തിരുവനന്തപുരം : ആരാണ് വിസില്‍ ബ്ലോവര്‍? എന്താണ് വിസില്‍ ബ്ലോവര്‍? വിസില്‍ ബ്ലോവറായാല്‍ എന്തെങ്കിലും പരിരക്ഷ നിലവില്‍ കിട്ടുമോ? ഇതില്‍ അവസാന ദോയത്തിന് ഇല്ലെന്നാണ് ഉത്തരം. ധന അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് എതിരെ സമൂഹമാധ്യമത്തിലൂടെ തുടര്‍ച്ചയായി കുറിപ്പുകള്‍ എഴുതിയ കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്താണ് വിസില്‍ ബ്ലോവര്‍ പരമാര്‍ശം അടുത്ത കാലത്ത് വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. എന്നാല്‍ പ്രശാന്തിനും 'ഇന്ത്യന്‍ വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ആക്ട്' പ്രകാരമുള്ള സംരക്ഷണം കിട്ടില്ല. ഈ കേന്ദ്രനിയമം ഇനിയും നടപ്പാക്കിയിട്ടില്ല. ഈ നിയമപ്രകാരം സംരക്ഷണം ആര്‍ക്കും നിലവില്‍ കണ്ടില്ലെന്നതാണ് വസ്തുത. ഡിജിപി ആയിരുന്ന ജേക്കബ് തോമസിന്റെ ചില പരാമര്‍ശങ്ങളിലൂടെയാണ് മുമ്പ് വിസില്‍ ബ്ലോവര്‍ ചര്‍ച്ച നടന്നത്. ഇപ്പോള്‍ വീണ്ടുമൊരു സിവില്‍ സര്‍വ്വീസുകാരനിലൂടെ അത് വീണ്ടുമെത്തുന്നു.

അനീതിക്കെതിരെ ചൂളംവിളിച്ചു കൊണ്ട് ആ വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നുവെന്ന അര്‍ഥത്തിലാണ് വിസില്‍ ബ്ലോവര്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. അമേരിക്കയിലെ പൗരാവകാശ പ്രവര്‍ത്തകനായ റാല്‍ഫ് നടേര്‍ ആണ് 1970കളിലാണ് ഇത് ചര്‍ച്ചയാക്കി തുടങ്ങിയത്. പിന്നീട് ആഗോള തലത്തില്‍ ഉയര്‍ന്ന പദമായി ഇത് മാറി. ഈ നിയമത്തില്‍ പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു. 2018ല്‍ ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചതുമില്ല. ഈ സാഹചര്യത്തില്‍ പ്രശാന്ത് ഉയര്‍ത്തുന്ന വിസില്‍ ബ്ലോവറെ എങ്ങനെ കോടതിയടക്കം കാണുമെന്നത് നിര്‍ണ്ണായകമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ ജേക്കബ് ജോര്‍ജ് വിസില്‍ ബ്ലോവര്‍ ചര്‍ച്ച ഉയര്‍ത്തിയത്. എന്നാല്‍ അതിന് ശേഷം ജേക്കബ് തോമസിന് ഒരു 'ഉന്നതിയും' സര്‍ക്കാര്‍ നല്‍കിയില്ല. ഇവിടെ ഉന്നതിയുടെ പാരില്‍ സസ്‌പെന്‍ഷന്‍ വാങ്ങുന്ന പ്രശാന്തിന് ഇനി എന്ത് സംഭവിക്കുമെന്നത് വിസില്‍ ബ്ലോവറാകാന്‍ ഇറങ്ങി പുറപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെല്ലാം നിര്‍ണ്ണായകമാണ്.

അഴിമതി, അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ഒരു പൊതുപ്രവര്‍ത്തകന്‍ നടത്തിയാല്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വിവരം പുറത്തുവിടുന്ന വ്യക്തിയെ സംരക്ഷിക്കുകയാണു വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ ലക്ഷ്യം. വിവരം പുറത്തുവിടുന്നയാളെ (വിസില്‍ ബ്ലോവര്‍) സംരക്ഷിക്കാനാണ് 2011 ഡിസംബറില്‍ ലോക്‌സഭയും 2014 ഫെബ്രുവരിയില്‍ രാജ്യസഭയും വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കിയത്. 2014 മേയില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പക്ഷേ വിജ്ഞാപനം ഇനിയും ഇറക്കിയില്ല. പിന്നീട് ചില ഭേദഗതികളോടെ 2015 ല്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇതു രാജ്യസഭയില്‍ പാസായില്ല. ഇത്തരമൊരു സാഹചര്യം വിസില്‍ ബ്ലോവര്‍ വിഷയത്തെ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുന്നുണ്ട്.

അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ ജേക്കബ് തോമസിന് നിയമപരമായ സാധ്യതകള്‍ തേടാന്‍ സാധിക്കുമെന്ന് അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവന് ഭീഷണിയുണ്ടെങ്കില്‍ ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇത്തരത്തിലൊരു പരാമര്‍ശം. ജീവന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയാല്‍ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ സംരക്ഷണം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.

പൊതുപ്രവര്‍ത്തകനോ ഏതെങ്കിലുമൊരു വ്യക്തിക്കോ സന്നദ്ധസംഘടനയ്‌ക്കോ (എന്‍ജിഒ) കേന്ദ്ര വിജിലന്‍സ് കമ്മിഷന് ഇങ്ങനെ വിവരം നല്‍കാമെന്നാണു 2011ലെ നിയമത്തില്‍ പറയുന്നത്. പരാതിക്കാരന്‍ ആരാണെന്നു വ്യക്തമാക്കണം. പേരും വിശദാംശങ്ങളും വിജിലന്‍സ് കമ്മിഷന്‍ രഹസ്യമായി സൂക്ഷിക്കും. പരാതിക്കാരന്റെ പേരു പുറത്തുവിടുന്നവരെയും തെറ്റായ പരാതി നല്‍കുന്നവരെയും കമ്മിഷനു ശിക്ഷിക്കാം. സത്യസന്ധരായ ഉദ്യോഗസ്ഥരെ അനാവശ്യമായി പീഡിപ്പിക്കുന്നതു തടയാനും നിയമം ലക്ഷ്യമിടുന്നു. രാജ്യത്തു വിവരാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരവും ലോ കമ്മിഷന്റെ ശുപാര്‍ശയോടെയുമാണ് ബില്‍ കൊണ്ടുവന്നത്.

ഈ നിയമം നടപ്പിലായില്ലെങ്കിലും വിവരാവകാശ പ്രവര്‍ത്തകരെയും അഴിമതി പുറത്തുകൊണ്ടുവരുന്നവരെയും സംരക്ഷിക്കാന്‍ ഉത്തരവിറക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2010 ഒക്ടോബര്‍ 14ന് കേരള സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നവര്‍ക്കും നേരെ ഭീഷണിയോ ആക്രമണമോ ഉണ്ടായാല്‍ ക്രമസമാധാനച്ചുമതലയുള്ള അധികൃതര്‍ സംരക്ഷണം നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ ജീവനക്കാര്‍ക്ക് അത് നല്‍കുമോ എന്നതില്‍ സര്‍ക്കാരിന് ഭിന്നാഭിപ്രായമുണ്ട്. ജേക്കബ് തോമസ് കേസിലെ വിധിയും നിര്‍ണ്ണായകമാണ്.

വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനും സസ്പെന്‍ഷന്‍ നല്‍കിയതോടെ വിസില്‍ ബ്ലോവര്‍ ചര്‍ച്ച പുതിയ തലത്തിലെത്തുകയാണ്. ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തിലാണ് കെ ഗോപാലകൃഷ്ണന് സസ്പെന്‍ഷന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ വ്യക്തിപരമായ പരാമര്‍ശത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ഇരുവര്‍ക്കുമെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കൈമാറിയിരുന്നു. പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശം ചട്ടലംഘനമാണെന്ന് ചീഫ്സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരായ നടപടി ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

ഹിന്ദു ഓഫീസര്‍മാരുടെ ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന കെ ഗോപാലകൃഷ്ണന്‍ തന്റെ വാട്ട്സാപ് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു പല ഘട്ടത്തിലും വിശദീകരിച്ചത്. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ കമ്പനി റിപ്പോര്‍ട്ട് നല്‍കി. ഉന്നതിയെന്ന സംവിധാനത്തില്‍ ഫയലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പ്രശാന്തിന്റെ സോഷ്യല്‍ മീഡിയാ കടന്നാക്രമണത്തിന് കാരണമായത്.