- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ വ്യവസായ മുരടിപ്പ്; തരൂരിന്റേത് റിയാലിറ്റി അറിയാതെയുള്ള പ്രതികരണം; കയര്‍ - മത്സ്യമേഖലയില്‍ എവിടെയാണ് വ്യവസായം വളര്‍ന്നത്? യാഥാര്‍ഥ്യത്തില്‍ നിന്നും രക്ഷപെടാന്‍ തരൂരിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കയാണ്; ഏന്ത് പശ്ചാത്തലത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് തരൂരിനോടു ചോദിക്കുമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ വ്യവസായ മുരടിപ്പ്; തരൂരിന്റേത് റിയാലിറ്റി അറിയാതെയുള്ള പ്രതികരണം
തിരുവനന്തപുരം: കേരളത്തിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് ലേഖനം എഴുതിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ തള്ളി ദേശീയ കോണ്‍ഗ്രസ് നേതൃത്വവും. തരൂരിന്റെ അഭിപ്രായം തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തുവന്നു. കേരളത്തിലെ വ്യവസായ മേഖലയില്‍ മുരടിപ്പാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ റിയാലിറ്റി അറിയാതെയുള്ള പ്രതികരണമാണ് ശശി തരൂര്‍ നടത്തിയതെന്നും എന്ത് പശ്ചാത്തലത്തിലാണ് അദ്ദേഹം ആ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് ചോദിച്ചുനോക്കാമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ വ്യവസായ മേഖല പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കയര്‍മേഖലയിലും മത്സ്യമേഖലയിലും എവിടെയാണ് വ്യവാസയം വളരുന്നതെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചു. കശുവണ്ടി മേഖലയുടെയും കെ.എസ്.ഡി.പിയുടെയും സ്ഥിതി വളരെ മോശമാണ്. ഈ രണ്ട് മേഖലയിലുമുള്ളവര്‍ പാക്കേജ് ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. നമ്മുടെ നാട്ടിലെ യാഥാര്‍ഥ്യം ഇതായിരിക്കെ രക്ഷപ്പെടാന്‍ വേണ്ടി കേരള സര്‍ക്കാര്‍, ശശി തരൂരിന്റെ പ്രസ്താവനയെ പിടിച്ചിരിക്കുകയാണെന്ന് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശശി തരൂരിന്റൈ പ്രസ്താവനയെ പിടിച്ചിട്ട് കാര്യമില്ല. കേരളത്തിലെ വ്യവസായ മേഖലയില്‍ മുരടിപ്പാണ്. പ്രത്യേകിച്ച് ചെറുകിട-പരമ്പരാഗത വ്യവസായ മേഖലയില്‍. കേരളത്തിലെ കയര്‍ത്തൊഴിലാളിക്കും കശുവണ്ടിത്തൊഴിലാളിക്കും ഇപ്പോള്‍ പണിയും കൂലിയുമുണ്ടോയെന്ന് വ്യവസായമന്ത്രി പറയട്ടെയെന്നും കെ.സി. വേണുഗോപാല്‍ വെല്ലുവിളിച്ചു. ശശി തരൂരിന്റെ പ്രസ്താവനയെ തള്ളി മറ്റ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയുരുന്നു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂര്‍, പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തിയത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2021 ജൂലായ് ഒന്നിനും 2023 ഡിസംബര്‍ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം 254 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. 'രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാന്‍ മൂന്നുദിവസം മതിയാവുമ്പോള്‍ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കില്‍ ആശ്ചര്യകരമായ മാറ്റമാണ്'-തരൂര്‍ വിവരിക്കുന്നു. കേരളത്തില്‍ അനുമതികള്‍ അവിശ്വസനീയ വേഗത്തിലാണ് നല്‍കുന്നതെന്നത് യാഥാര്‍ഥ്യമാണെന്നും തരൂര്‍ സാക്ഷ്യപ്പെടുത്തുന്നു.
അഭിപ്രായം വിവാദമായപ്പോഴും തന്റെ നിലപാടില്‍ ഉറച്ചു നിന്നാണ് തരൂര്‍ പ്രതികരിച്ചത്. മോശം കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നതു പോലെ നല്ല കാര്യങ്ങള്‍ ചെയ്തതാല്‍ അതിനെ അംഗീകരിക്കുമെന്ന് തരൂര്‍ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ വികസന വിഷയങ്ങളെ കാണണം എന്നതാണ് തന്റെ അഭിപ്രായം. ആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യമാണെന്നും തരൂര്‍ പറഞ്ഞു.
അതേസമയം താന്‍ ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും തരൂര്‍ വ്യക്തമാക്കി. കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണമെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ അത്യാവശ്യമാണ്. ഇക്കാര്യം താന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. നേരത്തെ 26ാം സ്ഥാനത്തായിരുന്ന കേരളം 18 മാസങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തായി. ഇതേക്കുറിച്ചാണ് താന്‍ പറഞ്ഞത്. നാളെ അധികാരത്തില്‍ നിന്നും പോയാല്‍ ഇവര്‍ ചുവന്നകൊടി കാണിക്കും. അതുണ്ടാകരുതെന്നാണ് താന്‍ പറഞ്ഞതും.
ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നു ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമാണെന്നാണ് പറയുന്നത്. കേരളത്തിലാണെങ്കില്‍ അത് 236 ദിവസവും. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച മുമ്പ് കേരളത്തില്‍ രണ്ടു മിനിറ്റു കൊണ്ട് കമ്പനി തുടങ്ങാനും. സിംഗിള്‍ വിന്‍ഡോ സംവിധാനം കൊണ്ടുവന്നു. അത് പോസിറ്റീവായ കാര്യമായാണ് കാണുന്നതെന്നും തരൂര്‍ പറഞ്ഞു.
വിദേശകാര്യങ്ങളില്‍ രാജ്യതാല്‍പര്യം നോക്കണം. അതില്‍ രാഷ്ട്രീയ താല്‍പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തില്‍ കേരളം ഒന്നാമതായെങ്കില്‍ കാരണം സിപിഎം നല്‍കിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസില്‍ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം നരേന്ദ്രമോദിയുടെ തരൂരിന്റെ ലേഖനത്തിന്റെ പേരില്‍ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വ്യവസായിക വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന ശശി തരൂര്‍ എം.പിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
'നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?'- സതീശന്‍ ചോദിച്ചു.