കൊച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുമോ? നാളെയാണ് ഇന്ത്യാ-ദക്ഷിണാഫ്രിക്കാ മത്സരം. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അതിഥേയരായ ഇന്ത്യ കപ്പടിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രവചനങ്ങള്‍. ഓസീസിനെ തോല്‍പ്പിച്ച ജമീമ റോഡ്രിഗസാണ് താരം. അതിനിടെ വനിതാ ലോകകപ്പിലെ സെമിയിലെ വിജയ ശേഷം ജമീമ നടത്തിയ പ്രതികരണവും വന്‍ കൈയ്യടി നേടി. വിശ്വാസ വഴിയില്‍ ജമീമ നടത്തിയ പ്രതികരണം വൈറലായി. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.' യേശുവില്ലെങ്കില്‍ ജയം അസാധ്യമായിരുന്നുവെന്ന് പറയുകയായിരുന്നു ജമീമ. ഇന്ത്യയുടെ മതേതര മുഖത്തിന് തെളിവ് കൂടിയായി നവി മുംബൈയിലെ ഗ്രൗണ്ടിലെ താരത്തിന്റെ ഈ പ്രഖ്യാപനം. ഇതിനിടെ ചില എതിര്‍ അഭിപ്രായ പ്രകടനവും നടന്നു. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ അപരാജിത സെഞ്ചുറിയുമായി ടീമിനെ വിജയത്തിലെത്തിച്ചശേഷം സമ്മാനദാനച്ചടങ്ങില്‍ വിജയത്തില്‍ യേശുവിന് നന്ദി പറഞ്ഞ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിനേതാവും നടിയുമായ കസ്തൂരി രംഗത്തു വന്നിരുന്നു.

വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു. ഇത്തരം അഭിപ്രായ പ്രകടനത്തിനിടെ ഒരു രസകരമായ പോസ്റ്റ് ചര്‍ച്ചകളില്‍ എത്തുന്നു. സി രവിചന്ദ്രന്റേതാണ് ഈ പോസ്റ്റ്. നിരീശ്വരവാദീ സമൂഹം ഈ പോസ്റ്റ് ഏറെ ചര്‍ച്ചയാക്കുന്നുണ്ട്. ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ ടീമില്‍ മഹാഭൂരിപക്ഷവും സത്യക്രിസ്താനികളായിരുന്നു. എന്നിട്ടും ഇന്ത്യയ്‌ക്കൊപ്പം യേശു നിന്നുവെന്ന പരിഹാസമാണ് രവിചന്ദ്രന്‍ ചര്‍ച്ചകളിലേക്ക് കൊണ്ടു വരുന്നത്.

സി രവിചന്ദ്രന്റെ പോസ്റ്റ് ചുവടെ

Thank you, JESUS

മഹാഭൂരിപക്ഷം സത്യക്രിസ്ത്യാനികള്‍ അടങ്ങിയ ഒരു ചാമ്പ്യന്‍ ടീമിനെ തേച്ച് ജമീമ റോഡ്രിഗ്യൂസിന് ഒപ്പം നിന്ന ജീസസ്, താങ്കള്‍

ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ജയിക്കുമായിരുന്നില്ല.

Thank you, Jesus.

You stood by Jemimah Rodrigues and derailed a champion team made up mostly of true Christians. Jesus, without You, we would never have won.????

നവി മുംബൈയില്‍ അന്ന് സംഭവിച്ചത്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. വനിതാ ലോകകപ്പില്‍ പരാജയം എന്തെന്നറിയാത്ത കരുത്തരായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തില്‍ 14 ബൗണ്ടറികളോടെ 127 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഐസിസി വനിതാ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ കുതിച്ച രാത്രി ജെമീമ റോഡ്രിഗസിന്റെ റെക്കോര്‍ഡ് സെഞ്ച്വറിയുടെ പേരില്‍ മാത്രമല്ല, തുടര്‍ന്നുള്ള വൈകാരിക ആലിംഗനത്തിന്റെയും പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും.നിറഞ്ഞൊഴുകിയ സ്റ്റേഡിയത്തിന് മുന്നില്‍ നേടിയ ചരിത്ര വിജയത്തിനുശേഷം, ജെമീമയ്ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, അവള്‍ പൊട്ടിക്കരഞ്ഞു. വിജയത്തിന് ശേഷം സ്വന്തം മാതാപിതാക്കള്‍ ഇരിക്കുന്നിടത്തേക്ക് നോക്കി നിറകണണ്ണുകളോടെ, നന്ദിയോടെ അവള്‍ മുട്ടുകുത്തി.

