- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ എല്ലാം നിരോധിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി മാത്രമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചെന്ന് മനോരമയും മാതൃഭൂമിയും മുതല്‍ സകല പത്രങ്ങളും; റിപ്പോര്‍ട്ടര്‍ ചാനലില്‍ ആ ദുഃഖവാര്‍ത്ത വായിച്ച് ഡോ. അരുണ്‍കുമാര്‍; ആശങ്കയോടെ പത്ര- ചാനല്‍ ഓഫീസുകളിലേക്ക് നാട്ടുകാരുടെ വിളി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം പുലിവാല് പിടിച്ചതിങ്ങനെ
ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം പുലിവാല് പിടിച്ചതിങ്ങനെ
തിരുവനന്തപുരം: പത്രവായന ശീലമാക്കിയ മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇന്നത്തെ മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്. മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലെ പ്രധാന വാര്‍ത്ത രാജ്യത്ത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി വഴിയാണ് എല്ലാ ഇടപാടും എന്നതായിരുന്നു. നോട്ടു നിരോധനത്തേക്കാള്‍ വലിയ വാര്‍ത്ത വായിച്ച് പലരും ഞെട്ടി. 'നോട്ടേ വിട: ഇനി ഡിജിറ്റല്‍ കറന്‍സി' എന്ന പ്രധാന തലക്കെട്ടും 'മാറ്റത്തിന്റെ കാറ്റില്‍പറന്ന് പേപ്പര്‍ കറന്‍സി' എന്ന സബ് ഹെഡ്ഡിഗും സഹിതമായിരുന്നു വാര്‍ത്ത.
ഈ വാര്‍ത്തയിലെ ഉള്ളടകം രാജ്യത്ത് പേപ്പര്‍ കറന്‍സി നിരോധിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചെന്ന വിധത്തിലുള്ളതായിരുന്നു. ഫെബ്രുവറി ഒന്ന് മുതല്‍ പേപ്പര്‍കറന്‍സികള്‍ രാജ്യത്ത് ഉണ്ടാകില്ലെന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. പത്രത്തിന്‍രെ ഒന്നാം പേജിലെ വാര്‍ത്ത വായിച്ചവര്‍ ആദ്യം ഞെട്ടി. പിന്നീട് മറ്റു വാര്‍ത്തകളിലേക്കും കണ്ണോടിച്ചതോടെയാണ് സംഗതി മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മനസിലായത്.
ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യമായിരുന്നു ഇത്. കൊച്ചി ഡീംഡ് യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളാണ് മാര്‍ക്കറ്റിംഗ് ഫീച്ചറായി നില്‍കിത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കും എന്നതാണ് ഭാവനയാണ് മാര്‍ക്കറ്റിംഗ് ഫീച്ചറില്‍ ഉള്‍കൊള്ളിച്ചത്. പത്രങ്ങളുടെ മുന്‍പേജില്‍ തന്നെ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ഒറ്റയടിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇതോടെ വാര്‍ത്ത വായിച്ചു ഞെട്ടിയ പലരും ആശങ്കപ്പെട്ടു. പരസ്യമാണെന്ന് മനസ്സിലാക്കിയതോടെ പത്ര ഓഫീസുകളിലേക്ക് വായനക്കാരുടെ വിളികള്‍ തുടരുകയാണ്. വാര്‍ത്ത കേട്ട് ഞെട്ടി സത്യമാണെന്ന് ധരിച്ചവരും പരസ്പ്പരം വിളിച്ചു. പത്ര ഓഫീസുകളിലേക്കും ഫോണ്‍വിളികളെത്തി. ആളുകളെ കബളിപ്പിക്കുന്ന വിധത്തിലാണ് പരസ്യം നല്‍കിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. അതിനിടെ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ വായിച്ച് തെറ്റിദ്ധരിച്ചവരുടെ കൂട്ടത്തില്‍ മാധ്യമരംഗത്തെ പുലികളെന്ന് അവകാശപ്പെടുന്നവരും ഉണ്ടായിരുന്നു.
