- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്; ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിക്ക് പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം കഠിന തടവും പിഴയും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത് തലശേരി അതിവേഗ പോക്‌സോ കോടതി; ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി
പാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പത്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇന്നലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയുടെ നിര്‍ണായക വിധി വന്നത്.
തലശേരി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.ടി. ജലജാറാണി ആണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കുറ്റം ചെയ്തതായി കണ്ടെത്തിയതോടെ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ, 376 ബി വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവ് കൂടാതെ 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ, പോക്‌സോ നിയമപ്രകാരം ആദ്യം 20 വര്‍ഷം കഠിന തടവും ഇതിന് ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
കുട്ടി മാതാപിതാക്കളോടും മാതൃസഹോദരിയോടും വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിലും പാനൂര്‍ പോലീസിലും പരാതി നല്‍കുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് പരാതി ലഭിച്ചതെങ്കിലും, ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ നാല് സംഘങ്ങള്‍ മാറിമാറി നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ആദ്യം പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവിധ അന്വേഷണ ഘട്ടങ്ങള്‍ക്ക് ശേഷം ലഭിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി.
ഈ കേസ് അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും, ആദ്യ കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പ്രതിയുടെ ഭാര്യയും മക്കളും അമ്മയും അടക്കം കുടുംബം പ്രതിസന്ധിയിലാണെന്നും, പ്രതിഭാഗം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. അവസാന വാദത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ ശക്തമായ വാദവും തെളിവുകളുമാണ് ഈ വിധിക്ക് പിന്നില്‍. അതിജീവിതയ്ക്ക് നീതി ലഭിച്ചതായി പ്രോസിക്യൂഷന്‍ പ്രതികരിച്ചു. ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി പറഞ്ഞു.




