പരസ്യമാക്കിയത്.
2024 സെപ്റ്റംബര്‍ 8 നായിരുന്നു 'ഓപ്പറേഷന്‍ മെനി വേയ്‌സ്' എന്നുപേരിട്ട ദൗത്യം. പടിഞ്ഞാറന്‍ സിറിയയിലെ മാസ്യഫ് പ്രദേശത്തിന് സമീപത്തുള്ള 'ഡീപ് ലെയര്‍' എന്നറിയപ്പെടുന്ന ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രമാണ് തകര്‍ത്തതത്. സിറിയന്‍ വ്യോമസേനയുടെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന മേഖലയിലാണ് ഇസ്രേയല്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. സിറിയയിലെ അസദ് ഭരണകൂടത്തിനും ലെബനനിലെ ഹിസ്ബുള്ളയ്ക്കും മിസൈലുകള്‍ വിതരണം ചെയ്യാനുളള ഇറാന്റെ മിസൈല്‍ നിര്‍മ്മാണ പദ്ധതിയാണ് ഈ കേന്ദ്രത്തില്‍ നടപ്പാക്കിയിരുന്നതെന്ന് ഇസ്രയേല്‍ പറയുന്നു. ഒരു ഇസ്രയേല്‍ സൈനികന് പോലും പോറലേല്‍ക്കാതെയായിരുന്നു ദൗത്യം.
'ഡീപ് ലെയര്‍' കേന്ദ്രം
2017 അവസാനത്തോടെയാണ് ഇറാന്റെ ഡീപ് ലെയര്‍ കേന്ദ്രം സിറിയയില്‍ തുടങ്ങിയത്. ദക്ഷിണ സിറിയയിലെ ജംരയയില്‍ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഭാവിയില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ നിന്നും തങ്ങളുടെ മിസൈല്‍ ഉത്പാദന കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മല തുരന്ന് 70 മുതല്‍ 130 മീറ്റര്‍ വരെ ആഴത്തിലാണ് കേന്ദ്രം നിര്‍മ്മിച്ചത്. 2021ഓടെ കേന്ദ്രം പൂര്‍ണസജ്ജമായി.
കുതിരലാടത്തിന്റെ ആകൃതിയില്‍ മൂന്നു കവാടങ്ങളാണ് കേന്ദ്രത്തിന് ഉണ്ടായിരുന്നത്. ഒന്ന് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുപോകാന്‍, മറ്റൊന്ന് പൂര്‍ത്തിയായ മിസൈലുകള്‍ പുറത്തുകൊണ്ടുവരാന്‍, മൂന്നാമത്തേത് ലോജിസ്റ്റിക്‌സിനും ഓഫീസിനുമായി. ആകെ 16 നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ടായിരുന്നു. വര്‍ഷന്തോറും ഇവിടെ നിന്ന് 100 മുതല്‍ 300 വരെ മിസൈലുകള്‍ ഉത്പാദിപ്പിച്ചിരുന്നതായാണ് ഐഡിഎഫ് കണക്കുകൂട്ടുന്നത്. 300 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യങ്ങളേ ഭേദിക്കാന്‍ ശേഷിയുള്ളവയായിരുന്നു ഈ മിസൈലുകള്‍.
ഇസ്രയേല്‍ അതിര്‍ത്തിയുടെ വടക്ക് വെറും 200 കിലേമീറ്ററും സിറിയയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ നിന്നും 45 കിലോമീറ്ററും മാത്രം അകലെ വളരെ തന്ത്രപ്രധാന സ്ഥലത്തായിരുന്നു ഡീപ് ലെയര്‍ കേന്ദ്രം. ഇസ്രയേലിന്റെ കണ്ണുവെട്ടിച്ച് സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് നേരിട്ട് ഹിസ്ബുള്ളയ്ക്ക് മിസൈലുകള്‍ നല്‍കാന്‍ ഈ ഭൂഗര്‍ഭ കേന്ദ്രം സഹായകമാകുമായിരുന്നു.
രഹസ്യദൗത്യം ഇങ്ങനെ
വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ഐഡിഎഫ് ഈ കേന്ദ്രത്തെ ആക്രമിക്കാന്‍ തീരുമാനിച്ചത്. ഗസ്സയില്‍ ഹമാസുമായും ലെബനനില്‍ ഹിസ്ബുള്ളയുമായും, ഇറാന്‍ പിന്തുണയുള്ള മറ്റുഭീകരസംഘടനകളുമായും വിവിധതലങ്ങളില്‍ യുദ്ധം തുടങ്ങിയതോടെയാണ് ആപത്ത് ഒഴിവാക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്.
