- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ചുമത്തിയത് എന്തിന്? ലൈംഗികച്ചുവയുള്ള വാക്ക് എന്താണെന്നും, വീഡിയോയിലെ അശ്ലീല ഭാഗം ഏതാണെന്നും വിശദീകരിക്കാന്‍ കോടതി പറഞ്ഞപ്പോള്‍ ഉത്തരം മുട്ടി പ്രോസിക്യൂഷന്; എഫ്.ഐ.ആര് ഇട്ട് മൂന്നു മണിക്കൂര്‍ 55 മിനിറ്റിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ്; കെ എം ഷാജഹാന് കേസില്‍ പൊലീസിന് തിരിച്ചടിയായത് അനാവശ്യ തിടുക്കം
കെ എം ഷാജഹാന് കേസില്‍ പൊലീസിന് തിരിച്ചടിയായത് അനാവശ്യ തിടുക്കം
കൊച്ചി: സിപിഎം നേതാവിന്റെ പരാതിയില്‍, കെ എം ഷാജഹാന് എതിരെ എടുത്ത സൈബര്‍ അധിക്ഷേപ കേസില്‍, പൊലിസിന് തിരിച്ചടിയായത് അറസ്റ്റ് ചെയ്യാന്‍ കാട്ടിയ അനാവശ്യ തിടുക്കം. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പൊലീസിന് കൃത്യമായ മറുപടി ഉണ്ടായില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ കാരണമാണ് കോടതി പ്രധാനമായും ആരാഞ്ഞത്.
ഷാജഹാനെ അറസ്റ്റ് ചെയ്ത ചെങ്ങമനാട് എസ്.ഐക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയത് ആരാണെന്നും, മൂന്ന് മണിക്കൂര്‍ 55 മിനിറ്റിനുള്ളില്‍ എറണാകുളത്തുനിന്ന് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും കോടതി ചോദിച്ചു. അറസ്റ്റിന് പിന്നില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും, ഇതിനുള്ള SITയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
സിപിഎം നേതാവ് നല്‍കിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജഹാനെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയില്‍ കേസെടുത്തത് ആറുമണിക്ക് ശേഷമാണെന്നും 11 മണിയോടെ അറസ്റ്റുണ്ടായെന്നും കോടതി പറഞ്ഞു. അറസ്റ്റില്‍, ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ഉള്‍പ്പെടുത്തിയതിനെതിരെ കോടതി രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഷാജഹാനെതിരെ ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ചുമത്തിയതാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം. കേസിനാസ്പദമായ ഷാജഹാന്റെ വിഡിയോയില്‍ അശ്ലീല പരാമര്‍ശമുള്ള വാക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്തുതരം അശ്ലീലമാണ് വിഡിയോയിലുള്ളത്. സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട് കെ.ജെ. ഷൈനോട് ചില ചോദ്യങ്ങളല്ലേ വീഡിയോയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ലൈംഗികച്ചുവയുള്ള വാക്ക് എന്താണെന്നും, വീഡിയോയിലെ അശ്ലീല ഭാഗം ഏതാണെന്നും വിശദീകരിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഷാജഹാന്‍ കുറ്റം ആവര്‍ത്തിക്കുന്നതായി പോലീസ് വാദിച്ചെങ്കിലും, വീഡിയോയില്‍ രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നും വ്യക്തിപരമായ പരാമര്‍ശങ്ങളില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. സിപിഎം നേതാവ് നല്‍കിയ ആദ്യ പരാതിയില്‍ നോട്ടീസ് നല്‍കിയിട്ടും ഷാജഹാന്‍ അധിക്ഷേപം തുടര്‍ന്നതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിരുന്നു.
സൈബര്‍ അധിക്ഷേപ കേസില്‍ മാധ്യമ പ്രവര്‍ത്തകനും, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് എറണാകുളം സിജെഎം കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഉപാധികളോടെ ജാമ്യം. അന്വേഷണവുമായി സഹകരിക്കുക, സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക, തെളിവ് നശിപ്പിക്കാതിരിക്കുക എന്നിവയാണ് പ്രധാന ഉപാധികള്‍.
വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷാജഹാന്, അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. റൂറല്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.