ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ ആസ്തിയെ ചൊല്ലിയുള്ള കുടുംബപ്പോര് ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ തലത്തിലേക്ക്. സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂര്‍ (കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം മരിക്കുമ്പോള്‍ പ്രിയയായിരുന്നു കൂടെയുണ്ടായിരുന്നത്), തന്റെ ഭര്‍തൃമാതാവ് റാണി കപൂറിനെതിരെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് രംഗത്തെത്തി.

റാണി കപൂര്‍ ഫാമിലി ട്രസ്റ്റ് വഴി തന്റെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു എന്ന റാണി കപൂറിന്റെ ഹര്‍ജിക്ക് മറുപടിയായാണ് പ്രിയയുടെ ഈ നീക്കം. റാണി കപൂര്‍ കോടതിയെ കബളിപ്പിക്കുകയാണെന്നും കേസ് തള്ളിക്കളയണമെന്നും പ്രിയ ആവശ്യപ്പെട്ടു.

റാണി കപൂറിന്റെ വാദങ്ങള്‍

റാണി കപൂര്‍ ഫാമിലി ട്രസ്റ്റ് തന്റെ ആസ്തികള്‍ നിയമവിരുദ്ധമായി കൈക്കലാക്കാന്‍ ഉപയോഗിച്ചുവെന്ന റാണി കപൂറിന്റെ സിവില്‍ സ്യൂട്ടിന് മറുപടിയായി, തന്റെ ഭര്‍തൃമാതാവ് യഥാര്‍ത്ഥത്തില്‍ 'കോടതിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന്' പ്രിയ കപൂര്‍ അവകാശപ്പെട്ടു. ട്രസ്റ്റിനെതിരെയുള്ള കേസ് തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

'ഇന്നലെ കോടതി മധ്യസ്ഥത നിര്‍ദ്ദേശിക്കുകയും പ്രിയയോട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു... എന്നാല്‍ ഇന്ന് അവള്‍ 80 വയസ്സുള്ള ഒരാള്‍ക്കെതിരെ കള്ളസത്യത്തിന് കേസെടുക്കുന്നു,' റാണി കപൂറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.



കോടതിയുടെ നിരീക്ഷണം

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഈ പരസ്യമായ ചെളിവാരി എറിയലില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 'ദൈവം ഈ കുടുംബത്തിന് വലിയ സമ്പത്ത് നല്‍കിയിട്ടുണ്ട്, അത് എല്ലാവരും ആസ്വദിക്കണം' എന്ന് നിരീക്ഷിച്ച കോടതി, വിഷയം മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. റാണി കപൂര്‍, പ്രിയ കപൂര്‍ എന്നിവര്‍ക്കൊപ്പം സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യയും നടിയുമായ കരിഷ്മ കപൂര്‍, മക്കളായ കിയാന്‍, സമൈറ എന്നിവരോടും മധ്യസ്ഥത പരിഗണിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റാണി കപൂറില്‍ നിന്ന് നാലാഴ്ചയ്ക്കകം മറുപടി തേടിക്കൊണ്ട് കോടതി നോട്ടീസ് അയച്ചു.

വിവാദത്തിന്റെ പശ്ചാത്തലം:

മകന്‍ മരിച്ച ദുഃഖത്തിലിരിക്കെ നിര്‍ബന്ധപൂര്‍വ്വം രേഖകളില്‍ ഒപ്പിടുവിച്ചു എന്നും, മകനും മരുമകള്‍ പ്രിയയും ചേര്‍ന്ന് തന്റെ ആസ്തികള്‍ രഹസ്യമായി ട്രസ്റ്റിലേക്ക് മാറ്റിയെന്നുമാണ് റാണി കപൂറിന്റെ ആരോപണം. ട്രസ്റ്റ് പിരിച്ചുവിടണമെന്നും എല്ലാ ആസ്തികളും തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് അനുസരിച്ച്, സോന ഗ്രൂപ്പിന്റെ സ്ഥാപകനും 2015-ല്‍ മരിക്കുകയും ചെയ്ത ഭര്‍ത്താവ് സുരീന്ദര്‍ കപൂറിന്റെ സ്വത്തിന്റെ ഏക ഗുണഭോക്താവ് റാണി കപൂറാണ്. 2017 സെപ്റ്റംബറിലെ പക്ഷാഘാതത്തിന് ശേഷം റാണി കപൂര്‍ തന്റെ മകനെയും മൂന്നാം ഭാര്യ പ്രിയയെയും ശാരീരികമായും വൈകാരികമായും ആശ്രയിച്ചിരുന്നുവെന്നും, ഇത് മുതലെടുത്ത് തന്റെ സമ്മതമില്ലാതെ ആസ്തികള്‍ രഹസ്യമായി ട്രസ്റ്റിലേക്ക് മാറ്റിയെന്നുമാണ് ഹര്‍ജിയിലെ ആരോപണം.



ആരോപണ-പ്രത്യാരോപണങ്ങള്‍

കരിഷ്മ കപൂറിലുള്ള സഞ്ജയിന്റെ മക്കള്‍, പ്രിയ കപൂര്‍ സ്വത്തുക്കളുടെ പട്ടിക മറച്ചുവെക്കുന്നുവെന്നും പിതാവിന്റെ ഒസ്യത്തില്‍ കൃത്രിമം കാണിച്ചുവെന്നും ആരോപിക്കുന്നു. ഡിസംബര്‍ ആദ്യം റാണി കപൂര്‍ പ്രിയക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു - സഞ്ജയ് കപൂറിന് 60 കോടി രൂപ ശമ്പളം ഉണ്ടായിരുന്നിട്ടും 1.7 കോടി രൂപ മാത്രമേ കൈവശമുള്ളൂ എന്ന പ്രിയയുടെ വാദം അവര്‍ ചോദ്യം ചെയ്തു.

നവംബറില്‍ പ്രിയയുടെ അഭിഭാഷകര്‍ കരിഷ്മയുടെ മക്കളെ 'കൂടുതല്‍ ആഗ്രഹിക്കുന്ന സമ്പന്നനായ ഒലിവര്‍ ട്വിസ്റ്റിനോട്' ഉപമിച്ചിരുന്നു. പിതാവിന്റേതെന്ന് പറയപ്പെടുന്ന വില്‍പത്രം പ്രിയ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കരിഷ്മയുടെ മക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.


മരണത്തിലെ ദുരൂഹത

കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ പോളോ കളിക്കിടെയാണ് 53-കാരനായ സഞ്ജയ് കപൂര്‍ മരിച്ചത്. മകന്‍ കൊല ചെയ്യപ്പെട്ടതാണെന്ന് റാണി കപൂര്‍ ആദ്യം ആരോപിച്ചെങ്കിലും, ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.