ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മരം മുറിക്കാനും, അറ്റകുറ്റപ്പണിക്കും ഉള്ള അപേക്ഷ സുപ്രീം കോടതി അഗീകരിച്ചു. ബേബി ഡാം ബലപ്പെടുത്താന്‍ വേണ്ടി മരം മുറിക്കാനാണ് തമിഴ്‌നാട് അനുമതി തേടിയത്. ഈ വിഷയത്തില്‍, രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതി കേരളത്തോട് നിര്‍ദ്ദശിച്ചു. കേരളത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും പറഞ്ഞു.

അണക്കെട്ടിന് സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ നേരത്തെ തമിഴ്നാട് നല്‍കിയ അപേക്ഷ കേരളം നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മെയ് 14-ന് തമിഴ്നാട് പുതിയ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ 35 ദിവസത്തെ സമയം തങ്ങള്‍ക്ക് ഉണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. തുടര്‍ന്നാണ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ തമിഴ്നാടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മരങ്ങള്‍ മുറിക്കാനുള്ള അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റ പണിക്കുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിര്‍മ്മിക്കാനും ചെലവ് തമിഴ്നാട് വഹിക്കാനുമാണ് നിര്‍ദേശം. ഡോര്‍മിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്നാടിന് അനുവാദം നല്‍കി. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അംഗീകരിക്കണം. ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതിക്കും സുപ്രീം കോടതി വിട്ടു.

ബേബി ഡാം ബലപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിനെ കേരളം എതിര്‍ത്തിരുന്നു. 2021 ല്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വലിയ രാഷ്ട്രീയ വിവാദമായതോടെ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. പുതിയ ഡാം എന്ന ആശയത്തില്‍ തന്നെ കേരളം ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. തമിഴ്‌നാടിന് ആവശ്യമായ ജലവും ഉറപ്പാക്കും. മരം മുറി കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അറിയിക്കും. വന്യജീവി സങ്കേതം ആയതിനാല്‍ ഡാമിലേക്കുള്ള റോഡിന്റെ നിര്‍മാണം പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെ മാത്രമേ നടത്തുകയുള്ളു. ബി എം ബി സി നിലവാരത്തില്‍ റോഡ് നിര്‍മിക്കാന്‍ സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.