വാഷിങ്ടണ്‍: പോണ്‍താരം സ്‌റ്റോമി ഡാനിയേല്‍സ് കേസുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിനെതിരായ ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ ശ്രമിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് യു.എസ് കോടതി വിധിച്ചു. ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്ന കുറ്റങ്ങളാണ് ഡോണള്‍ഡ് ട്രംപിനെതിരെ ചുമത്തിയത്. 41 പേജുള്ള വിധിന്യായമാണ് ജഡ്ജി ജുവാന്‍ മെര്‍ഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ബിസിനസ് റെക്കോഡുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസിലെ നടപടികള്‍ ട്രംപിന് പ്രസിഡന്റ്പദം നിര്‍വഹിക്കുന്നതിന് ഒരു തടസവും സൃഷ്ടിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വിധിന്യായം സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ട്. ഔദ്യോഗിക കാര്യങ്ങളില്‍ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. ഇതിനര്‍ഥം ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ലെന്നും ജഡ്ജി നിരീക്ഷിച്ചു. മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ട്രംപിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും ജഡ്ജി വ്യക്തമാക്കി.

2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ 130,000 ഡോളര്‍ നല്‍കി. തുടര്‍ന്ന് ഈ പണം അഭിഭാഷകന് നല്‍കിയതാണെന്ന് വരുത്താന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോര്‍ഡുകള്‍ ട്രംപ് വ്യാജമായി നിര്‍മിച്ചുവെന്നാണ് കേസ്.

എന്താണ് കേസ്?

2006 ലാണ് കേസിനാസ്പദമായ സംഭവം. സ്റ്റോമി ഡാനിയല്‍സ് എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോര്‍ഡിന് അന്ന് പ്രായം 27 വയസ്. 'ദ അപ്രന്റിസ്' എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് ട്രംപ് സ്റ്റെഫാനിയെ തന്റെ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതയാക്കി. തുടര്‍ന്ന് ഇടയ്ക്കിടെ ട്രംപ് സ്റ്റോമിയെ ഫോണിലൂടെ 'ഹണിബഞ്ച്' എന്ന് വിളിച്ച് ശല്യപ്പെടുത്തി തുടങ്ങി. ആദ്യമൊക്കെ മനസില്ലാ മനസോടെ സ്റ്റെഫാനി കോള്‍ എടുക്കുമായിരുന്നുവെങ്കില്‍ പിന്നീട് പതിയെ കോളുകള്‍ ഒഴിവാക്കി തുടങ്ങി. ട്രംപിന്റേത് വെറും കപട വാഗ്ദാനമായിരുന്നുവെന്ന് സ്റ്റോമി തിരിച്ചറിഞ്ഞിരുന്നു. മെലാനിയ ട്രംപുമായി വിവാഹം കഴിഞ്ഞ് വെറും ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സ്റ്റോമിയുമായുള്ള ട്രംപിന്റെ ബന്ധം.

2011 താന്‍ നേരിട്ട ദുരനുഭവം ലോകത്തോട്് വിളിച്ചറിയിക്കാനായി ഒരു പബ്ലിക്കേഷനുമായി ധാരണയിലെത്തിയെങ്കിലും ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കിള്‍ കോഹന്റെ ഭീഷണി ഭയന്ന് പബ്ലിക്കേഷന്‍ പിന്മാറി. 2016 ലാണ് സ്റ്റോമി ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. 'ഇന്‍ ടച്ച് വീക്ക്ലി' എന്ന മാസികയോടായിരുന്നു വെളിപ്പെടുത്തല്‍. ദ അപ്രന്റീസില്‍ സ്റ്റോമിക്ക് പകരം മറ്റൊരു പോണ്‍ സ്റ്റാര്‍ ജെന്ന ജേംസണെ പങ്കെടുപ്പിച്ചപ്പോള്‍ ട്രംപ് സ്റ്റോമിയെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തി. താനുമായി ബന്ധമുണ്ടായിരുന്ന വിവരം പുറത്ത് പറയാതിരിക്കാന്‍ ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കിള്‍ കോഹന്‍ 1,30,000 ഡോളര്‍ നല്‍കിയ വിവരവും സ്റ്റോമി വെളിപ്പെടുത്തി.

ഈ സമയത്ത് തന്നെ ഒരു ടി.വി ഷോയ്ക്കിടെ അതില്‍ പങ്കെടുക്കാനെത്തിയ നടിയെ കയറിപിടിച്ചത് വിശദീകരിക്കുന്ന ട്രംപിന്റെ വിഡിയോയും പുറത്ത് വന്നത് ട്രംപിന്റെ പ്രതിച്ഛായയ്ക്ക് ഇരട്ടി ആഘാതമായി. 2018 ല്‍ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കുകയായിരുന്ന ട്രംപിന് ഇത് വലിയ തിരിച്ചടിിയായിരുന്നു. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചു. കോഹനും കുറ്റം ഏറ്റ് പറഞ്ഞതോടെ ട്രംപ് പ്രതിരോധത്തിലായി. ഇപ്പോഴും തനിക്കെതിരായ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണ് ചെയ്തത്. ഈ ആരോപണങ്ങളെ അതിജീവിച്ചാണ് ട്രംപ് വിജയിച്ചു കയറിയതും.