റിപ്പോര്‍ട്ടര്‍ ചാനലില്‍ മോണിംഗ് ഷോക്കിടെ പത്രഅവലോകന സെക്ഷനില്‍ ആ ദുഃഖവാര്‍ത്ത വായിച്ചത് ഡോ. അരുണ്‍കുമാറായിരുന്നു. കറന്‍സി നോട്ടുകള്‍ എല്ലാം നിരോധിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി മാത്രമാണെന്ന വാര്‍ത്ത സത്യമാണെന്ന് വായിച്ചു അതേപടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നല്‍കി. താന്‍ വായിക്കുന്നത് അബദ്ധമാണെന്ന് അരുണ്‍കുമാര്‍ തിരിച്ചറിഞ്ഞതുമില്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേര് തെറ്റായാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. എന്നിട്ടും അരുണ്‍കുമാര്‍ ഇതിലെ വസ്തുത തിരിച്ചറിഞ്ഞില്ല. പിന്നീട് അബദ്ധം പറ്റിയത് അരുണ്‍കുമാര്‍ തിരിച്ചറിഞ്ഞത്. ഇതോടെ ഉരുണ്ടു കളിക്കുകയാണ് അരുണ്‍ ചെയ്തത്. തനിക്ക് അബദ്ധം പറ്റിയതാണെന്ന് മറച്ചുവെക്കുകയാണ് അരുണ്‍ ചെയ്തത്.
ബുദ്ധിജീവിയായ അരുണ്കുമാറിന് പോലും മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് തിരിച്ചറിഞ്ഞില്ല. സാധാരണക്കാരില്‍ പലരും വാര്‍ത്ത വായിച്ചു ഞെട്ടി. അതിനിടെ മാതൃഭൂമി പത്രം സ്വന്തം ഫോണ്ടിലും ലേ ഔട്ടിലുമാണ് മാര്‍ക്കറ്റിംഗ് ഫീച്ചര്‍ അടിച്ചത്. അതുകൊണ്ടാണ് വാര്‍ത്ത ശരിയാണെന്ന് പലരും ധരിച്ചത്. എന്നാല്‍, പത്രത്തില്‍ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്നും കൂടാതെ മുന്നറിയിപ്പും നല്‍കിയിരുന്നു. 2050 ജനുവരി 24 എന്ന ഡേറ്റ്‌ലൈന്‍ തന്നെ മലയാള മനോരമ പത്രത്തിലെ ഒന്നാം പേജിന് നല്‍കിയിട്ടുണ്ട്.
പലരെയും ആശങ്കപ്പെടുത്തിയത് കറന്‍സി നിരോധ വാര്‍ത്തയായിരുന്നു. പലരും വാര്‍ത്ത ആധികാരികമാണെന്് തെറ്റിദ്ധരിച്ചു വാട്‌സ് ഗ്രൂപ്പുകളിലൂടെ വസ്തുതാ പരിശോധനയും നടത്തി. വാര്‍ത്ത വായിച്ചവര്‍ ഇനി എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ട് ചായക്കടകളില്‍ പോലുമിരുന്ന ചര്‍ച്ച ചെയ്യുന്ന അവസ്ഥയുണ്ടായി. അത്രക്കുണ്ടായിരുന്നു ഒന്നാം പേജ് മാര്‍ക്കറ്റിംഗ് ഫീച്ചറിന്റെ ഇംപാക്ട്.
എന്നാല്‍, ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സൈബറിടത്തില്‍ ഉയര്‍ന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ നടപടി വേണമെന്ന് പോലും ചിലര്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കിയാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ജനയുഗം, ദീപിക, മംഗളം, മലയാള മനോരമ, മാതൃഭൂമി, മാധ്യമം, വീക്ഷണം, ചന്ദ്രിക, സുപ്രഭാതം, ജന്‍മഭൂമിയിലും മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എത്തി.
ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ ക്രിപ്‌റ്റോ കറന്‍സിയുടേതാണെന്നും, പരാമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്ക്ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കാനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയെന്നും സാമ്പത്തി നൊബേല്‍ പുരസ്‌കാര ജേതാവ് ഡോ. റിന പട്ടേലിന്റെ അഭിപ്രായത്തോടെയാണ് വാര്‍ത്ത അവസാനിക്കുന്നത്.