ഇസ്രയേലിന്റെ ഏറ്റവും മികവുറ്റ ദീര്‍ഘ ദൂര ദൗത്യങ്ങള്‍ക്കുള്ള ഷാല്‍ദാഗ് യൂണിറ്റും, യുദ്ധത്തിലെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും നിയോഗിക്കുന്ന യൂണിറ്റ് 669 നെയുമാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തത്. രണ്ടുമാസത്തോളമാണ് രണ്ടുയൂണിറ്റുകള്‍ക്കും വിപുലമായ പരിശീലനം നല്‍കിയത്. അനുകൂല കാലാവസ്ഥ കൂടി നോക്കിയാണ് തീയതി നിശ്ചയിച്ചത്. സിറിയന്‍ മിസൈല്‍ ഭൂഗര്‍ഭ കേന്ദ്രത്തിന്റെ ഭൂപടം, സിറിയയുടെ വ്യോമ പ്രതിരോധ ശേഷി, കരസൈനികരുടെ വിന്യാസം എന്നിവ വിലയിരുത്താന്‍ വിപുലമായ ഇന്റലിജന്‍സ് ശേഖരണവും നടത്തി.
മൂന്നുമണിക്കൂറില്‍ ദൗത്യം പൂര്‍ത്തിയാക്കി
100 ഷാല്‍ദാഗ് കമാന്‍ഡോകളും 20 യൂണിറ്റ് 669 മെഡിക്‌സും നാല് സിഎച്ച്-53 ചരക്ക് ഹെലികോപ്ടറുകളില്‍ കയറിയതോടെ ദൗത്യത്തിന് തുടക്കമായി. എച്ച്-44 അറ്റാക്ക് ഹെലികോപ്ടറുകളും 21 പോര്‍ വിമാനങ്ങളും അഞ്ച് ഡ്രോണുകളും, 14 ചാര വിമാനങ്ങളും അടങ്ങുന്ന ടീം അകമ്പടി യായി പറന്നു. സിറിയയുടെ റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെയാണ് പറന്നത്.
സിറിയയുടെ വ്യോമമേഖലയില്‍ എത്തിയതോടെ, ഹെലികോപ്ടറുകള്‍ പരമാവധി താഴ്ന്നുപറന്നു. മസ്യാഫ് മേഖലയില്‍ നിന്നും സിറിയന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ സിറിയയുടെ മറ്റുചില പ്രദേശങ്ങളില്‍ ആക്രമണം നടത്തി.
ഭൂഗര്‍ഭ കേന്ദ്രത്തിന്റെ കവാടത്തിന് സമീപമായി ഹെലികോപ്ടറുകള്‍ താഴ്ന്നിറങ്ങി. യൂണിറ്റ് 669 സൈനികര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. ആര്‍ക്കെങ്കിലും അപകടം ഉണ്ടായാല്‍ ഒഴിപ്പിക്കാന്‍ സന്നദ്ധരായി നില്‍ക്കുകയായിരുന്നു ഈ ടീം. കമാന്‍ഡോകളുടെ നേതൃത്തില്‍ ഡ്രോണുകള്‍ കേന്ദ്രമാകെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
കനത്ത ബന്തവസ്സുള്ള കേന്ദ്രത്തില്‍ കടക്കാന്‍ ഫോര്‍ക്ക്‌ലിഫ്റ്റുകളാണ് കമാന്‍ഡോകള്‍ ഉപയോഗിച്ചത്. ചിലര്‍ കമാന്‍ഡോകള്‍ക്ക് ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേഷനില്‍ പ്രത്യേക പരിശീലനം കിട്ടിയിരുന്നു. കേന്ദ്രത്തിന് അകത്ത് കടന്ന കമാന്‍ഡോകള്‍ ഏകദേശം 660 പൗണ്ട് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത് നിര്‍ണായകമായ പ്ലാനറ്ററി മിക്‌സറുകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. എല്ലാം ഭദ്രമെന്ന് ഉറപ്പാക്കിയ ശേഷം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് ഭൂഗര്‍ഭ കേന്ദ്രം തകര്‍ത്തു. ഒരു ചെറുഭൂകമ്പം തന്നെയായിരുന്നു അതെന്ന് ഇസ്രയേലി കമാന്‍ഡോകള്‍ സാക്ഷ്യപ്പെടുത്തുന്നു.
വന്ന അതേ ഹെലികോപ്ടറുകളില്‍ കയറി മൂന്നുമണിക്കൂറിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി കമാന്‍ഡോകള്‍ മടങ്ങി. 30 ഓളം സിറിയന്‍ ഗാര്‍ഡുകളെയും സൈനികരെയും ഈ ഓപ്പറേഷനില്‍ വകവരുത്തിയതായി ഐഡിഎഫ് അവകാശപ്പെട്ടു. അതേസമയം, 14 പേര്‍ കൊല്ലപ്പെട്ടുവെന്നും 43 പേര്‍ക്ക് പരിക്കേറ്റുവെന്നുമായിരുന്നു സിറിയന്‍ മാധ്യമങ്ങളില്‍ വന്നത്.