- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്ക്കും; ചെക്ക് മടങ്ങിയ കേസ് നിലനില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിയല്ലെന്ന് സുപ്രീം കോടതി; ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടികാട്ടിയുള്ള വിധിയില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞത് ഇങ്ങനെ
20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്ക്കും;
ന്യൂഡല്‍ഹി: ഇരുപതിനായിരം രൂപയ്ക്കു മുകളില്‍ പണമായി കൈമാറിയാല്‍ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കേരള ഹൈക്കോടതിയുടെ പി.സി. ഹരി വേഴ്‌സസ് ഷൈന്‍ വര്‍ഗീസ് കേസില്‍ ജൂണ്‍ 25, 2025-ന് പുറപ്പെടുവിച്ച വിധി തെറ്റാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.
ഹൈക്കോടതി പറഞ്ഞത്...
20000 രൂപയ്ക്കുമേലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുളള ആദായനികുതി നിയമ ത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്എസ് പ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയോ, അക്കൗണ്ട് പേ ചെക്ക് വഴിയോ, ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയോ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ.
നിയമപ്രകാരം തന്നെ നിലനില്പില്ലാത്ത ഒരു ഇടപാടിന്റെ പേരില്‍ നല്‍കുന്ന ചെക്കിന് നിയമപരമായ പരിരക്ഷ നല്‍കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് പരിരക്ഷ നല്‍കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
20,000 രൂപയ്ക്കുമേല്‍ പണമായി നല്‍കിയുള്ള സാമ്പത്തിക ഇടപാടുകള്‍ നിയമപരമല്ലാത്തതിനാല്‍ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. പത്തനംതിട്ട സ്വദേശി പി സി ഹരി നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. പണമായി വാങ്ങിയ ഒമ്പതുലക്ഷം രൂപയുടെ വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഹരിക്ക് ഒരുവര്‍ഷം തടവും തുക തിരിച്ചടയ്ക്കാനും മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. അഡീ. സെഷന്‍സ് കോടതി ഈ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് ഇയാള്‍ നല്‍കിയ ഹര്‍ജിയിലാണ് മുന്‍ ഉത്തരവുകള്‍ റദ്ദാക്കി വെറുതെവിട്ടത്.
ഹരി തുക പണമായി കൈപ്പറ്റിയശേഷം ഈടായി ചെക്ക് നല്‍കിയിരുന്നുവെന്ന് പരാതിക്കാരന്‍ ഷൈന്‍ വര്‍ഗീസ് കോടതിയെ അറിയിച്ചു. എന്നാല്‍, പണം കൈപ്പറ്റിയിട്ടില്ലെന്ന് ഹരി വാദിച്ചു. 20,000 രൂപയ്ക്ക് മുകളില്‍ മറ്റൊരാളില്‍നിന്ന് ഒരു വ്യക്തി വാങ്ങുന്നത് ആദായനികുതി നിയമത്തിലെ 269 എസ്എസ് വകുപ്പുപ്രകാരം നിയമവിരുദ്ധമാണെന്നും നിയമലംഘനത്തിന് പരാതിക്കാരന്‍ പിഴ നല്‍ണമെന്നും വാദിച്ചു. ചെക്ക്, ഡിഡി, ഇപെയ്‌മെന്റുകള്‍ മുഖേന മാത്രമെ ഇത്തരം ഇടപാടുകള്‍ നടത്താനാകൂവെന്നും വാദിച്ചു
സമന്‍സ് അയച്ചെങ്കിലും പണം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് നല്‍കിയ കേസിലാണ് ഹരിയെ ശിക്ഷിച്ചതെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു. എന്നാല്‍, പണം ഷൈന്‍ തന്നിട്ടില്ലെന്ന് നോട്ടീസിനുള്ള മറുപടിയില്‍ പി സി ഹരി വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്രയും തുകയ്ക്കുള്ള ആദായനികുതി അടയ്ക്കുകയോ റിട്ടേണ്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഷൈന്‍ അറിയിച്ചു.
ആരോപിക്കപ്പെടുന്ന പണമിടപാട് നിയമവിരുദ്ധമാണെന്നും നിയമപരമായ കടമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധ ഇടപാടില്‍ കോടതിക്കും ഒന്നും ചെയ്യാനാകില്ല. പരാതിക്കാരന് പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദീകരണം നല്‍കാനാകുന്നില്ലെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി പറഞ്ഞത്...
കേരള ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലല്ല സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനമെടുത്തത്. കേരള ഹൈക്കോടതി വിധിക്കെതിരായ പ്രത്യേകാനുമതി ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കുന്നതേയുള്ളു.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്എസ് പ്രകാരം 20,000 രൂപയ്ക്ക് മേലുള്ള പണമിടപാടുകള്‍ അനുവദിക്കുന്നില്ലെങ്കിലും അത്തരം ഇടപാടുകള്‍ അനധികൃതമോ, റദ്ദായതോ, നടപ്പിലാക്കാന്‍ പറ്റാത്തതോ അല്ല. ഈ നിയമലംഘനം സെക്ഷന്‍ 271D പ്രകാരമുള്ള പിഴയ്ക്ക് മാത്രമേ കാരണമാകൂ എന്നും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് (NI Act) സെക്ഷന്‍ 138 പ്രകാരമുള്ള നടപടികള്‍ക്ക് കടബാധ്യതയെ അസാധുവാക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.