തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകനായ ജാവേദ് പര്‍വേശ്. ഈ കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോരെന്നും ഈ ഭരണത്തില്‍ അവരെ വിശ്വസിക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത സിപിഎമ്മിന്റെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്.

ആക്രമണം ഏതെങ്കിലും ഒരാളുടെ വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. രാഷ്ട്രീയവൈരാഗ്യം ഉള്ളില്‍ വക്കുക, എന്നിട്ട് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുക, കൊലപ്പെടുത്തുക- ഈ രീതി കേരളത്തിലും ബംഗാളിലും ഈ പാര്‍ട്ടി ഏറെ ചെയ്തുകൂട്ടിയിട്ടുണ്ട്. ഷാജനെതിരേ നടന്നത് വധശ്രമം തന്നെയാണ്. അല്ല എന്ന് ഉറപ്പിച്ചുപറയാന്‍ ഒരു പക്ഷേ ആ ഗ്രൂപ്പിന്റെ ഭാഗമായവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ജാവേദ് പര്‍വേശ് പറഞ്ഞു.

ജാവേദ് പര്‍വേശിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഷാജന്‍ സ്‌കറിയക്കെതിരേയുള്ള ആക്രമണം ഏതെങ്കിലും ഒരാളുടെ വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തിലും പുറത്തും കണ്ടു പരിചയമുണ്ട്. ഏതാനും കൊല്ലം മുന്‍പ് നടന്ന സംഭവങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ചാണ് ആക്രമണത്തില്‍ ആഹ്ലാദിക്കുന്നവര്‍ കാരണമായി പറയുന്നത്. ഷാജന്‍ പറയുന്നത് ആ കാലത്ത് മറ്റു മാധ്യമങ്ങളും ഏറ്റക്കുറച്ചിലോടെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ്. മൂന്നോ നാലോ കൊല്ലത്തിന് ശേഷം ഒരാള്‍ പകയോടെ വന്ന് ആക്രമിക്കുന്ന തിയറി സഖാക്കള്‍ക്ക് വിശ്വസിക്കാവുന്നതാണ്.

ടി.പി.ചന്ദ്രശേഖന്‍ കൊല്ലപ്പെട്ടത് വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്ന് സമര്‍ത്ഥിക്കാനായിരുന്നു ഇവരുടെ ആദ്യ ശ്രമം. മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച് ഇതിനെ വര്‍ഗീയമാക്കാന്‍ വരെ ഈ ക്രിമിനലുകള്‍ ശ്രമിച്ചു. ഷാജനെതിരേ നടന്നത് വധശ്രമം തന്നെയാണ്. അല്ല എന്ന് ഉറപ്പിച്ചുപറയാന്‍ ഒരു പക്ഷേ ആ ഗ്രൂപ്പിന്റെ ഭാഗമായവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. കാരണം അവരാണ് അതിലെ പങ്കാളികള്‍ .

പ്രതികള്‍ക്ക് ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടിവന്നിട്ടില്ല. ജാമ്യാപേക്ഷയെ പ്രൊസിക്യുഷന്‍ എതിര്‍ത്തോ എന്നറിയില്ല. എതിര്‍ത്തില്ലെങ്കില്‍ ബാക്കി പൂരിപ്പിച്ചാല്‍ മതി.

