പത്തനംതിട്ട: തിരഞ്ഞെടുപ്പില്‍ സ്വന്തം ഭാര്യ തോറ്റതിന്റെ വിരോധം കാരണം എതിര്‍ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പുളിക്കീഴ് തൈക്കടവില്‍ പുത്തന്‍ ബംഗ്ലാവില്‍ മോഹനന്‍ എന്നു വിളിക്കുന്ന ടി.കെ.കുരുവിള (66) യെ ആണ് അഡീഷണല്‍ ജില്ലാ കോടതി മൂന്ന് ജഡ്ജ് എഫ്. മിനിമോള്‍ ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. കടപ്ര വളഞ്ഞവട്ടം കൊച്ചു തൈക്കടവില്‍ കെ.വി.ശമുവേലാണ് കൊല്ലപ്പെട്ടത്.

2015 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. വയറ്റിലും നെഞ്ചത്തുമായി ശമുവേലിന് പന്ത്രണ്ടിലധികം കുത്തുകളേറ്റു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കടപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും യു.ഡി.എഫ് അനുഭാവിയുമായ പ്രതിക്കെതിരെ ഇടതുപക്ഷ അനുഭാവിയായ ശമുവേലും ഭാര്യയും പ്രചാരണം നടത്തിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുന്‍ ഇലക്ഷനില്‍ സാമുവലിന്റെ ഭാര്യ പ്രതിയുടെ ഭാര്യയെ തോല്‍പ്പിച്ച് പഞ്ചായത്തംഗം ആയിരുന്നു.

പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബിജു രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ പി. രാജീവ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് മല്ലപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിനു വര്‍ഗീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

പിഴത്തുകയില്‍ ഒന്നര ലക്ഷം രൂപ മരണപ്പെട്ട ശമുവേലിന്റെ ഭാര്യക്ക് നല്‍കാനും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ ബിന്നി ഹാജരായി. കോടതി ലെയ്സണ്‍ ഡ്യൂട്ടിയിലുളള സിപിഓ മഹേഷ് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സഹായിയായിരുന്നു.