- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകിസ്താന് സായുധ സംഘത്തിന്റെ ആക്രമണത്തില്‍ സൈനികന് വീരമൃത്യു; ക്യാപ്റ്റന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്; നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കാമകാരി സെക്ടറില്‍ ശനിയാഴ്ച പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ശത്രുക്കളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സൈനികന് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ സേനാ ക്യാപ്റ്റന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. വെടിവെപ്പില്‍ പാകിസ്താന് നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 2:30ഓടെ നിയന്ത്രണ രേഖക്ക് സമീപം സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ പാക് അധീന കശ്മീരിലേക്ക് തിരികെ പോയതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
വടക്കന്‍ കശ്മീര്‍ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകാടി പോസ്റ്റിന് സമീപം നുഴഞ്ഞുകയറ്റക്കാരായ മൂന്നംഗ സംഘം ഗ്രനേഡ് എറിയുകയും ഇന്ത്യന്‍ പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ പരിക്കേറ്റ സൈനികരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതിട്ടുണ്ട്. പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച ആദ്യം പ്രദേശം സന്ദര്‍ശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയാറെടുപ്പ് അവലോകനം ചെയ്തിരുന്നു.
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ചതിന് പിന്നാലെ പാകിസ്താനെതിരേ ആഞ്ഞടിച്ചിരുന്നു. 'പാകിസ്താന് മുമ്പ് നടത്തിയ കുത്സിത ശ്രമങ്ങളിലെല്ലാം പരാജയപ്പെട്ടവരാണ്. എന്നാല്‍, അവര്‍ ചരിത്രത്തില്‍നിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തിലൂടെയും നിഴല്‍ യുദ്ധത്തിലൂടെയും ഇന്നും അവര്‍ എല്ലാം തുടരുകയാണ്' - മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രകോപന ഉണ്ടായത്.
പാക് പിന്തുണയുള്ള ഭീകരരുടെയും പാകിസ്താന് എസ്.എസ്.ജി കമാന്‍ഡോകളുടെയും സംയുക്ത സായുധ സംഘമാണു ബോര്‍ഡര്‍ ആക്ഷന്‍ ടീം അഥവാ ബാറ്റ് എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഈ സംഘം മേഖലയില്‍ അശാന്തി വിതക്കുന്നുണ്ട്. 2013ലാണ് ബാറ്റിന്റെ സാന്നിധ്യം ഇന്ത്യന്‍ സേന സ്ഥിരീകരിക്കുന്നത്. പാകിസ്താന് കരസേനയുടെ ഭാഗമാണ് ബാറ്റ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യന്താധുനിക ആയുധങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്നാണ് അവകാശവാദം.