ഷിരൂര്‍: ദേശീയപാത 66-ലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കേരളത്തില്‍ നിന്നുള്ള മാദ്ധ്യമങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമായി കര്‍ണാടക പൊലീസ്. അതീവ സുരക്ഷാ മേഖലയായതിനാല്‍ പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിക്കരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം. ഡ്രോണ്‍ ഉപയോഗിച്ചാല്‍ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മലയാളികള്‍ അധികമില്ല. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചെത്തിയവരെയും പൊലീസ് ലാത്തിവീശി ഓടിച്ചിരുന്നു. ദുരന്തഭൂമിയിലെത്തിയ മലയാളി രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രായേലിനെ ഷിരൂരിലെത്തിച്ചതിന് പിന്നാലെ അര്‍ജുന്റെ ലോറിയുടമ മനാഫിനെ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന ആരോപണവും ഉരുകയുണ്ടായി.

അതേസമയ രക്ഷാദൗത്യം തുടങ്ങാന്‍ വൈകിയില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. വിദഗ്ധ പരിശോധകള്‍ നടത്തിയിരുന്നുവെന്നും ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം ഒന്‍പതാം നാളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്ന് തന്നെ സോണാര്‍ സിഗ്‌നലും ലഭിച്ചത് നിര്‍ണായകമാണ്. ഇന്ന് ബൂം എക്‌സവേറ്റര്‍ സ്ഥലത്ത് എത്തിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. 60 അടി ആഴത്തില് വരെ ഈ എക്‌സകവേറ്റര്‍ ഉപയോഗിച്ചു പരിശോധിക്കാം എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷയിലാണ്.

അതിനിടെ അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍നിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലും പുറത്തുവരുന്നു. നാഗേഷ് ഗൗഡ എന്നയാളാണ് ഈ വെളിപ്പെടുത്തല്‍ ചാനലുകള്‍ക്ക് മുമ്പില്‍ നടത്തിത്. മനോരമയോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതോടെ അര്‍ജുന്റെ ലോറി പുഴയ്ക്കരികില്‍ മണ്ണിനടിയില്‍ ഉണ്ടാകാം എന്നാ നിഗമനം.

കുന്നില്‍നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടുവെന്നാണ് നാഗേഷ് ഗൗഡ വെളിപ്പെടുത്തുന്നത്. ഇങ്ങനെ വന്ന ടണ്‍ കണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്കു തള്ളിയത്. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടുവെന്നും നാഗേഷ് വെളിപ്പെടുത്തുന്നു.