കൊച്ചി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, ഭാര്യ ഷബ്ന, മറ്റ് ഭാരവാഹികള്‍ എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി താല്‍ക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് (PMLA) കൊച്ചി സോണല്‍ ഓഫീസിന്റെ ഈ കര്‍ശന നടപടി. ഇതിന് പിന്നാലെ പ്രതികരണവുമായി ജാസ്മിന്‍ ഷാ ലൈവിലെത്തി. സമരം ശക്തമാക്കാന്‍ ഒരുങ്ങുമ്പോഴാണ് കേന്ദ്ര ഏജന്‍സിയായ ഇ.ഡിയെ ഉപയോഗിച്ച് തങ്ങളെ ഭയപ്പെടുത്താന്‍ നോക്കുന്നതെന്നും ഇതിന് പിന്നില്‍ വലിയൊരു ലോബി തന്നെയുണ്ടെന്നും ജ്ാസ്മിന്‍ ഷാ ആരോപിച്ചു. നഴ്‌സിംഗ് മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതുകൊണ്ട് ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ തന്നെയാണ് ഈ വേട്ടയാടലിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ജാസ്മിന്‍ ഷായുടെ വാക്കുകള്‍:

അങ്ങനെ 2019-ല്‍ ക്രൈംബ്രാഞ്ച് എങ്കില്‍, 2026-ല്‍ ഇതാ ഇ.ഡി (ED) വന്നിരിക്കുകയാണ്. ഇന്ന് രാവിലെ തന്നെ ഇ.ഡിയുടെ നോട്ടീസ് വന്നിട്ടുണ്ട്. ഈ ഒരു കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കാനാണ് ഇപ്പോള്‍ ലൈവില്‍ വന്നിരിക്കുന്നത്.

ഇതുകൊണ്ടൊന്നും എന്നെയായാലും യുഎന്‍എ (UNA) എന്ന സംഘടനയെയായാലും ഒരടി പോലും പിന്നോട്ട് മാറ്റാന്‍ കഴിയില്ല എന്ന് ആദ്യമേ പറയാം. 2019-ല്‍ ഇതേപോലെ ക്രൈംബ്രാഞ്ചിനെ വിട്ട് ഞങ്ങളെ പൂട്ടാന്‍ നോക്കിയതാണ്. അന്ന് ലുക്കൗട്ട് നോട്ടീസ് ഇറക്കി, വിദേശത്ത് നിന്ന് എന്നെ കൊണ്ടുവരാന്‍ നോക്കി, വലിയ പുകിലുകളായിരുന്നു. പക്ഷേ നമ്മള്‍ അതിനെയൊക്കെ നിയമപരമായി നേരിട്ടു, ഇന്നും തലയുയര്‍ത്തിപ്പിടിച്ച് തന്നെ നില്‍ക്കുന്നു.

ഇപ്പോള്‍ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ടും മറ്റ് അവകാശങ്ങള്‍ക്കും വേണ്ടി നമ്മള്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുമ്പോഴാണ് കേന്ദ്ര ഏജന്‍സിയായ ഇ.ഡിയെ ഉപയോഗിച്ച് ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കുന്നത്. ഇതിന് പിന്നില്‍ വലിയൊരു ലോബി തന്നെയുണ്ട്. നഴ്‌സിംഗ് മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതുകൊണ്ട് ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്. അവര്‍ തന്നെയാണ് ഈ വേട്ടയാടലിന് പിന്നിലും.

ഇ.ഡി അന്വേഷിക്കട്ടെ, ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ. സംഘടനയുടെ പണമിടപാടുകള്‍ എല്ലാം കൃത്യമാണ്. ബാങ്ക് വഴിയല്ലാതെ ഒരു രൂപ പോലും അസോസിയേഷന്‍ കൈകാര്യം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ രേഖകള്‍ ഹാജരാക്കാന്‍ ഞങ്ങള്‍ക്ക് പേടിയില്ല. നിയമപരമായി ഇതിനെ നേരിടും.

എല്ലാ നഴ്‌സുമാരോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ഇതൊരു സമ്മര്‍ദ്ദ തന്ത്രമാണ്. സമരത്തില്‍ നിന്ന് നമ്മളെ പിന്തിരിപ്പിക്കാനുള്ള ശ്രമം. പക്ഷേ, യുഎന്‍എ ഒരു ഇഞ്ചു പോലും പിന്നോട്ടില്ല. അന്വേഷണങ്ങള്‍ നടക്കട്ടെ, നമ്മുടെ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. ഇതിലും വലിയ വെല്ലുവിളികള്‍ നമ്മള്‍ അതിജീവിച്ചതാണ്. സത്യം നമ്മുടെ ഭാഗത്തുള്ളപ്പോള്‍ ആരെയും ഭയപ്പെടേണ്ടതില്ല.

എല്ലാവര്‍ക്കും നന്ദി.'


ഇഡി നോട്ടീസില്‍ പറയുന്നത്:

2017-2019 കാലയളവില്‍ നഴ്‌സുമാരില്‍ നിന്ന് ലെവിയായും മറ്റും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ജാസ്മിന്‍ ഷായും കൂട്ടാളികളും സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

പണമായി പിന്‍വലിച്ചും, ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയും സംഘടനയുടെ ബൈലോ ലംഘിച്ചായിരുന്നു വകമാറ്റല്‍.




വകമാറ്റിയ പണം ഉപയോഗിച്ച് ആഡംബര കാറുകളുടെ ഇഎംഐ അടയ്ക്കാനും ഫ്‌ലാറ്റുകള്‍ വാങ്ങാനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമാണ് സംഘം ഉപയോഗിച്ചത്. ഇത് നിയമവിധേയമാണെന്ന് കാണിക്കാന്‍ വ്യാജ കമ്മിറ്റി മിനിറ്റ്‌സുകള്‍ വരെ ഇവര്‍ നിര്‍മ്മിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.

കണ്ടുകെട്ടിയ സ്വത്തുക്കള്‍

മൊത്തം 1.44 കോടി രൂപയുടെ 'Proceeds of Crime' (കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം) ആണ് ഇ.ഡി തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്നവ കണ്ടുകെട്ടി:

മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്‌ലാറ്റും.

നാല് സ്ഥിര നിക്ഷേപങ്ങള്‍: ജാസ്മിന്‍ ഷാ, ഷബ്ന, ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ് എന്നിവരുടെ പേരിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍.

തൃശൂര്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ ചുവടുപിടിച്ചാണ് ഇ.ഡി അന്വേഷണം നടത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കി.