രാഷ്ട്രീയവൈരാഗ്യം ഉള്ളില്‍ വക്കുക, എന്നിട്ട് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുക, കൊലപ്പെടുത്തുക- ഈ രീതി കേരളത്തിലും ബംഗാളിലും ഈ പാര്‍ട്ടി ഏറെ ചെയ്തുകൂട്ടിയിട്ടുണ്ട്. രണ്ടു സഹോദരങ്ങളെ കൊന്ന്, അവരുടെ ചോര ചോറില്‍ കുഴച്ച് അമ്മയെ ബലമായി തീറ്റിച്ച സെയിന്‍ബാരി കൊലപാതകത്തില്‍ ഈ കൊടും ക്രിമിനല്‍ പാര്‍ട്ടി പ്രചരിപ്പിക്കാന്‍ നോക്കിയത് എല്ലാം വ്യക്തിവൈരാഗ്യം എന്ന രീതിയിലാണ്. ബംഗാളിലെ പുരുലിയയില്‍ എന്റെ സുഹൃത്തിന്റെ ബന്ധുവായ അനില്‍ മഹാതോയെ സഖാക്കള്‍ കൊന്ന കഥ കേട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് കോട്ടയില്‍ തൃണമൂലിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എങ്ങനെ സഖാക്കള്‍ സഹിക്കും ? അവിടെയും കാരണങ്ങള്‍ പറഞ്ഞത് വ്യക്തിവൈരാഗ്യം എന്നായിരുന്നു.

കേരളം സമ്പൂര്‍ണമായി ഒരു ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ പരാദവര്‍ഗമായ, ബെനിഫിഷറി സിസ്റ്റത്തില്‍ പെട്ടവര്‍ ഇതിനെ വെള്ളപൂശാന്‍ നടക്കുന്നതും ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. സയന്റിഫിക് ഇലക്ഷന്‍ റിഗ്ഗിങ് നടന്ന ബംഗാളിന്റെ അക്കാലത്ത് ഭൂമി പരിഷ്‌കരണത്തിന് അത്യാവശ്യം കള്ളത്തരം വേണമെന്ന് പറഞ്ഞവരുടെ പിന്‍മുറക്കാരാണല്ലോ ഇവര്‍. ഇതില്‍ പെട്ടവരാണ് ഷാജനെ ആക്രമിച്ചതില്‍ സന്തോഷിച്ചു കൊണ്ട്, അത് ശരിയായില്ല എന്ന് പരിഹസിക്കുന്നത്.

ഈ ക്രിമിനല്‍ പാര്‍ട്ടി ഇല്ലാതാകണമെന്നും ഇടത് മൂല്യങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കേരളത്തിലെ ഈ പാര്‍ട്ടിയും അതിന്റെ ആളുകളും ഇടതായി അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. അഞ്ചു പൈസയുടെ വിവരമില്ലാത്ത അണികള്‍ അതിനനുസരിച്ച് ആക്രോശിക്കുകയും ചെയ്യുന്നു. അനധികൃത മണല്‍വാരലുകാരനും പാറമടക്കാരനും മണ്ണടിക്കുന്നവനുമെല്ലാം ലാല്‍ സലാം പറഞ്ഞു നടക്കുകയാണ്.

ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോര. കാരണം ഈ ഭരണത്തില്‍ അവരെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. അല്ലാതെ കേരള പൊലീസ് മോശമായത് കൊണ്ടല്ല. ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത് ഇവന്‍മാരുടെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്. ഭരണത്തിന്റെ ബെനിഫിഷറികളായ കളങ്കിതര്‍ നാളെ ഈ നാടകം കേരളം മുഴുവന്‍ അവതരിപ്പിക്കും. ബംഗാളിലെ സിന്‍ഡിക്കറ്റ് പോലെ ഇവര്‍ പിടിച്ചുപറി നടത്തും. ആയുധങ്ങളുമായി കൊലവിളി പ്രകടനം നടത്തും.

അതോടെ ബംഗാളിന്റെ സ്ഥിതി കേരളത്തിനും വരും.

എത്രയും പെട്ടെന്ന് ഷാജന്‍ സ്‌കറിയ Shajan Skariahകേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടണം. ആക്രമണം നടത്തിയ ക്രിമിനലുകള്‍ മാത്രമല്ല, അതിനു പിന്നില്‍ ചരട് വലിച്ചവര്‍ ഉണ്ടെങ്കില്‍ അവരെയും പുറത്തുകൊണ്ടുവരണം.