പ്‌ളെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഉടന്‍ തന്നെ ജെമീമ കുടുംബത്തോട് സംസാരിച്ചു. വിജയത്തിന്റെ ആനന്ദത്തില്‍ പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പരിശീലകനായ ഇവാന്‍ റോഡ്രിഗസും മറ്റ് കുടുംബാംഗങ്ങളുംജെമീമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാര പ്രഖ്യാപന പ്രസംഗത്തിനിടെ, ഉത്കണ്ഠ കാരണം താന്‍ എല്ലാ ദിവസവും കരഞ്ഞിരുന്നുവെന്ന് ജെമീമ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്ന് പുറത്തായതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. തന്റെ പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി പറയുന്നെന്നും ജെമീമ പറഞ്ഞു. 'നവി മുംബൈ എനിക്ക് എപ്പോഴും പ്രത്യേകതയുള്ളതാണ്. ഇതിനേക്കാള്‍ മികച്ചതൊന്നും എനിക്ക് പ്രതീക്ഷിക്കാനില്ല. പിന്തുണച്ച, ആര്‍ത്തുവിളിച്ച, വിശ്വസിച്ച, ഓരോ അംഗത്തിനും ഞാന്‍ നന്ദി പറയുന്നു,' ജെമിമ പറഞ്ഞു.' ഞാന്‍ ക്ഷീണിതയാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഓരോ റണ്ണിനും കാണികള്‍ എന്നെ പ്രോത്സാഹിപ്പിച്ചു, അത് എന്നെ ഉത്തേജിപ്പിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി,' അവര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂര്‍ണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്‍കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഈ ടൂറില്‍ ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മല്‍സരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് - നിശ്ചലമായി നില്‍ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.'

ഹര്‍മന്‍പ്രീത് കൗര്‍ ക്രീസില്‍ എത്തിയപ്പോള്‍, ഇരുവരും ചേര്‍ന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചു. പിന്നീട്, ക്ഷീണം തോന്നിയപ്പോള്‍, ജെമീമ തന്റെ സഹതാരങ്ങളില്‍ ശക്തി കണ്ടെത്തി. പ്രത്യേകിച്ച് ദീപ്തി ശര്‍മ, ഓരോ ബോളിനും മുമ്പ് അവളോട് സംസാരിച്ചു, അവളുടെ ശ്രദ്ധയും ശാന്തതയും നിലനിര്‍ത്തി എല്ലാം ഒരു നല്ല പാര്‍ട്ണര്‍ഷിപ്പിനെകുറിച്ചായിരുന്നു. അവസാനം, ഞാന്‍ എന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല.

ദീപ്തി ഓരോ പന്തിലും എന്നോട് സംസാരിച്ചു, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാത്തപ്പോള്‍, എന്റെ സഹതാരങ്ങള്‍ക്ക് എന്നെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഒന്നിനും ക്രെഡിറ്റ് എടുക്കാന്‍ കഴിയില്ല, ഞാന്‍ സ്വന്തമായി ഒന്നും ചെയ്തില്ല. ആള്‍ക്കൂട്ടത്തിലെ ഓരോ അംഗവും പ്രോത്സാഹിപ്പിക്കുകയും, വിശ്വസിക്കുകയും, ഓരോ റണ്ണിനും അവര്‍ ആഹ്ലാദിക്കുകയും ചെയ്തു, അത് എന്നെ ഉത്തേജിപ്പിക്കുകയായിരുന്നു.