ആഴക്കടല്‍ ഇനി ആള്‍ക്കടല്‍ എന്ന തലക്കെട്ടില്‍, ആദ്യ സമുദ്രനഗരത്തിന്റെ താക്കോല്‍ കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത കാണാം. കടലിനടിയിലൊരുക്കിയ ഓഷ്യാനസ് എന്ന സാങ്കല്‍പ്പിക സമുദ്രനഗരത്തെക്കുറിച്ചാണ് വാര്‍ത്ത. ഒരു ലക്ഷത്തോളം പേരാണ് ആദ്യ ആഴക്കടല്‍ നഗരത്തില്‍ പാര്‍ക്കാനെത്തിയത്. കേരളത്തിന്റെ അഭിമാന നിമിഷമായി അവതരിപ്പിച്ചിരിക്കുന്നത്, റോബോട്ട് മന്ത്രിയുടെ ഒന്നാം വാര്‍ഷികമാണ്. റോബോ റവന്യൂ മന്ത്രി സികെ-50 മന്ത്രിസഭയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളുമുണ്ടെന്ന് വാര്‍ത്ത.
കൗതുകം ലേശം കൂടിയ വാര്‍ത്തയാണ് അടുത്തത്. 'ഗോളാ'ന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും എന്നാണ് തലക്കെട്ട്. അതിരുകളില്ലാത്ത ആവേശപ്പോരാട്ടത്തിനൊടുവില്‍ ഗോളാന്തര ഫുട്‌ബോള്‍ കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും എന്നതാണ് വാര്‍ത്ത. ആദ്യ ഗോളാന്തര കപ്പിന്റെ ഫൈനല്‍ പോരാട്ടം ആരാധകര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളാണ്. സൗരയൂഥത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 500 കോടി ആരാധകര്‍ കണ്ട മത്സരത്തിലും പിറന്നത് പുതുചരിത്രം. ചൊവ്വയിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണവുമായി കളിക്കാര്‍ പൊരുത്തപ്പെടുന്നതിന് പ്രത്യേക നിയന്ത്രണ സംവിധാനം ഒരുക്കിയിരുന്നുവെന്നും വാര്‍ത്ത പറയുന്നു. കളിയുടെ ഹോളോഗ്രാഫിക് സംപ്രേഷണവും ഉണ്ടായിരുന്നത്രേ.
അതിര്‍ത്തി രക്ഷാസേനകളെ പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ, യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് മറ്റൊരു വാര്‍ത്ത. ഐക്യരാഷ്ട്ര സഭയുടെ 'ഒരൊറ്റ ലോകം ഒരൊറ്റ ജനത' കോണ്‍ക്ലേവിലായിരുന്നത്രേ തീരുമാനം. ചെമ്പ്രമലയ്ക്ക് സമീപം അത്തിമലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത അതിനൂതന എഐ പ്രവചിച്ചതോടെ വന്‍ ദുരന്തം ഒഴിവായെന്നും വാര്‍ത്തയുണ്ട്. എഐ ഇടപെട്ടതോടെ ഒഴിവായത് വന്‍ ദുരന്തമെന്നും രക്ഷപ്പെട്ടത് 30,000 പേരെന്നുമാണ് വിശദാംശങ്ങള്‍.
സാങ്കല്‍പ്പികമായ ഈ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ ഒന്നാം പേജ് വലിയ ഹിറ്റാണ്. അതേസമയം മാര്‍ക്കറ്റിംഗ് എന്ന നിലയില്‍ ഗംഭീരമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉണ്ടായത്. പത്രങ്ങളിലെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കലായി ഈ വാര്‍ത്തകള്‍ മാറി. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഭാവിയില്‍ ഇത്തരം വാര്‍ത്തകള്‍ വഴിമരുന്നിടുമോ എന്ന ആശങ്കയും ശക്തമാണ്. ചുരുക്കത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം ഹിറ്റായെങ്കിലും ആളുകള്‍ക്കിടയില്‍ വന്ന ആശങ്ക പരിഹരിക്കേണ്ട ബാധ്യത മാധ്യമങ്ങളില്‍ നിക്ഷിപ്തമായി മാറിയിരിക്കയാണ്.