തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനിക്കും അണ്ണന്‍ സിജിത്തിനും ജയിലിനുള്ളില്‍ വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കി പണം തട്ടിയ ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ ഒടുവില്‍ കുടുങ്ങുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊടി സുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയുമാണ് ഡിഐജിക്ക് ഗൂഗിള്‍ പേ വഴി കൈക്കൂലിയായി നല്‍കിയത്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചതോടെ വിനോദ് കുമാറിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. ഇതൊരു കാവ്യനീതിയാണ്. ടിപിയെ കൊന്നവരെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്തതിനുള്ള ശിക്ഷ.

നേരിട്ട് പണം വാങ്ങുന്നതിന് പകരം തടവുകാരുടെ ബന്ധുക്കള്‍ വഴിയാണ് വിനോദ് കുമാര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. അണ്ണന്‍ സിജിത്തിന്റെ ബന്ധുവിന്റെ ഫോണ്‍ നമ്പറില്‍ നിന്ന് പണം കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചു. കൂടാതെ, ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം എത്തിയിരുന്നു. ഇവരുടെ അക്കൗണ്ടില്‍ നിലവില്‍ 40 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും ഇത് അനധികൃത സ്വത്തുസമ്പാദനമാണെന്നുമാണ് വിജിലന്‍സിന്റെ നിഗമനം.

ജയില്‍ സൂപ്രണ്ടായിരുന്ന കാലം മുതല്‍ വിനോദ് കുമാര്‍ അഴിമതികളില്‍ പങ്കാളിയായിരുന്നു. മയക്കുമരുന്ന് ജയിലിനുള്ളിലേക്ക് എത്തിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും മൗനാനുവാദം നല്‍കിയിരുന്നു. ജയിലില്‍ ഇരുന്നുകൊണ്ട് തന്നെ കൊടി സുനി ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്തത് പോലീസ് കണ്ടെത്തിയിട്ടും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്ന വിനോദ് കുമാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സിപിഎം നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് ഇത്തരം പരാതികളെല്ലാം ഇയാള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

ടി.പി പ്രതികള്‍ക്ക് പുറമെ കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തിനും ബിനീഷിനും ജയിലില്‍ പരിഗണന നല്‍കിയതും വിവാദമായിരുന്നു. വിരമിക്കാന്‍ വെറും നാലുമാസം മാത്രം ബാക്കി നില്‍ക്കെയാണ് അഴിമതിക്കഥകള്‍ പുറത്തുവരുന്നത്. വിനോദ് കുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിനും കൈക്കൂലിക്കും പ്രത്യേക കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സജിത്തിനും ബിനീഷിനും ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കി എന്നത് വിവാദമായിരുന്നു. മറ്റ് തടവുകാര്‍ക്ക് ലഭിക്കാത്ത പരിഗണന ഇവര്‍ക്ക് ലഭിക്കാന്‍ വിനോദ് കുമാര്‍ ഇടപെട്ടു എന്ന് അന്നേ ആരോപണമുണ്ടായിരുന്നു. സിപിഎം അനുകൂല നിലപാടുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം, പാര്‍ട്ടിയോട് മമതയില്ലാത്ത മറ്റ് ജയില്‍ ഉദ്യോഗസ്ഥരോട് പകപോക്കല്‍ നടത്തിയിരുന്നതായി പരാതികളുണ്ട്. ജയില്‍ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും അച്ചടക്ക നടപടികളിലും പാര്‍ട്ടി താത്പര്യം സംരക്ഷിക്കാന്‍ ഇദ്ദേഹം നിലകൊണ്ടു എന്നതായിരുന്നു ആക്ഷേപം.

ജയിലിനുള്ളിലേക്ക് കഞ്ചാവും മയക്കുമരുന്നും കടത്തുന്ന മാഫിയയുമായി വിനോദ് കുമാറിന് ബന്ധമുണ്ടെന്ന് വിജിലന്‍സ് സംശയിക്കുന്നു. സൂപ്രണ്ടായിരുന്ന കാലം മുതല്‍ തടവുകാരില്‍ നിന്ന് പണം വാങ്ങി ഇത്തരം നിരോധിത വസ്തുക്കള്‍ അകത്തെത്തിക്കാന്‍ ഇയാള്‍ സഹായം ചെയ്തിരുന്നതായി സൂചനകളുണ്ട്. ഇതിലേക്കും അന്വേഷണം കടക്കും. ജയിലിലേക്ക് പുതിയതായി എത്തുന്ന സാമ്പത്തിക ശേഷിയുള്ള റിമാന്‍ഡ് തടവുകാരില്‍ നിന്ന് ജയിലിനുള്ളില്‍ നല്ല സെല്ലും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നതിനായി നിശ്ചിത തുക കൈക്കൂലിയായി വാങ്ങുന്നുവെന്നും സംശയമുണ്ട്. ഇതിലേക്കും അന്വേഷണം നീളും.

ജയില്‍ മേധാവിയായിരുന്ന ആര്‍. ശ്രീലേഖയുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ വിനോദ് കുമാറിന് ഉണ്ടായിരുന്നു. വിയ്യൂര്‍ ജയിലില്‍ വെച്ച് കൊടി സുനി പുറത്തേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രീലേഖ ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്നത്തെ സൂപ്രണ്ടായിരുന്ന വിനോദ് കുമാര്‍ ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ ജയില്‍ മേധാവി വിശദീകരണം ചോദിച്ചെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. കൃത്യമായി ജോലിക്ക് ഹാജരാകാതിരുന്നതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരിക്കെ വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജയില്‍ ആസ്ഥാനത്തെ ഡിഐജി എന്ന നിലയിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് കീഴ്ജീവനക്കാരെയും ജയില്‍ സൂപ്രണ്ടുമാരെയും വിരട്ടി കാര്യങ്ങള്‍ നടത്തിച്ചിരുന്നതായി വിജിലന്‍സ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളുമായി വിനോദ് കുമാറിനുള്ള വഴിവിട്ട ബന്ധം ജയില്‍ വകുപ്പിലെ മറ്റ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയായിരുന്നു.