- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ഷാജഹാന് നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; വീഡിയോയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തില്‍ വെള്ളം കുടിച്ച് പ്രോസിക്യൂഷന്‍; സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്നും സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഷാജഹാന്
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതി ചേര്‍ത്തത് സത്യമല്ലാത്ത വിവരങ്ങള്‍.
കൊച്ചി: സിപിഎം നേതാവിന്റെ പരാതിയില്‍, കെ എം ഷാജഹാന് എതിരെ എടുത്ത സൈബര്‍ അധിക്ഷേപ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതി ചേര്‍ത്തത് സത്യമല്ലാത്ത വിവരങ്ങള്‍. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദിച്ചത്. എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കോടതി ചോദ്യം ചെയ്തു.
പരാതിക്കാരിയെ പൊതുസമൂഹത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നതിനായി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും നിരന്തരമായി ചെയ്യുന്നു എന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ' പ്രതിക്ക് ആവലാതിക്കാരിയുടെ സ്ത്രീതത്വത്തെ അപമാനിച്ച് ആവലാതിക്കാരിക്ക് മനോവിഷമവും, മാനഹാനിയും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്ത് ആവലാതിക്കാരിയെ പൊതുസമൂഹത്തിന്റെ മുന്നില്‍, ലൈംഗിക ഉദ്ദേശത്തോടെ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെയും അപമാനിക്കുകയും ചെയ്തതിലൂടെ ആവലാതിക്കാരിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കി'...എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള ലൈംഗിക പരാമര്‍ശങ്ങളൊന്നും വിഡിയോയില്‍ ഇല്ലല്ലോ എന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരായുകയായിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പൊലീസിന് കൃത്യമായ മറുപടി ഉണ്ടായില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ കാരണമാണ് കോടതി പ്രധാനമായും ആരാഞ്ഞത്.
ഷാജഹാനെ അറസ്റ്റ് ചെയ്ത ചെങ്ങമനാട് എസ്.ഐക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയത് ആരാണെന്നും, മൂന്ന് മണിക്കൂര്‍ 55 മിനിറ്റിനുള്ളില്‍ എറണാകുളത്തുനിന്ന് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും കോടതി ചോദിച്ചു. അറസ്റ്റിന് പിന്നില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും, ഇതിനുള്ള SITയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
സിപിഎം നേതാവ് നല്‍കിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജഹാനെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയില്‍ കേസെടുത്തത് ആറുമണിക്ക് ശേഷമാണെന്നും 11 മണിയോടെ അറസ്റ്റുണ്ടായെന്നും കോടതി പറഞ്ഞു. അറസ്റ്റില്‍, ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ഉള്‍പ്പെടുത്തിയതിനെതിരെ കോടതി രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഷാജഹാനെതിരെ ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ചുമത്തിയതാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം. കേസിനാസ്പദമായ ഷാജഹാന്റെ വിഡിയോയില്‍ അശ്ലീല പരാമര്‍ശമുള്ള വാക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്തുതരം അശ്ലീലമാണ് വിഡിയോയിലുള്ളത്. സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട് കെ.ജെ. ഷൈനോട് ചില ചോദ്യങ്ങളല്ലേ വീഡിയോയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്ന് ഷാജഹാന്‍
അപവാദ പ്രചാരണക്കേസില്‍ താന്‍ നിരപരാധിയെന്ന് കെ.എം. ഷാജഹാന്‍. എറണാകുളം സിജെഎം കോടതി കേസില്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷാജഹാന്‍. സ്ത്രീ പീഡന കേസുകളില്‍ ഇരകള്‍ക്ക് വേണ്ടി പോരാടിയിട്ടുള്ള ആളാണ് താനെന്ന് ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം ഒരിടത്തും നിലനില്‍ക്കില്ല. അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് ചുമത്തിയതെന്ന് തെളിഞ്ഞു കഴിഞ്ഞു. ഭീഷണിപ്പെടുത്തി വീഴ്ത്താന്‍ കഴിയില്ല. വസ്തുനിഷ്ഠം ആയിട്ടുള്ള തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ. എന്റെ വാദങ്ങള്‍ അംഗീകരിച്ചതില്‍ സന്തോഷമെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈംഗിക ആരോപണ കേസുകളില്‍ നിരന്തരമായി ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ഞാന്‍. വിഎസിനൊപ്പം നില്‍ക്കുമ്പോള്‍, ഐസ്‌ക്രീം പാര്‍ലര്‍, വിതുര കേസ്, കിളിരൂര്‍ തുടങ്ങിയ കേസുകളിലെല്ലാം ഇരകള്‍ക്കുവേണ്ടിയാണ് പോരാടിയത്. ഏറ്റവും അവസാനമായി വേടന്റെ കേസിലും ഇരയ്ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എനിക്കെതിരെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനില്‍ക്കില്ല. പൊതുമണ്ഡലത്തിലും ഇപ്പോള്‍ കോടതിയിലും നിലനില്‍ക്കില്ലെന്ന് തെളിഞ്ഞു' ഷാജഹാന്‍ പറഞ്ഞു.
അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തെയും സമര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടന്നു. ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. 300 ഓളം ഭീഷണി കോളുകള്‍ വന്നിട്ടുണ്ട്. ഒരാളേയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ ഏകദേശം 2000 വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ 25% ഭരണകൂടത്തിലെ പ്രമുഖര്‍ക്കെതിരെയായിരുന്നുവെന്നും ഷാജഹാന്‍ പറഞ്ഞു. ഇതാദ്യമായാണ് തനിക്കെതിരെ ഒരു കേസ് വരുന്നതെന്നും, തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ വീഡിയോകള്‍ ചെയ്തിട്ടുള്ളതെന്നും, ആ രീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.